അറ്റാദായത്തില്‍ 21 ശതമാനം ഇടിവ് രേഖപ്പെടുത്തി വിപ്രോ

നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തിലെ വരുമാനം 16 ശതമാനം ഉയര്‍ന്നു

Update: 2022-07-21 05:45 GMT

നടപ്പുസാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തിലെ അറ്റാദായത്തില്‍ 21 ശതമാനത്തിന്റെ ഇടിവുമായി വിപ്രോ ലിമിറ്റഡ് (Wipro Limited). 2,563.6 കോടി രൂപയാണ് ജൂണ്‍ പാദത്തില്‍ വിപ്രോ രേഖപ്പെടുത്തിയ നികുതിക്ക് ശേഷമുള്ള ലാഭം. മുന്‍വര്‍ഷം ഇതേകാലയളവില്‍ 3,242.6 കോടി രൂപയായിരുന്നു. മുന്‍പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 16.96 ശതമാനത്തിന്റെ ഇടിവും ഇക്കാലയളവില്‍ രേഖപ്പെടുത്തി.

ബംഗളൂരു ആസ്ഥാനമായുള്ള ഐടി സേവന കമ്പനിയുടെ ഏകീകൃത മൊത്തവരുമാനം മുന്‍വര്‍ഷത്തെ കാലയളവിലെ 19,045 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 15.51 ശതമാനം ഉയര്‍ന്ന് 22,001 കോടി രൂപയായി. മുന്‍പാദത്തേക്കാള്‍ വരുമാനം 2.98 ശതമാനം കൂടുതലാണ്.
വിപ്രോയുടെ അട്രിഷന്‍ നിരക്ക് (ജീവനക്കാര്‍ കമ്പനി വിടുന്ന നിരക്ക്) കഴിഞ്ഞ പാദത്തില്‍ 23.3 ശതമാനമായിരുന്നു, മുന്‍ പാദത്തിലെ 23.8 ശതമാനത്തേക്കാള്‍ നേരിയ തോതില്‍ കുറവാണിത്. ജൂണ്‍ പാദത്തില്‍ 10,000-ലധികം പുതുമുഖങ്ങള്‍ ഉള്‍പ്പെടെ 15,446 പേരെയാണ് കമ്പനി പുതുതായി നിയമിച്ചത്.
ഇന്ന് ഓഹരി വിപണിയില്‍ 0.59 ശതമാനം ഉയര്‍ച്ചയോടെ 414.70 രൂപ എന്ന നിലയിലാണ് വിപ്രോ ലിമിറ്റഡ് വ്യാപാരം നടത്തുന്നത്.


Tags:    

Similar News