അഞ്ച് ദിവസത്തിനിടെ ഓഹരി വില ഉയര്‍ന്നത് 25 ശതമാനം, ഈ ഓഹരി പുതിയ ഉയരങ്ങള്‍ താണ്ടുമോ?
ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ മികച്ച പ്രവര്‍ത്തനഫലമാണ് കമ്പനി നേടിയത്
ചൊവ്വാഴ്ച ഒരു ഘട്ടത്തില്‍ ഓഹരി വില 7 ശതമാനം ഉയര്‍ന്നതോടെ വിപണിയില്‍ പുതിയ ഉയരങ്ങള്‍ തൊട്ട് ജെകെ പേപ്പര്‍ ലിമിറ്റഡ്. രാജ്യത്തെ പ്രമുഖ പേപ്പര്‍ നിര്‍മാണ കമ്പനിയായ ജെകെ പേപ്പര്‍ ലിമിറ്റഡ് ചൊവ്വാഴ്ച രാവിലെ 10.10 ന് വ്യാപാരത്തിനിടയിലാണ് ഏഴ് ശതമാനത്തോളം ഉയര്‍ന്ന് 297 രൂപ എന്ന എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തിയത്. പിന്നീട് താഴ്ന്ന ഈ കമ്പനിയുടെ ഓഹരി 283.35 രൂപ (11.35, 15-03--2022) എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. ബിസിനസുകള്‍ മെച്ചപ്പട്ടതോടെ കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ 25 ശതമാനത്തിന്റെ വര്‍ധനവാണ് ജെകെ പേപ്പറിന്റെ ഓഹരി വിലയിലുണ്ടായിരിക്കുന്നത്.
ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോടതികള്‍ എന്നിവ വീണ്ടും തുറന്നതോടെ പേപ്പറിന്റെ ഡിമാന്റ് ഉയര്‍ന്നതാണ് കമ്പനിയുടെ ബിസിനസ് പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തിയത്. നേരത്തെ, 2021 ആഗസ്റ്റ് ഒന്‍പതിലെ 284.80 രൂപയായിരുന്നു ജെകെ പേപ്പറിന്റെ ഏറ്റവും ഉയര്‍ന്ന ഓഹരിവിലയായി ഉണ്ടായിരുന്നത്.
കഴിഞ്ഞ മൂന്ന് മാസങ്ങളില്‍, ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്സ് 2.3 ശതമാനം ഇടിഞ്ഞപ്പോള്‍ ജെകെ പേപ്പറിന്റെ ഓഹരി വില 35 ശതമാനം ഉയര്‍ന്ന് വിപണിയെ മറികടന്നു. കൂടാതെ, ഡിസംബര്‍ പാദത്തില്‍ മികച്ച വരുമാനവും കമ്പനി നേടി. ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ ജെകെ പേപ്പര്‍ വിറ്റുവരവില്‍ 35 ശതമാനം വര്‍ധനവോടെ 1,094 കോടി രൂപയാണ് നേടിയത്. നികുതിക്ക് ശേഷമുള്ള ലാഭം 134 ശതമാനം വര്‍ധിച്ച് 151 കോടി രൂപയുമായി. അതേസമയം, പേപ്പറിന്റെ ഡിമാന്‍ഡ് ഉയരുന്നതോടെ വിപണിയില്‍ ജെകെ പേപ്പറും കൂടുതല്‍ ഉയരങ്ങളിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.