ലോകത്ത് ഈ വര്‍ഷം നടന്ന ഏറ്റവും വലിയ ഐപിഒ; 100 ശതകോടി ഡോളര്‍ ആസ്തിയിലേക്ക് റിവിയന്‍

ഇതോടെ ടെസ്ലയ്ക്ക് പിന്നില്‍ ലോകത്തെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ വാഹന നിര്‍മാണ കമ്പനിയായിരിക്കുകയാണ് റിവിയന്‍ ഓട്ടോമോട്ടിവ്

Update: 2021-11-11 10:00 GMT

ആമസോണ്‍ ഡോട്ട് കോം പിന്തുണക്കുന്ന വൈദ്യുത വാഹന നിര്‍മാണ കമ്പനിയായി  റിവിയന്‍ ഓട്ടോമോട്ടീവ് ചരിത്രം കുറിയ്ക്കുകയാണ്. അമേരിക്കന്‍ ഓഹരി വിപണിയായ നാസ്ഡാകില്‍ കഴിഞ്ഞ ദിവസം പ്രഥമ ഓഹരി വില്‍പ്പനയിലൂടെ റെക്കോര്‍ഡ് തുക സമാഹരിച്ച റിവിയന്‍ 100 ശതകോടി ഡോളര്‍ മൂല്യം കൈവരിച്ചിരിക്കുകയാണ്. 

ടെസ്ലയ്ക്ക് പിന്നില്‍ യുഎസിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളുമായി  മാറി റിവിയന്‍. 1.06 ലക്ഷം കോടി ഡോളറാണ് ടെസ്ലയുടെ മൂല്യം കണക്കാക്കിയിരിക്കുന്നത്. 12 ശതകോടി ഡോളര്‍ സമാഹരിക്കുകയെന്ന ലക്ഷ്യവുമായാണ് റിവിയന്‍ ഓട്ടോമോട്ടിവ് ഐപിഒ നടത്തിയത്.

ഒറ്റദിവസം 53 ശതമാനമാണ് റിവിയന്‍ ഓഹരി വിലയില്‍ ഉണ്ടായത്. 100.73 ഡോളറാണ് കഴിഞ്ഞ ദിവസത്തെ ഓഹരി വില. ഇതോടെ 86.05 ശതകോടി ഡോളര്‍ മൂല്യമുള്ള ജനറല്‍ മോട്ടോഴ്‌സ്, 77.37 ശതകോടി ഡോളര്‍ മൂല്യമുള്ള ഫോര്‍ട്ട് മോട്ടോര്‍ കമ്പനി, 65.96 ശതകോടി ഡോളര്‍ മൂല്യമുള്ള ലൂസിഡ് ഗ്രൂപ്പ് എന്നിവയെയെല്ലാം പിന്നിലാക്കിയിരിക്കുകയാണ് കമ്പനി.
ഈ വർഷത്തെ ലോകത്തെ ഏറ്റവും വലിയ പ്രഥമ ഓഹരി വില്‍പ്പനയുടെ റെക്കോര്‍ഡ് ഇതുവരെ 2019 ല്‍ ഐപിഒ നടത്തിയ സൗദി ആരാംകോ, 2014 ലെ ആലിബാബ ഗ്രൂപ്പ് എന്നിവരാണ് ഉണ്ടായിരുന്നത്.
റിവിയനില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ളത് ആമസോണ്‍ ഡോട്ട് കോമിനാണ്. 20 ശതമാനം. പ്രമുഖ വാഹന നിര്‍മാതാക്കളായ ഫോര്‍ഡിനും ഏകദേശം 10 ശതകോടി ഡോളര്‍ മൂല്യം വരുന്ന നിക്ഷേപം കമ്പനിയിലുണ്ട്.
ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനായാണ് കമ്പനി വിപണിയില്‍ നിന്ന് ഫണ്ട് തേടിയത്. സെപ്തംബറില്‍ ഇലക്ട്രിക് ട്രക്ക് വിപണിയിലിറക്കിയ റിവിയന്‍ എസ് യു വി, ഡെലിവറി വാന്‍ തുടങ്ങിയവ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ്.



Tags:    

Similar News