ജോലിയും ജീവിതവും ബാലൻസ് ചെയ്യാൻ പരിശീലിക്കാം ഈ കാര്യങ്ങൾ
ഫോണ്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍, ഇലക്ട്രോണിക് ഡിവൈസുകള്‍ എന്നിവയുമായി വേര്‍പെട്ടിരിക്കുന്ന സമയങ്ങള്‍ നിങ്ങള്‍ക്കുണ്ടായിരിക്കണം
ജോലിയും ബിസിനസുമെല്ലാം തിരക്കു നിറഞ്ഞ ദിവസങ്ങൾ സമ്മാനിക്കുമ്പോൾ ജീവിതത്തിലെ സമ്മര്‍ദ്ദം പലരും തിരിച്ചറിയാതെ പോകുന്നു. അവര്‍ രോഗികളും അസ്വസ്ഥരുമാകുന്നു. ജീവിതം കുറച്ചുകൂടി ശാന്തമായിരുന്നുവെങ്കിലെന്നാണ് പലരും മനസ്സുകൊണ്ട് ആഗ്രഹിക്കുന്നത്. അതിനായി പ്രത്നിക്കുന്നുമുണ്ട് അവര്‍. എന്നാല്‍ പരിശ്രമങ്ങള്‍ പരാജയപ്പെടുന്നുവെന്നതാണ് സത്യം. പരിശ്രമങ്ങള്‍ തുടരുന്നുണ്ടെങ്കില്‍ ഈ കാര്യങ്ങള്‍ കൂടി വായിക്കൂ, പ്രാവര്‍ത്തികമാക്കൂ.
എഴുതിയിടാം ജീവിതം
സാമ്പത്തിക അച്ചടക്കത്തിന് കണക്കുകള്‍ എഴുതിവയ്ക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അത്പോലെതന്നെയാണ് ആരോഗ്യത്തെക്കുറിച്ചും ചെയ്യേണ്ട ജോലികളെക്കുറിച്ചും കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ചും. നോക്കൂ, നിങ്ങള്‍ എല്ലാത്തരത്തിലും മികച്ച വ്യക്തിയിലേക്ക് പരിണമിക്കാനും ജീവിതം സ്വസ്ഥവും മെച്ചപ്പെട്ടതും ആക്കാനുമാണ് പരിശ്രമിക്കുന്നത്. അതിലേക്കുള്ള പടികള്‍ ആണ് ഇവ മൂന്നും. കാരണം ഇവ മൂന്നും തമ്മിലുള്ള സംയോജനം അഥവാ ഹാര്‍മണി വളരെ പ്രധാനമാണ്.
ആദ്യം തന്നെ സ്വന്തമായി ഒരു ബുക്കോ ഡയറിയോ എന്നും ഉപയോഗിക്കുന്ന മുറിയിലോ ബാഗിലോ സൂക്ഷിക്കുക. ഇത് നിങ്ങളുടെ Daily Journal ആണ്. ചെയ്യേണ്ട ജോലികളും ഉത്തരവാദിത്തങ്ങളും അതില്‍ കുറിക്കുക. എല്ലാദിവസവും ഇത് പാലിക്കാന്‍ കഴിയണമെന്ന് നിര്‍ബന്ധമില്ല. അതിനാല്‍ തന്നെ Priority അഥവാ പരിഗണനാക്രമം നിശ്ചയിക്കണം.
ഭക്ഷണത്തിനും
മറ്റൊന്ന് കഴിക്കുന്ന ഭക്ഷണമാണ്. ഇതിന് എന്തിനാണ് കണക്കെന്ന് ഓര്‍ക്കേണ്ട. കഴിച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍ എഴുതി നോക്കൂ. ഒഴിവാക്കാമായിരുന്ന ആരോഗ്യകരമല്ലാത്തവ നിങ്ങള്‍ ഓരോ ദിവസവും കുറച്ചു നോക്കൂ. ജീവിതം മാറും. മറ്റൊന്ന് താങ്ക്സ് നോട്ട് ആണ്. ഓരോ ദിവസവും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ നന്ദിയോടെ സ്മരിക്കാം. ഇത് നിങ്ങളെ ജീവിതത്തോട് പ്രണയമുള്ളവരാക്കും.
ഉണരുന്നതിലാണ് കാര്യം
രാവിലെ എഴുന്നേല്‍ക്കുന്ന പതിവുള്ളവരാണെങ്കില്‍ രാവിലെ എഴുന്നേല്‍ക്കുന്ന സമയത്തേക്ക് മനസ്സിനെ ശാന്തമാക്കി വയ്ക്കാനുള്ള സമയം പ്രത്യേകം കണ്ടെത്തണം. അതിനൊരു എളുപ്പവഴിയുണ്ട്. നിങ്ങളുടെ മുറിയില്‍ അല്‍പ്പം വെളിച്ചം കൂടുതല്‍ പ്രവേശിക്കുന്നത്പോലെ കര്‍ട്ടനുകള്‍ ക്രമീകരിക്കണം.
ദിവസവും രാവിലെ എഴുന്നേറ്റ ഉടന്‍ കൈകള്‍ മുകളിലേക്ക് ഉയര്‍ത്തി കോര്‍ത്തുപിടിച്ച് സ്ട്രെച്ച് ചെയ്യണം. എന്നിട്ട് ഒരുഗ്ലാസ് പച്ചവെള്ളം കയ്യിലെടുത്ത് മെല്ലെ മെല്ലെ ഇറക്കണം. മുറിയിലെ സാധാരണ താപനിലയില്‍ സൂക്ഷിച്ച വെള്ളം ആയിരിക്കണം. തുടര്‍ന്ന് നമ്മുടെ ടു ഡു ലിസ്റ്റ് എഴുതാം. അതല്ലെങ്കില്‍ ഇഷ്ടമുള്ള മോട്ടിവേഷണല്‍ ഓഡിയോ കേള്‍ക്കാം. പോഡ്കാസ്റ്റുകളും ആകാം. വീഡിയോയ്ക്ക് അഡിക്ഷന്‍ ഉള്ളതിനാല്‍ ഫോണ്‍ കയ്യില്‍ വയ്ക്കാതെ ഓഡിയോ കേള്‍ക്കും വിധം നിലത്തോ നിരപ്പായ പ്രതലത്തിലോ ഇരിക്കാം. മെല്ലെ വ്യായാമം, പ്രഭാത കൃത്യങ്ങള്‍ എന്നിവയിലേക്ക് കടക്കാം.
സദാസമയവും ഫോൺ വേണ്ട
സദാസമയം ഫോണ്‍ കയ്യില്‍ വച്ച് ഉപയോഗിക്കുന്ന ശീലമുള്ളവരെങ്കില്‍ അതിന് സ്വയം നിയന്ത്രണങ്ങള്‍ വയ്ക്കുക. ഫോണ്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍, ഇലക്ട്രോണിക് ഡിവൈസുകള്‍ എന്നിവയുമായി വേര്‍പെട്ടിരിക്കുന്ന സമയങ്ങള്‍ നിങ്ങള്‍ക്കുണ്ടായിരിക്കണം. നമുക്ക് ശ്രമിക്കാം. നാളെ മുതല്‍ 30 മിനിറ്റ്, 40 മിനിറ്റ് എന്നിങ്ങനെ വിവിധ സമയങ്ങള്‍ മൊബൈല്‍ ഇല്ലാതെ പരിശീലിക്കൂ. ഈ സമയം യോഗ, പ്രാര്‍ത്ഥന, വായന, പാട്ടുകേള്‍ക്കല്‍ എന്നിവയ്ക്കെല്ലാം മാറ്റിവയ്ക്കാം.
സ്‌നേഹിക്കാനും വേണം മനസ്സ്
ഓര്‍ക്കുക, ഈ ഭൂമിയില്‍ ആരും തന്നെ നൂറ്റാണ്ടുകളോളം ജീവിച്ചിരിക്കുന്നില്ല. കുടുംബം, കൂട്ടുകാര്‍, പ്രിയപ്പെട്ടവര്‍ എന്നിവരുടെ സാന്നിധ്യം നിങ്ങള്‍ക്ക് അനുഗ്രഹമാണ്. നിങ്ങളറിയാതെ നിങ്ങളുടെ സങ്കടം അലിഞ്ഞ് പോകുന്ന, സമ്മര്‍ദ്ദം ഇല്ലാതെ സന്തോഷം ആഘോഷിക്കപ്പെടുന്ന ബന്ധങ്ങളുണ്ടെങ്കില്‍ അവയോട് എപ്പോഴും കണക്റ്റഡ് ആയിരിക്കുക. ഇന്നല്ലെങ്കില്‍ പിന്നെ എന്ന്. ഇന്ന് ഒരു സമ്മാനം കൊടുക്കാം, കാണാം, മിണ്ടാം, ഒരുമിച്ച് കോഫി കുടിക്കാം. ഇന്നിനെ നുണഞ്ഞാസ്വദിച്ച് തീരുമ്പോള്‍ വരെയാണ് ഓരോ ജീവതവും. നാളെ എന്നത് പ്രതീക്ഷയാണ്. സ്ട്രെസ് കുറയ്ക്കാനും ഈ സ്നേഹം നിങ്ങളറിയാതെ നിങ്ങളെ സഹായിക്കുന്നു.
അവനവനെ കണ്ടെത്താം
മതത്തില്‍ വിശ്വാസമുള്ളവരെങ്കില്‍ പ്രാര്‍ത്ഥന ശീലമാക്കുക. അല്ലാത്തവര്‍ക്കും ധ്യാനം പരിശീലിക്കാവുന്നതാണ്. മെഡിറ്റേഷന്‍ പ്രാക്റ്റീസ് ചെയ്യിപ്പിക്കുന്ന ഓണ്‍ലൈന്‍ ക്ലാസ്സുകളോ യോഗ സെഷനുകളോ കണ്ടെത്താം. അതുമല്ലെങ്കില്‍ യൂട്യൂബ് വീഡിയോ കാണാം. മനസ്സിന്റെ ശാന്തി എന്നാല്‍ നിങ്ങള്‍ക്ക് ഉണര്‍വേകുന്ന ഔഷധമാണെന്ന് ഓരോ ദിവസവും ഓര്‍ക്കൂ.