ക്വാറന്റീന്‍ ടൈം ക്വാളിറ്റി ടൈം; വെറുതെ കളയാനില്ല ദിവസങ്ങളെന്ന് യുവകേരളം

Update:2020-03-23 16:35 IST

കേരളത്തില്‍ ആകെ കോവിഡ് ഭീതിയാണ്. വര്‍ക്ക് ഫ്രം ഹോം എടുത്ത് വീട്ടിലിരിക്കാന്‍ ഭൂരിഭാഗം കമ്പനികളും ആവശ്യപ്പെട്ടതോടു കൂടി ചെറുപ്പക്കാരെല്ലാം വീടുകളിലായി. സെല്‍ഫ് ക്വാറന്റീന്‍ എടുത്ത് വീട്ടില്‍ ഇരിക്കുന്നവര്‍ നിരവധി. വിദ്യാര്‍ത്ഥികളും കുട്ടികളും തുടങ്ങി കുടുംബത്തിലെ 'പിടികിട്ടാപ്പുള്ളികള'ായ യുവജനത മുഴുവന്‍ വീടുകളില്‍ തന്നെയായിരിക്കുകയാണ്. എന്താണ് ഇവര്‍ ഈ ദിവസങ്ങളില്‍ ചെയ്യുന്നത്. വെറുതെ സമയം കളയുകയല്ലെന്ന് കഴിഞ്ഞ ദിവസത്തെ ഡിജിറ്റല്‍, ഡേറ്റ പായ്ക്കുകളുടെ വില്‍പ്പനാ വര്‍ധനവ് ചൂണ്ടിക്കാട്ടുന്നുണ്ട്. ഒപ്പം വൈഫൈ ഡോങ്കിളുകളുടെയും നെറ്റ്ഫ്‌ളിക്‌സിന്റെയും വില്‍പ്പനാ വിവരങ്ങളിലെ ഉയര്‍ച്ചയും. വെറുതെ ടിവിക്ക് മുന്നില്‍ കുത്തിയിരിക്കുകയാണോ ഇവര്‍? ഉല്‍പ്പാദനക്ഷമതയോടെ ക്വാറന്റീന്‍ ദിനങ്ങള്‍ വിജ്ഞാനപ്രദവും ആഹ്ലാദകരവുമാക്കുകയാണ് തങ്ങളെന്ന് ഇവര്‍ പറയുന്നു. ക്വാറന്റീന്‍ ദിനങ്ങളില്‍ കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള യുവാക്കള്‍ ചെയ്യുന്ന വ്യത്യസ്തമായ ചില കാര്യങ്ങളിതാ.

ഓണ്‍ലൈന്‍ ഗ്വിറ്റാര്‍ ക്ലാസ്

പലരും തങ്ങളുടെ ക്വാറന്റീന്‍ ദിനങ്ങള്‍ സ്വന്തം കഴിവുകള്‍ പൊടി തട്ടിയെടുക്കാനും പുതുതായി എന്തെങ്കിലും കഴിവുകള്‍ വളര്‍ത്തിയെടുക്കാനും ഉപയോഗിക്കുകയാണ് ഈ കോവിഡ് കാലത്ത്. ''രാവിലെ നേരത്തെ വര്‍ക്കം ഫ്രം ഹോം തുടങ്ങും, വൈകുന്നേരം മടുപ്പു തോന്നും മുമ്പ് തന്നെ ജോലികള്‍ തീര്‍ത്താല്‍ പതിവ് പോലെ ജിമ്മില്‍ പോകാനാകില്ലല്ലോ അത്‌കൊണ്ട് വളരെ കാലത്തെ ആഗ്രഹമായ ഗ്വിറ്റാര്‍ പഠനം പുനരാരംഭിച്ചു. പണ്ട് കോളെജ് കാലത്ത് ഗ്വിറ്റാര്‍ വായിക്കുമായിരുന്നു. പിന്നീട് ജോലിത്തിരക്കും മറ്റ് കാര്യങ്ങളിലെ തിരക്കൊക്കെയായി വിട്ടു പോയി. ഇപ്പോള്‍ യൂ ട്യൂബിലെ ഫ്രീ ഗ്വിറ്റാര്‍ ടൂട്ടോറിയലുകള്‍ നോക്കി ദിവസവും വൈകിട്ട് ഗ്വിറ്റാര്‍ പഠനമാണ്. സമയമുണ്ടല്ലോ'' കൊച്ചിയിലെ ജംപ് ഫ്രോഗ് വിഡിയോ മേക്കിംഗ് കമ്പനി സ്ഥാപക വര്‍ഷ മേനോന്‍ പറയുന്നു. കോവിഡിനെക്കുറിച്ചുള്ള അനാവശ്യ ഫോര്‍വേഡുകള്‍ കണ്ട് ടെന്‍ഷനടിക്കാതെ ഔദ്യോഗിക പേജുകള്‍ മാത്രം നോക്കുമെന്നും ടെന്‍ഷനില്ലാതിരിക്കാന്‍ അതാണ് നല്ലതെന്നു വര്‍ഷ പറയുന്നു.

യൂട്യൂബില്‍ നിരവധി വെസ്റ്റേണ്‍, ഇന്ത്യന്‍ കലാകാരന്മാരുടെ ക്ലാസ്സുകള്‍ ലഭ്യമാണ്. കൂടാതെ കോഴ്‌സെറ, ഉഡെമി എന്നിവയിലും മികച്ച വാദ്യോപകരണക്ലാസ്സുകളുണ്ട്. നൃത്തം പഠിക്കാനും ഡ്രോയിംഗ് പഠിക്കാനും പെയ്ന്റിംഗിന്റെ വിവിധ ക്ലാസ്സുകളുമെല്ലാം ലഭ്യമാണ്.

എന്റെ ഫോട്ടോഗ്രഫി പരീക്ഷണങ്ങള്‍

ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ബബ്ള്‍ റാപ് സ്റ്റുഡിയോ & നിതിന്‍ നാരായണ്‍ ഫോട്ടോഗ്രഫി' സ്ഥാപകനും ഫാഷന്‍ ഫോട്ടോഗ്രഫറുമായ നിതിന്‍ നാരായണ്‍ പറയുന്നത് വയനാട്ടിലെ വീട്ടില്‍ അടുത്ത കാലത്ത് ആദ്യമായാണ് ഇത്രയും സമയം ചെലവിടുന്നതെന്നാണ്. വീട്ടില്‍ അമ്മയോടൊപ്പം അമ്മയുടെ കഥകളും പാചകവുമെല്ലാം ആസ്വദിക്കുന്ന നിതിന്‍ തന്റെ ഐഫോണ്‍ ഫോട്ടോഗ്രഫിയില്‍ മൈക്രോ മാക്രോ ലെന്‍സുകളും ഗോ പ്രോയും ഓണ്‍ലൈനില്‍ കിട്ടുന്ന ഏറ്റവും മികച്ച ആപ്പുകളുമെല്ലാം ഉപയോഗിച്ച് മനോഹരമായ സോഷ്യല്‍ മീഡിയ സ്‌റ്റോറികള്‍ ഉണ്ടാക്കിയാണ് സമയം ചെലവഴിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലെ തന്റെ ആരാധകരുമായി ഇവ പങ്കുവെയ്ക്കാനും ഈ സമയത്തു കഴിയുന്നു. ഫോട്ടോഗ്രാഫര്‍മാരായ യുവാക്കളോട് ഈ ക്വാറന്റീന്‍ ടൈം വെറുതെ കളയാതെ അല്‍പ്പം ഓണ്‍ലൈന്‍ ടൂട്ടോറിയലുകള്‍ക്കും വ്യത്യസ്തമായ ആപ്ലിക്കേഷനുകളുടെ ഉപയോഗം പഠിക്കാനുമെല്ലാമാണ് നിതിന്‍ പറയുന്നത്. അത്രമാത്രം അവസരങ്ങളാണ് ഡിജിറ്റല്‍ ലോകം തുറന്നു വെച്ചിരിക്കുന്നത്.

ഫോട്ടോഗ്രഫിക്കായി ഉഡെമി, സ്‌കില്‍ഷെയര്‍, ഫാള്‍മൗത്ത് തുടങ്ങി നിരവധി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.

വായന തന്നെ അമൃതം

വായന പലപ്പോഴും പാതിവഴിയിലിഴയുമായിരുന്നു. ഇപ്പോഴത് പൂര്‍ണസ്ഥിതിയിലേക്ക് ശക്തി പ്രാപിച്ചിരിക്കുന്നതായിട്ടാണ് തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ജീവനക്കാരിയായ ഓഷിന്‍ പറയുന്നത്. ഓഷിന്റെ കളക്ഷനില്‍ ധാരാളം പുസ്തകങ്ങള്‍ വായിക്കാന്‍ മുടങ്ങിക്കിടക്കുകയായിരുന്നു. ഇപ്പോള്‍ ഹിറ്റലറുടെ മീന്‍ കാംഫ് ആണ് വായിച്ചു പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്നത്. എറണാകുളം ഇന്‍ഫോപാര്‍ക്ക് ജീവനക്കാരിയായ ആന്‍ പറയുന്നതും ' എത്രയെന്നു വെച്ചിട്ടാ ഈ കൊറോണ വാര്‍ത്തകള്‍കാണുക, കിന്‍ഡില്‍ വീണ്ടും പുതുക്കി. ഇപ്പോള്‍ വായനയോട് വായന' എന്നാണ്. വെറുതെ കളയുന്ന ഈ സമയം പിന്നീടൊരിക്കലും ഇത് പോലെ കയ്യില്‍ വരില്ലല്ലോ എന്നാണ് ഇവരെല്ലാം ചോദിക്കുന്നത്.

ഗെയിം മടുപ്പാണ്

വിഡിയോ ഗെയിമുകള്‍ കണ്ട് സമയം കളഞ്ഞിരിക്കാന്‍ ഇപ്പോള്‍ കഴിയില്ല. ഗെയിമിംഗിനോട് മടുപ്പാണെന്നാണ് കൊച്ചിയിലുള്ള അജിത്തും ജോര്‍ജും പറയുന്നത്. ഇരുവരും കുസാറ്റില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളാണ്. ആദ്യമൊക്കെ വിഡിയോ ഗെയിം കളിച്ചു. ഇപ്പോള്‍ മടുപ്പായിട്ട് ഓണ്‍ലൈന്‍ ടൂള്‍സ് വെച്ച് പുതിയൊരു പ്രോജക്റ്റ് ചെയ്യുകയാണ് ഇരുവരും.

കഴിവുകള്‍ വളര്‍ത്താനും വായിക്കാനും പാട്ടു കേള്‍ക്കാനും മുറി വൃത്തിയാക്കാനും പെയ്ന്റ് ഒക്കെ അടിച്ച് തങ്ങളുടെ പേഴ്‌സണല്‍ സ്‌പേസുകള്‍ മോടി കൂട്ടുന്നവരും നിരവധി. കേരളത്തിലെ യുവജനത പറയുന്നു, ഇത് മടുപ്പിന്റെ കാലമല്ല, പേടിച്ച് ഒന്നും ചെയ്യാതെ കുത്തി ഇരിക്കാനും ഞങ്ങളെക്കൊണ്ടാകില്ല. സമയം വളരെ സൂക്ഷ്മമായി സ്വന്തം കഴിവുകള്‍ വളര്‍ത്താന്‍ ഉപയോഗിക്കാമല്ലോ, അതും വലിയ ചെലവില്ലാതെ!

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News