ഈ ഫിറ്റ്‌നസ് ചാലഞ്ച് പൂര്‍ത്തിയാക്കൂ, ലക്ഷങ്ങള്‍ നേടാം; പ്രഖ്യാപനം നടത്തി നിതിന്‍ കാമത്ത്

ജീവനക്കാരുടെ ആരോഗ്യം വീണ്ടെടുക്കാനുള്ള പ്രോത്സാഹനത്തിനും ബോണസ്;

Update:2022-09-26 16:41 IST

സെറോധ സ്ഥാപകനും (Zerodha) സിഇഓയുമായ നിതിന്‍ കാമത്ത് (Nithin Kamath) അദ്ദേഹത്തിന്റെ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ കൊണ്ട് സദാ ശ്രദ്ധിക്കപ്പെടാറുണ്ട്. നിക്ഷേപകര്‍ക്ക് അദ്ദേഹം നല്‍കുന്ന മുന്നറിയിപ്പുകള്‍ ക്രിപ്‌റ്റോ (Crypto) ലോകത്തെക്കുറിച്ചുള്ളവ ഉള്‍പ്പെടെ ചര്‍ച്ചയായിരുന്നു. ഫിനാന്‍ഷ്യല്‍ ഫിറ്റ്‌നസ് അല്ല, ഇത്തവണ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് ഉള്‍പ്പെടുന്ന ഫിറ്റ്‌നസ് ചാലഞ്ച് ആണ് നിതിന്‍ കാമത്ത് അവതരിപ്പിച്ചത്.

ജീവനക്കാര്‍ക്ക് തങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങളെ മറികടക്കാന്‍ പുതിയ വഴി വെട്ടിത്തുറന്നിരിക്കുകയാണ് നിതിന്‍ കാമത്ത്. ഈ 
ചാലഞ്ച്
 പൂര്‍ത്തിയാക്കുന്നവര്‍ക്ക് നിരവധി ആനൂകൂല്യങ്ങളാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. ഒരു ദിവസം വ്യായാമത്തിലൂടെ 350 കലോറി എരിച്ചുകളയുക എന്നതാണ് ചാലഞ്ച്.
മൂന്നുമാസം വരെ അഥവാ 90 ശതമാനം ദിവസം വരെ ഈ ചാലഞ്ച് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഒരുമാസത്തെ അധിക സാലറി ലഭിക്കും. ബോണസ് ആയി ലഭിക്കുന്ന ഈ തുകയ്ക്ക് പുറമെ ഇതില്‍ നിന്നും ഭാഗ്യവാനെ തെരഞ്ഞെടുത്ത്, പത്ത് ലക്ഷം രൂപയുടെ സമ്മാനവും നല്‍കും. വര്‍ക്ക് ഫ്രം ഹോം സ്ഥിരമായതോടെ ജീവനക്കാരില്‍ പലര്‍ക്കും ജീവിതശൈലീ രോഗങ്ങളും സ്ഥിരമായി. ഈ ബുദ്ധിമുട്ടുകളില്‍ നിന്നും പുറത്തുകടക്കാന്‍ ഇതിലും മികച്ച വഴി സ്വപ്‌നങ്ങളില്‍ മാത്രം.
'എല്ലാവരും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ തുടങ്ങിയതോടെ, സ്ഥിരമായ ഇരിപ്പ് പ്രശ്‌നമായി തുടങ്ങി. ഇത് പുകവലി പോലെ ഒരു ദുശ്ശീലമായി മാറി. ഇതായിരിക്കും അടുത്ത മഹാമാരി.' നിതിന്‍ കാമത്ത് പ്രഖ്യാപനം നടത്തി സമൂഹമാധ്യമത്തില്‍ കുറിച്ച പോസ്റ്റില്‍ പറയുന്നു.
ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ജീവനക്കാര്‍ക്ക് ഇടയില്‍ ഭാരം കുറയ്ക്കുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തില്‍ ഭാരം കുറച്ച് ഫിറ്റ് ആവുന്നവര്‍ക്ക് ഇന്‍സെന്റീവുകളായിരുന്നു കമ്പനിയുടെ ആദ്യ പ്രഖ്യാപനം. ഇത് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഒരു മാസത്തെ വേതനത്തിന്റെ പകുതി ബോണസ് നല്‍കുകയും ചെയ്തിരുന്നു കമ്പനി.


Tags:    

Similar News