ബിസിനസ് നേരെയാക്കാന്‍ 10 വഴികള്‍

എന്ന്, എങ്ങനെ നേരെയാകുമെന്നറിയാത്ത പ്രശ്‌നങ്ങളില്‍ പെട്ടുകിടക്കുന്ന ബിസിനസുകാര്‍ക്ക് നേര്‍വഴിയേകാന്‍ പത്ത് കാര്യങ്ങള്‍

Update:2021-04-04 10:00 IST

ബിസിനസുകാരുടെ ആശയക്കുഴപ്പങ്ങള്‍ തീരുന്നില്ല. ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ എന്നുതീരും? അതെല്ലാം മാറുമ്പോള്‍ നിലവിലെ ബിസിനസിന് തന്നെ പ്രസക്തിയുണ്ടാകുമോ? എന്നുതുടങ്ങി വ്യക്തമായ ഉത്തരം എളുപ്പത്തില്‍ ലഭിക്കാത്ത ചോദ്യങ്ങള്‍ നിരവധിയാണ്. മാത്രമല്ല, ഇക്കാലം വരെ ബിസിനസില്‍ പ്രയോഗിച്ച് ഫലം നേടിയ ഒരു ടെക്‌നിക്കും ഇപ്പോള്‍ പഴയതുപോലെ ഫലിക്കുന്നുമില്ല.

എന്നാല്‍ ചാഞ്ചാട്ടവും അസ്ഥിരതയും സങ്കീര്‍ണതയും അവ്യക്തതയും നിറഞ്ഞുനില്‍ക്കുന്ന ഈ സാഹചര്യത്തിലും ഒട്ടേറെ ബിസിനസുകള്‍ നേര്‍വഴിയിലൂടെ മുന്നോട്ടുപോകുന്നുണ്ട്. അതെങ്ങനെയാണ്? ഇതൊരു അസാധാരണ കാലഘട്ടമാണ്. അസാധാരണമായ കാര്യങ്ങള്‍ ചെയ്താലേ ഇതിനെ മറികടന്ന് മുന്നേറാനും സാധിക്കൂ.

പല സംരംഭകര്‍ക്കും ഇപ്പോള്‍ എന്തുചെയ്യണമെന്ന കാര്യത്തില്‍ പോലും വ്യക്തതയില്ല. അതുകൊണ്ട് കൂടിയാകും മുന്‍പെന്നത്തേക്കാളും കൂടുതലായി പുറമേ നിന്നുള്ള വിദഗ്ധരുടെയും കണ്‍സള്‍ട്ടന്റുമാരുടെയും സേവനം ഇപ്പോള്‍ സംരംഭകര്‍ തേടുന്നുമുണ്ട്. ബിസിനസിന്റെ വിവിധ തലങ്ങളില്‍ സംരംഭകര്‍ യഥാര്‍ത്ഥത്തില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ മറികടന്നതെങ്ങനെയാണെന്ന അന്വേഷണത്തില്‍ നിന്നാണ് ഈ പത്തുകാര്യങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് നിങ്ങള്‍ക്കും ഉപകാരപ്പെടും; ഉറപ്പ്.

1. അതിജീവനം തന്നെയാണ് പ്രധാനം

ഇക്കാലഘട്ടത്തില്‍ അതിജീവനം തന്നെയാണ് പ്രധാനം. ഇക്കാര്യം എല്ലാ സംരംഭകര്‍ക്കും അറിയാം. എങ്ങനെ അതിജീവിക്കും എന്നതാണ് ചോദ്യം. പ്രതിസന്ധികളെ നേരിട്ട് മുന്നോട്ട് പോകുന്ന സംരംഭകരും ബിസിനസ് കണ്‍സള്‍ട്ടന്റുമാരും അതിജീവനത്തിനായി പറയുന്ന കാര്യങ്ങള്‍ ഇതാണ്.

ചെയ്യുന്ന ബിസിനസിനോടോ ബിസിനസ് മോഡലിനോടോ അതിവൈകാരികത വേണ്ട. നഷ്ടം സഹിച്ച് ഒന്നും മുന്നോട്ട് കൊണ്ടുപോകേണ്ടതില്ല. അതിജീവനം തന്നെയാണ് പ്രധാനം. ഏറെ പ്രതീക്ഷയോടെ തുടങ്ങിയ ബിസിനസ് പരാജയപ്പെടുകയാണെന്ന് തോന്നിയാല്‍ അതില്‍ ഏറെ ദുഃഖിക്കാനില്ല. ലോകത്ത് കോവിഡ് കാലത്ത് പരാജയം സംഭവിച്ച ഏക ബിസിനസുകാരനല്ല നിങ്ങള്‍. എന്തുകൊണ്ടാണ് ആ രംഗത്ത് വിജയിക്കാന്‍ പറ്റാത്തതെന്ന കാര്യം മനസ്സിലാക്കി, വഴി മാറി നടക്കാന്‍ തന്റേടം കാണിച്ചാല്‍ മാത്രം മതി.

ഹോസ്പിറ്റാലിറ്റി, എന്റര്‍ടെയ്ന്‍മെന്റ് മേഖലകളില്‍ ഇപ്പോഴും കാര്യങ്ങള്‍ പഴയതുപോലെ ആയിട്ടില്ല. കോവിഡ് വാക്‌സിന്‍ വന്നാലും പഴയതുപോലെയുള്ള ബിസിനസ് മോഡലുകള്‍ക്ക് ഇനി ആ രംഗത്ത് പ്രസക്തിയുണ്ടാകുമോയെന്ന കാര്യവും വ്യക്തമല്ല. ഈ രംഗത്ത് ഒരു വര്‍ഷത്തോളമായി അടഞ്ഞുകിടക്കുന്ന പല സംരംഭങ്ങളും തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍, വന്‍ നിക്ഷേപം ഇനിയും വേണ്ടിവരും. ഇത്തരം സന്ദര്‍ഭങ്ങളില്‍ വൈകാരികമായി തീരുമാനങ്ങളെടുത്ത് മുന്നോട്ടുപോയാല്‍ നഷ്ടങ്ങളിലേക്ക് കൂപ്പുകുത്തുക തന്നെ ചെയ്യും. ''കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം എന്നോട് മാര്‍ഗനിര്‍ദേശം ആരാഞ്ഞ എല്ലാ സംരംഭകരോടും ആദ്യം നിര്‍ദേശിച്ച കാര്യം അതിജീവനം തന്നെയാണ് പ്രധാനം എന്നതാണ്. ഇത് അവരെ പറഞ്ഞു മനസ്സിലാക്കലാണ് ആദ്യ ഘട്ടം,'' ചാര്‍ട്ടേഡ് എക്കൗണ്ടന്റും മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റുമായ ഷാജി വര്‍ഗീസ് പറയുന്നു.

അതിജീവനത്തിനായി സംരംഭകര്‍ സ്വീകരിച്ചതും ഈ രംഗത്തെ കണ്‍സള്‍ട്ടന്റുമാര്‍ നിര്‍ദേശിക്കുന്നതുമായ വഴികളില്‍ നിന്നുള്ള പ്രധാന കാര്യങ്ങള്‍ ഇതൊക്കെയാണ്.

$ ഫിക്‌സഡ് കോസ്റ്റ് പരമാവധി ഏറ്റവും കുറഞ്ഞ തലത്തിലാക്കുക. അതിന് എന്ത് വഴി വേണമെങ്കിലും സ്വീകരിക്കാം.

$ ജീവനക്കാരെ കൂടി വിശ്വാസത്തിലെടുത്ത് ബിസിനസിന്റെ ലാഭക്ഷമത, ജീവനക്കാരുടെ കാര്യക്ഷമത എന്നിവയെല്ലാം ബന്ധിപ്പിച്ചുകൊണ്ടുള്ള സേവന വേതന വ്യവസ്ഥകള്‍ക്ക് രൂപം കൊടുക്കുക.

$ മുന്‍ വര്‍ഷത്തെ വരുമാനമോ വില്‍പ്പനയോ അടിസ്ഥാനമാക്കാതെ, ഇപ്പോഴത്തെ സാഹചര്യത്തെ മാത്രം മുന്നില്‍ കണ്ട് ബജറ്റ് തയ്യാറാക്കുക. ഈ വിപണിയില്‍ നിന്ന് എത്ര വില്‍പ്പന നേടാന്‍ സാധിക്കും, എത്ര ചെലവ് ചെയ്യാന്‍ സാധിക്കും എന്നതൊക്കെ യാഥാര്‍ത്ഥ്യം മുന്നില്‍ കണ്ടുകൊണ്ട് ആസൂത്രണം ചെയ്യുക. അത് നേടിയെടുക്കുക.
2. രണ്ടുവര്‍ഷത്തേക്ക് പുതിയ പ്ലാന്‍
അ്ഞ്ചുവര്‍ഷത്തെ ബിസിനസ് പ്ലാനുമായി മുന്നോട്ട് പോയ സംസ്ഥാനത്തെ പല ബിസിനസുകാരും ഇപ്പോള്‍ ചെയ്തിരിക്കുന്ന ഒരു കാര്യമുണ്ട്. കോവിഡും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഏറ്റവും ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും നിലനില്‍ക്കുമെന്ന കണക്കുകൂട്ടലില്‍ ഇക്കാലഘട്ടത്തിന് വേണ്ട പുതിയ പദ്ധതി തയ്യാറാക്കിയാണ് മുന്നോട്ട് പോകുന്നത്. ''ഒരു പ്രതിസന്ധി വരുമ്പോള്‍, അതുവരെ തലയുയര്‍ത്തി നിന്ന പല വലിയ ബിസിനസുകളും തകര്‍ന്നുപോകുന്നത് ശ്രദ്ധിച്ചിട്ടില്ലേ? പ്രതിസന്ധി ഘട്ടത്തിലും പഴയ ബിസിനസ് മോഡലിനെയും രീതികളെയും മുറുകെ പിടിക്കുന്നതാണ് ഇതിന്റെ ഒരു കാരണം. ഇതുവരെ ചെയ്ത കാര്യങ്ങള്‍ ഇപ്പോള്‍ ഫലിക്കണമെന്നില്ല. മൂന്‍കൂട്ടി ആസൂത്രണം ചെയ്തിരിക്കുന്ന പദ്ധതികള്‍ അതേപടി നടക്കണമെന്നില്ല. അതുകൊണ്ട്, യാഥാര്‍ത്ഥ്യം മനസ്സിലാക്കി അനുയോജ്യമായ തന്ത്രങ്ങള്‍ രൂപപ്പെടുത്തുകയാണ് ഇപ്പോള്‍ വേണ്ടത്,'' റിസള്‍ട്ട്‌സ് കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറും കോണ്‍ട്രാറിയന്‍ കണ്‍സള്‍ട്ടന്റുമായി ടിനി ഫിലിപ്പ് പറയുന്നു.
3. ഒളിച്ചുകളി വേണ്ട, എവിടെയും. വളരാന്‍ പുതിയ വഴി വരും.
കോവിഡ് മൂലമുള്ള പ്രതിസന്ധി ഉരുണ്ടുകൂടിയിട്ട് വര്‍ഷം ഒന്നാകുന്നു. നോട്ട് പിന്‍വലിക്കല്‍, ജി എസ്് ടി നടപ്പാക്കല്‍, രണ്ടുവര്‍ഷങ്ങളിലായുള്ള വെള്ളപ്പൊക്കം തുടങ്ങി പലവിധ കാരണങ്ങള്‍ കൊണ്ട് സംസ്ഥാനത്തെ ബഹുഭൂരിപക്ഷം സംരംഭകരും പ്രശ്‌നങ്ങള്‍ക്ക് നടുവിലായിരുന്നു. കൂനിന്മേല്‍ കുരുവെന്ന പോലെയാണ് കോവിഡും അതിനെ തുടര്‍ന്നുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളും കടന്നുവന്നതും.

ബിസിനസുകളുടെ തൊലിപ്പുറമെയുള്ള ചികിത്സകള്‍ കൊണ്ട് ഇനി മുന്നോട്ട് പോക്ക് അസാധ്യമായിരിക്കും. പല സംരംഭകരും വസ്തുതകള്‍ വേണ്ടപ്പെട്ടവരില്‍ നിന്ന് പോലും മറച്ചുവെച്ച് എല്ലാം നന്നായി പോകുന്നുവെന്ന ധാരണ സൃഷ്ടിക്കാന്‍ ശ്രമിക്കാറുണ്ട്. ഇക്കാലത്തും ഇനിയുള്ള കാലത്തും അത് സ്വീകരിക്കാവുന്ന മാതൃകയല്ല. ബിസിനസുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഏവര്‍ക്കും അവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഒളിച്ചുവെക്കാതെ പറയാന്‍ സംരംഭകര്‍ ശ്രദ്ധിക്കണം.

സംരംഭം മുന്നോട്ട് പോകാന്‍ ജീവനക്കാരുടെ ഭാഗത്തുനിന്ന് വേണ്ട പിന്തുണ ഉറപ്പാക്കുക. പ്രതിസന്ധി മറികടക്കാന്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന പദ്ധതികള്‍ അവരുമായി ചര്‍ച്ച ചെയ്യുക. അത് പരാജയപ്പെട്ടാല്‍ ബിസിനസ് സാരഥിയ്ക്കും ജീവനക്കാര്‍ക്കും സംഭവിക്കാനിടയുള്ള കാര്യങ്ങളെന്തൊക്കെയെന്നും വ്യക്തമായി പറയുക.

ബാങ്ക്്, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുമായും ഒളിച്ചുകളി പാടില്ല. കോവിഡ് കാലത്ത് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമെല്ലാം നല്‍കിയിരുന്ന പല ഇളവുകളും ഇപ്പോഴില്ല. സാധാരണ സംരംഭകരെ സംബന്ധിച്ചിടത്തോളം ഫണ്ടിന് ഇപ്പോഴും ആശ്രയം ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഒക്കെയാണ്. നഷ്ടത്തിലായ സംരംഭത്തെ വീണ്ടും പിന്തുണയ്ക്കാന്‍ ബാങ്കുകള്‍ മുന്നോട്ട് വരില്ല. പക്ഷേ, സംരംഭത്തെ പുനരുജ്ജീവിപ്പിക്കാനുള്ള വ്യക്തമായ പദ്ധതിയുമായാണ് ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും സമീപിക്കുന്നതെങ്കില്‍ പിന്തുണ ലഭിക്കും.

മാറിയ സാഹചര്യത്തില്‍ ബിസിനസിനെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികള്‍ ശാസ്ത്രീയമായ ആവിഷ്‌കരിക്കുക എന്നതാണ് ഇവിടെ പ്രധാനം. കിട്ടാക്കടങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍, നടക്കുമെന്ന് ഉറപ്പുള്ള ബിസിനസ് പ്ലാനുകള്‍ക്ക് മാത്രമേ അംഗീകാരം നല്‍കു. കഴിഞ്ഞ കാലത്ത് സംഭവിച്ച കാര്യങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെട്ടേക്കുമെന്ന തോന്നല്‍ ഉണ്ടായാല്‍പ്പോലും പുനരുജ്ജീവന പദ്ധതികള്‍ ബാങ്കുകള്‍ അംഗീകരിക്കണമെന്നില്ല. ബിസിനസിന്റെ യഥാര്‍ത്ഥ അവസ്ഥയെന്ത്? ഇനി എന്ത് ചെയ്യാന്‍ പോകുന്നു? എങ്ങനെ സാമ്പത്തിക ബാധ്യതകള്‍ കൈകാര്യം ചെയ്യും? എന്നതെല്ലാം ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും ബോധ്യപ്പെടുത്തിയാല്‍ പുനരുജ്ജീവനം സാധ്യമാകും.

അതുപോലെ തന്നെ, സാമ്പത്തിക ഭദ്രതയും വിവിധ രംഗങ്ങളില്‍ അവഗാഹവും ഉള്ളവര്‍ ഒട്ടനേകം പേര്‍ ഇപ്പോള്‍ ബിസിനസുകളില്‍ പങ്കാളികളാകാനും നിക്ഷേപം നടത്താനും താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. സംരംഭത്തിന്റെ നിശ്ചിത ശതമാനം ഓഹരികള്‍ ഇത്തരം നിക്ഷേപകര്‍ക്ക് നല്‍കിയും ബിസിനസുകളെ ഇപ്പോള്‍ വളര്‍ത്താന്‍ സാധിക്കും. പക്ഷേ അതിനും സുതാര്യതയും വ്യക്തമായ പദ്ധതികളും അനിവാര്യമാണ്. 100 ശതമാനം ഓഹരികളും കൈകളില്‍ ഒതുക്കി വെച്ച് ബിസിനസ് നടത്തുന്നതിന്റെ കാലമൊക്കെ മാറുകയാണ്. ബിസിനസിലേക്ക് പുറത്തുനിന്ന് ഒരു പങ്കാളി വന്നാല്‍ അവരുടെ സാമ്പത്തിക സഹായം മാത്രമല്ല, വൈദഗ്ധ്യം കൂടി ഉപയോഗപ്പെടുത്താം. ഈ കോവിഡ് കാലത്ത് ഇത്തരം തന്ത്രപരമായ ചുവടുവെപ്പുകള്‍ നടത്തിയ നിരവധി സംരംഭകര്‍ കേരളത്തിലുണ്ട്.
4. ക്യാഷ് ഫ്‌ളോ ഉറപ്പാക്കാം ഇങ്ങനെ
പണമാണ് ഇപ്പോള്‍ രാജാവ്. അനുകൂലഘടകങ്ങള്‍ എല്ലാം തികഞ്ഞ അന്തരീക്ഷത്തില്‍ ബിസിനസില്‍ സ്വീകരിച്ചിരുന്നതുപോലുള്ള തന്ത്രങ്ങള്‍ ഇപ്പോള്‍ പറ്റില്ല. സംരംഭകന്‍ ഒരു നൂറ് രൂപ ബിസിനസില്‍ ഇട്ടാല്‍ അത് എത്ര ദിവസം കൊണ്ട്, എത്ര രൂപയായി തിരിച്ചെത്തുമെന്ന വ്യക്തമായ കാഴ്ചപ്പാടുമായി വേണം ഇപ്പോള്‍ ബിസിനസ് ചെയ്യാന്‍. ഇപ്പോള്‍ സംരംഭകരുടെ കൈവശമുള്ള പണം കുറവായിരിക്കും. ഈ സാഹചര്യത്തില്‍ പല സംരംഭകരും പല തെറ്റായ തീരുമാനങ്ങളും എടുത്തേക്കാം. അതിലൊന്ന് വില്‍പ്പന കൂട്ടാനുള്ള നീക്കങ്ങളാകും. ഈ സാഹചര്യത്തില്‍ സെയ്ല്‍സിനെ തന്നെ രണ്ടായി തിരിക്കാം. ഇപ്പോള്‍ വേണ്ട സെയ്ല്‍സും, വേണ്ടാത്ത സെയ്ല്‍സും. ബിസിനസില്‍ ഇറക്കുന്ന പണം അതിവേഗം കൈയില്‍ തിരിച്ചെത്താന്‍ സഹായിക്കുന്ന സെയ്ല്‍സാണ് ഇപ്പോള്‍ വേണ്ടത്. 90/100/120 ദിവസം കഴിഞ്ഞ്, വൈകി മാത്രം പണം കൈയിലെത്തുന്ന സെയ്ല്‍സില്‍ ഇപ്പോള്‍ ശ്രദ്ധയൂന്നിയാല്‍ ക്യാഷ് ഫ്‌ളോ പ്രശ്‌നത്തിലാകും. ബിസിനസ് മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റാത്ത വിധമാകും.

ബിസിനസുകാര്‍ അവരുടെ സെയ്ല്‍സ് ചാനലുകള്‍ ഇപ്പോള്‍ സസൂക്ഷ്മം നോക്കുക. ഉദാഹരണത്തിന് ചില ബിസിനസുകാര്‍ക്ക് ഡിസ്ട്രിബ്യൂട്ടര്‍മാരുണ്ടാകും. സ്വന്തമായ ഷോപ്പുകാണും. ചിലപ്പോള്‍ മൊത്തവിതരണവും കാണും. ഇതില്‍ ഏത് മാര്‍ഗത്തിലാണ് കൂടുതല്‍ വേഗത്തില്‍ പണം തിരികെ കിട്ടുന്നതെന്ന് പരിശോധിക്കുക. മൊത്തവിതരണരംഗത്ത് ഉല്‍പ്പന്നം ഒറ്റയടിക്ക് വില്‍ക്കാം. പക്ഷേ പണം തിരിച്ചുകിട്ടുന്നത് 100 ഉം 120ഉം ദിവസം കഴിഞ്ഞാകും. സ്വന്തം ഷോപ്പില്‍ കച്ചവടം വേഗത്തില്‍ നടക്കുന്നുണ്ടാകും. പക്ഷേ അവിടെ വേഗം വിറ്റഴിയുന്നവയുടെ സ്‌റ്റോക്ക് കുറവായിരിക്കും. മൊത്തവിതരണത്തില്‍ ശ്രദ്ധയൂന്നി ഇപ്പോള്‍ മുന്നോട്ട് പോയാല്‍ പണം തിരിച്ചുകിട്ടുന്നതിലെ കാലതാമസം മൂലം അസംസ്‌കൃത വസ്തുക്കള്‍ വാങ്ങാന്‍ പണം കൈയില്‍ കാണില്ല. അതോടെ നിലവിലെ ഓര്‍ഡര്‍ പോലും യഥാസമയം ക്ലോസ് ചെയ്യാന്‍ പറ്റില്ല.

ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ പണം കൈയില്‍ വരാന്‍ സഹായിക്കുന്ന തന്ത്രങ്ങളാണ് ഇപ്പോള്‍ സ്വീകരിക്കേണ്ടത്. പണം നിക്ഷേപിച്ച് പണം ഉണ്ടാക്കാനുള്ള മാര്‍ഗം ബിസിനസുകാര്‍ സ്വീകരിച്ചിരിക്കണം. ''ഉദാഹരണത്തിന്, നിങ്ങളുടെ ഉല്‍പ്പന്നത്തിന്/ സേവനത്തിന് റൊക്കം പണം പെട്ടെന്ന് തരുമെങ്കില്‍ കാഷ് ഡിസ്‌കൗണ്ട് നല്‍കുക. ഇതുവരെ ബിസിനസില്‍ സ്വീകരിച്ച തന്ത്രങ്ങള്‍ തന്നെയല്ലേ ഇപ്പോഴും സ്വീകരിക്കേണ്ടത്? ബിസിനസ് സ്ട്രാറ്റജികളില്‍ സ്ഥിരത വേണ്ടതല്ലേ? എന്നൊക്കെയുള്ള സംശയങ്ങള്‍ കാണും. എന്നാല്‍, നിലവിലെ യഥാര്‍ത്ഥ സാഹചര്യം മനസ്സിലാക്കി വേണം ഇപ്പോള്‍ ബിസിനസ് തീരുമാനങ്ങള്‍ എടുക്കേണ്ടത്. ഏറെ ലാഭകരമായി മുന്നോട്ട് പോകുന്ന ബിസിനസാണെങ്കില്‍, കൈയില്‍ യഥേഷ്ടം പണമുണ്ടെങ്കില്‍ വിപണിയില്‍ നിന്നും 100 ഉം 120 ഉം ദിവസം കഴിഞ്ഞു മാത്രം പണം പിരിഞ്ഞുകിട്ടുന്ന ഏത് സെയ്ല്‍സും ചെയ്യാം. പക്ഷേ ഇപ്പോള്‍ ആ രീതി പാടില്ല. മാര്‍ജിനല്ല പ്രധാനം, വിപണിയില്‍ നിന്നുള്ള പണത്തിന്റെ തിരിച്ചുവരവിന്റെ വേഗതയാണ്.'' ടിനി ഫിലിപ്പ് പറയുന്നു. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ സാഹചര്യം മനസ്സിലാക്കാതെ സെയ്ല്‍സ് കൂട്ടാന്‍ വീണ്ടുവിചാരമില്ലാതെ പ്രവര്‍ത്തിച്ചാല്‍ സ്ഥാപനത്തിന്റെ അടച്ചുപൂട്ടലിനാകും അത് വഴിവെക്കുക എന്ന മുന്നറിയിപ്പാണ് അദ്ദേഹം നല്‍കുന്നത്.
5. വായ്പകളോട് മുഖം തിരിക്കേണ്ട
ഈ ഘട്ടത്തില്‍ ലഭിക്കാനിടയുള്ള എല്ലാ വായ്പകളും അതിന്റെ ചെലവ് പരിഗണിക്കാതെ നേടിയെടുക്കാന്‍ സംരംഭകര്‍ തയ്യാറാകണമെന്നാണ് ചാര്‍ട്ടേര്‍ഡ് എക്കൗണ്ടന്റും മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റുമായ ഷാജി വര്‍ഗീസ് നല്‍കുന്ന ഒരു മാര്‍ഗനിര്‍ദേശം. ''സംരംഭത്തിന് സംബന്ധിച്ചിടത്തോലം കാഷ് ഫ്‌ളോ ഉറപ്പാക്കുക എന്നതാണ് ഇപ്പോള്‍ മുഖ്യഘടകം. പണം അത്യാവശ്യമായ ഘട്ടത്തില്‍ അതിന് വേണ്ടി നടന്നാല്‍ ഒരു പക്ഷേ കിട്ടണമെന്നില്ല. അതുകൊണ്ട് ലഭ്യമായ വായ്പകള്‍ എടുക്കുക. സംരംഭത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുക. ഓരോ ഘട്ടത്തിലും വായ്പക്കായുള്ള അലച്ചില്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും,'' അദ്ദേഹം വിശദീകരിക്കുന്നു.
6. ഉപഭോക്താവ് എവിടെയോ, അവിടെ വേണം സാന്നിധ്യം
ലക്ഷ്യമിടുന്ന ഉപഭോക്താവിന്റെ മനസ്സ് കീഴടക്കലാണ് ഇപ്പോള്‍ പ്രധാനം. കോവിഡ് എല്ലാവരുടെയും വരുമാനത്തെയും ബാധിച്ചിട്ടുണ്ട്. വാങ്ങല്‍ രീതികള്‍ മാറി. എന്നാല്‍ ഇക്കാലത്തും മികച്ച വില്‍പ്പന നേടുന്ന ബിസിനസുകളുണ്ട്. ''ഞങ്ങള്‍ ലക്ഷ്യമിടുന്ന ഉപഭോക്താക്കളുടെ സ്വഭാവ രീതികള്‍ നോക്കിയാണ് മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ക്ക് അന്തിമരൂപം നല്‍കിയത്. ഇന്‍സ്റ്റഗ്രാമിലും ഫേസ് ബുക്കിലും കൃത്യമായി സാന്നിധ്യം ഉറപ്പാക്കുന്നുണ്ട്. ഞങ്ങള്‍ ലക്ഷ്യമിടുന്നവര്‍ അവിടെ കൂടുതല്‍ സമയം ചെലവിടുന്നവരെയാണ്. അതിന്റെ ഫലം കിട്ടുന്നുണ്ട്,'' മലബാറിലെ ഒരു ബിസിനസുകാരന്‍ പറയുന്നു. ബിസിനസ് ഇല്ലെന്ന് പറയുന്നതില്‍ കാര്യമില്ല. ബിസിനസ് നേടിയെടുക്കുന്നതിനാണ് ശ്രമിക്കേണ്ടതെന്ന് ഈ ബിസിനസുകാരന്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഇക്കാലത്ത് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മാത്രമാണ് വഴിയെന്നും ധരിക്കാന്‍ പാടില്ല. കുറഞ്ഞ ചെലവില്‍ കാര്യക്ഷമതയോടെ കൃത്യമായ മാര്‍ക്കറ്റിംഗ് നടത്താന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സഹായകമാകുമെങ്കിലും മുന്നില്‍ കാണുന്ന ഉപഭോക്താവിന്റെ ശീലങ്ങളും രീതികളും പഠിച്ചറിഞ്ഞുള്ള മാര്‍ക്കറ്റിംഗ് രീതിയാണ് വില്‍പ്പനയെ കൂടുതല്‍ സഹായിക്കുക. '' ഇപ്പോഴും സാമൂഹ്യ മാധ്യമങ്ങള്‍ അധികം ശ്രദ്ധിക്കാത്ത, എന്നാല്‍ പത്രങ്ങളും മറ്റു വാരികകളും കൃത്യമായി വായിക്കുന്ന ഒരു വിഭാഗം ഇവിടെയുണ്ട്. അവരെ പോലുള്ള ഉപഭോക്താവിനെ ലക്ഷ്യമിടുന്ന ബിസിനസുകള്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യം നല്‍കിയാല്‍ ഫലം കിട്ടില്ല. അതുകൊണ്ട് ആരെയാണോ ലക്ഷ്യമിടുന്നത്, അവരെവിടെയാണോ നോക്കുന്നത് അവിടെ ബിസിനസുകാരുടെ ഉല്‍പ്പന്നം/സേവനത്തെ കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി നല്‍കിയിരിക്കണം,'' മാര്‍ക്കറ്റിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു പ്രൊഫഷണല്‍ വ്യക്തമാക്കുന്നു.

സെയ്ല്‍സ് ഇല്ലെന്ന് പറയുന്നതില്‍ യാഥാര്‍ത്ഥ്യമില്ലെന്നാണ് AKSH പീപ്പിള്‍ ട്രാന്‍സ്‌ഫോര്‍മേഷന്റെ ചീഫ് എക്‌സിക്യൂട്ടിവ് ജയദേവ് മേനോനും ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയുടെ മൊത്തം ജനസംഖ്യയുടെ അത്രയുമാണ് ഇന്ത്യയിലെ മധ്യവര്‍ഗ ജനങ്ങള്‍. വിപുലമായ ഈ വിപണി മുന്നില്‍ കണ്ടാണ് രാജ്യാന്തര കമ്പനികള്‍ ഇന്ത്യയിലേക്ക് വരുന്നത്. ആ സാഹചര്യത്തില്‍ ഇവിടെയുള്ള കമ്പനികള്‍ക്ക് സെയ്ല്‍സ് ഇല്ല എന്ന് പറയുന്നതില്‍ കഴമ്പില്ല. അദ്ദേഹം വിശദീകരിക്കുന്നു. ''നിങ്ങളുടെ ഉപഭോക്താവിനെ സഹായിക്കാന്‍ നിങ്ങളുടെ ഉല്‍പ്പന്നം/ സേവനമുണ്ട്. അതവര്‍ക്ക് ഗുണം ചെയ്യും എന്ന കാര്യം നിരന്തരം ഓര്‍മ്മിപ്പിക്കുന്ന വിധമായിരിക്കും സെയ്ല്‍സ് - മാര്‍ക്കറ്റിംഗ് രീതികള്‍. ചുരുക്കി പറഞ്ഞാല്‍ നിങ്ങളുടെ ഉപഭോക്താവിനെ നിങ്ങളുമായി ബിസിനസ് ചെയ്യാന്‍ പ്രേരിപ്പിക്കും വിധം അവര്‍ക്ക് മുന്നില്‍ നിറഞ്ഞുനില്‍ക്കുക. ഇക്കാലത്ത് ഒരു കാരണവശാലും സെയ്ല്‍സ് - മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ ചുരുക്കരുത്. വേണ്ടെന്ന് വെയ്ക്കുകയും ചെയ്യരുത്,'' ജയദേവ് മേനോന്‍ ചൂണ്ടിക്കാട്ടുന്നു.
7. സര്‍ക്കാര്‍ വകുപ്പുകളോടും വേണം നിരന്തര ബന്ധം
സംരംഭകര്‍ക്ക് ഒട്ടേറെ സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. പലപ്പോഴും അവ വേണ്ട വിധം സംരംഭകര്‍ ഉപയോഗപ്പെടുത്താറില്ല. ഇക്കാര്യങ്ങളെ കുറിച്ച് അറിയാതെ പോകുന്നതാകാം ഒരു കാരണം. മുന്‍കാലങ്ങളില്‍ വല്ലതുമുണ്ടായ മോശം അനുഭവത്തിന്റെ പേരില്‍ പിന്നീട് ഇത്തരം സഹായങ്ങള്‍ തേടി പോകാത്തവരും ഉണ്ട്. എന്നാല്‍ ഈ നാളുകളില്‍, സര്‍ക്കാര്യമല്ലേ ... മുറ പോലെയേ നടക്കൂ എന്ന മുന്‍വിധിയൊക്കെ മാറ്റി വെച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന സഹായങ്ങളും പിന്തുണകളും പരമാവധി ഉപയോഗപ്പെടുത്തണം.

അതത് മേഖലകളിലെ കണ്‍സള്‍ട്ടന്റുമാര്‍, സംരംഭകത്വ കൂട്ടായ്കള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഇക്കാര്യങ്ങളെ കുറിച്ചുള്ള അവബോധമുണ്ടാക്കാം.
8. വേണം, കൃത്യമായ ബോര്‍ഡ് മീറ്റിംഗ്
ബിസിനസ്സ് നല്ല രീതിയില്‍ നടന്ന കാലത്തേക്കാള്‍ കൃത്യമായ അജണ്ടയോടെ ഈ പ്രതിസന്ധികാലത്ത് ബോര്‍ഡ് മീറ്റിംഗുകള്‍ നടത്തണം. സെയ്ല്‍സ് അവലോകനം ചെയ്യണം. സംരംഭത്തിന്റെ സാമ്പത്തിക ആരോഗ്യം പരിശോധനയ്ക്ക് വിധേയമാക്കണം. ''ഇത് ഏറ്റവും സുപ്രധാനമായ കാര്യമാണ്. ഇപ്പോള്‍ ഇരട്ടി ഗൗരവത്തോടെ വേണം മീറ്റിംഗുകള്‍. ഡയറക്റ്റര്‍ ബോര്‍ഡ് മീറ്റിംഗ് കടലാസില്‍ ഒതുങ്ങുന്ന പരിപാടിയാകരുത്. കൃതമായ അജണ്ട വേണം. അജണ്ടയില്‍ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട, നല്‍കാവുന്ന വിവരങ്ങളെല്ലാം ബോര്‍ഡംഗങ്ങള്‍ക്ക് മുന്‍കൂട്ടി ലഭ്യമാക്കിയിരിക്കണം. മുന്‍ മീറ്റിംഗുകളില്‍ തീരുമാനിച്ച കാര്യങ്ങളുടെ പുരോഗതി വിലയിരുത്തണം. ആസൂത്രണം ചെയ്തതുപോലെയല്ല കാര്യങ്ങളുടെ പുരോഗതിയെങ്കില്‍ അത് എന്തുകൊണ്ട് എന്ന് കണ്ടെത്തണം. ഇത്തരത്തില്‍ സുതാര്യവും ഗൗരവുമായ ചര്‍ച്ചകള്‍ കൃത്യമായ ഇടവേളകളില്‍ നടക്കേണ്ടത് ഇപ്പോള്‍ അത്യാവശ്യമാണ്,'' ഷാജി വര്‍ഗീസ് ചൂണ്ടിക്കാട്ടുന്നു.
9. സംരംഭത്തിലെ പ്രതിഭകളെ വേണ്ട വിധം വിനിയോഗിക്കാം
ടീമിലെ ഓരോ വ്യക്തിയിലും ഇതുവരെ ഉപയോഗപ്പെടുത്താത്ത കഴിവുകള്‍ ഒളിഞ്ഞുകിടക്കുന്നുണ്ടാകും. അത് വേണ്ടവിധം ഉപയോഗിക്കാനുള്ള അവസരം കൂടിയാണിത്. ബിസിനസുകള്‍ കൂടുതല്‍ ഡിജിറ്റലും ഡാറ്റ അധിഷ്ഠിതവുമാകുന്ന ഇക്കാലത്ത് സാങ്കേതിക കാര്യങ്ങളില്‍ അവഗാഹമുള്ള ടീമിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ വേണ്ടവിധം ഉപയോഗിക്കാന്‍ ശ്രമിക്കണം. ''കോവിഡ് കാലത്ത് ഞങ്ങള്‍ വളരെ മികച്ച രീതിയില്‍ ജനങ്ങളിലേക്ക് എത്തി. സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളാണ് ഞങ്ങളെ അതിന് സഹായിച്ചത്. ഞങ്ങളുടെ സ്വന്തം ടീമാണ് അതിന് നേതൃത്വം നല്‍കുന്നത്. ഈ ടീമിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ വിദഗ്ധരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ തേടാറുണ്ടെങ്കിലും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിനുള്ള കാര്യങ്ങളെല്ലാം ഇന്‍ ഹൗസായി തന്നെയാണ് ചെയ്യുന്നത്. ജനങ്ങള്‍ക്ക് കൃത്യമായ അവബോധം നല്‍കുന്ന ഒരു യൂട്യൂബ് ചാനലും ഞങ്ങള്‍ അതിനിടെ ആരംഭിച്ചു. കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെടലിന്റെ കഥയാണ് ഏവരും പറഞ്ഞിരുന്നതെങ്കില്‍ ഞങ്ങള്‍ ടീമിനെ വലുതാക്കുകയാണ് ചെയ്തത്. ബിസിനസും കൂടി. ജനങ്ങളിലേക്ക് കൂടുതലായി ഇറങ്ങി ചെ്ല്ലാന്‍ സാധിച്ചതുകൊണ്ടാണ് ഇതൊക്കെ സാധ്യമായത്,'' വാട്ടര്‍ ട്രീറ്റ്‌മെന്റ് രംഗത്തെ പ്രമുഖ കമ്പനിയായ എച്ച്ടുഒ കെയറിന്റെ മാനേജിംഗ് ഡയറക്റ്റര്‍ ജോര്‍ജ് സ്‌കറിയ പറയുന്നു.

ടീമിന്റെ കഴിവുകള്‍ വളരെ വിദഗ്ധമായി ഉപയോഗിച്ച് ബിസിനസിനെ പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തിയ നിരവധി ഉദാഹരണങ്ങള്‍ പലതുമുണ്ട്.
10 തെറ്റുകള്‍ ആവര്‍ത്തിക്കാതിക്കുക
ബിസിനസ് സാരഥികള്‍ ഇപ്പോള്‍ പ്രശ്‌നങ്ങള്‍ക്ക് നടുവിലാണെങ്കിലും പഴയതുപോലെ തിരക്കുകള്‍ക്ക് നടുവിലാകണമെന്നില്ല. ഇത് ഒരു അവസരമാണ്. പരമാവധി ചെലവ് ചുരുക്കി, കാര്യക്ഷമതയോടെ ബിസിനസ് എങ്ങനെ മുന്നോട്ടുകൊണ്ടുപോകാമെന്നതിന്റെ ആസൂത്രണം നടത്താന്‍ ഇപ്പോള്‍ സമയമുണ്ട്. കോവിഡ് മാറുന്നതോടെ പ്രതിസന്ധികള്‍ മാറില്ല. ബിസിനസിനെ ഉലയ്ക്കുന്ന പ്രശ്‌നങ്ങള്‍ ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടിരിക്കും. അതാണ് ന്യൂ നോര്‍മല്‍. അതുകൊണ്ട് ബിസിനസിനെ ദുര്‍മേദസ്സില്ലാതെ, സാഹചര്യങ്ങളോട് അതിവേഗം ക്രിയാത്മകമായി പ്രതികരിച്ച് മുന്നോട്ട് പോകുന്ന ആര്‍ജ്ജവുമുള്ള പ്രസ്ഥാനമാക്കി നിലനിര്‍ത്താം.

കോവിഡ് എല്ലാം കീഴ്‌മേല്‍ മറിച്ചിട്ടുണ്ട്. ആ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുക. ഒന്നും പഴയതുപോലെ ആകില്ല. എന്നാല്‍ പുതിയ ചില കാര്യങ്ങള്‍ പഴയതിനേക്കാള്‍ ഇരട്ടി വേഗത്തില്‍ മുന്നേറുന്ന ബിസിനസുകളുടെ സൃഷ്ടിക്ക് സഹായകരമാകും. സ്വയം തിരുത്തലിന് ബിസിനസുകാര്‍ സജ്ജരാവുക എന്നതാണ് പ്രധാനം.


Tags:    

Similar News