ഈ ടെക് മാർഗങ്ങൾ സ്വീകരിക്കൂ, ബിസിനസ് വളര്‍ച്ച ഇരട്ടിയാക്കൂ

Update:2019-06-18 08:25 IST

ക്ലൗഡ് ഉപയോഗം

ഇതുവരെ ക്ലൗഡില്‍ ഡാറ്റ സ്റ്റോര്‍ ചെയ്യാന്‍ തുടങ്ങിയിട്ടില്ലേ? നിങ്ങളുടെ സ്വന്തം സെര്‍വറില്‍ ഡാറ്റ സൂക്ഷിക്കുന്നതിലും ഏറെ ചെലവുകുറയ്ക്കാന്‍ ക്ലൗഡില്‍ സൂക്ഷിക്കുന്നതിലൂടെ സാധിക്കും. ചെറുകിട ബിസിനസുകള്‍ക്ക് ക്ലൗഡ് ഒരു അനുഗ്രഹം തന്നെയാണ്.

കാരണം ക്ലൗഡില്‍ വിവരങ്ങള്‍ സൂക്ഷിക്കാന്‍ വലിയ വൈദഗ്ധ്യം ആവശ്യമില്ല. അതുകൊണ്ടുതന്നെ ഐറ്റി ടീമിന്റെ എണ്ണം ഏറെ കുറയ്ക്കാനാകും. ക്ലൗഡ് ഉപയോഗത്തെക്കുറിച്ച് നടന്ന ഒരു സര്‍വേയില്‍ 51 ശതമാനം ചെറുകിട സ്ഥാപനങ്ങളാണ് ക്ലൗഡ് കംപ്യൂട്ടിംഗിലൂടെ തങ്ങളുടെ പ്രകടനം മെച്ചപ്പെട്ടുവെന്ന് സമ്മതിച്ചത്.

ഓണ്‍ലൈനിലൂടെ ഉപഭോക്താവിനെ കേള്‍ക്കുക

വിവിധ ഡിജിറ്റല്‍ സങ്കേതങ്ങളിലൂടെ ഉപഭോക്താവിന്റെ മാറിവരുന്ന അഭിരുചികള്‍ മനസിലാക്കാനാകും. ഉപഭോക്താവിന്റെ പരാതികള്‍ കേട്ട് അതിന് പരിഹാരം നിര്‍ദ്ദേശിക്കാനും ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും സാധിക്കും. ഉപഭോക്താക്കളുടെ ടെസ്റ്റിമോണിയലുകള്‍ വഴി ഫലവത്തായ മാര്‍ക്കറ്റിംഗ് നടത്താനാകും. ഓണ്‍ലൈന്‍ സര്‍വേകള്‍ നടത്താം. മുന്‍കാലങ്ങളില്‍ ഇതൊക്കെ വളരെ ചെലവേറിയതായിരുന്നു.

മൊബീല്‍ ആപ്ലിക്കേഷന്‍സ് സൃഷ്ടിക്കുക

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ലോകത്തെ 49 ശതമാനത്തോളം ബിസിനസുകള്‍ മൊബീല്‍ ആപ്ലിക്കേഷന്‍ മേഖലയിലേക്ക് കടന്നുവരുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. വരും നാളുകളില്‍ ബിസിനസുകള്‍ക്ക് തീര്‍ച്ചയായും ഉണ്ടായിരിക്കേണ്ട ഒന്നായി ഇവ മാറാനുള്ള സാധ്യതയാണുള്ളത്. നിങ്ങളുടെ ബിസിനസിന് മൊബീല്‍ ആപ്ലിക്കേഷന്‍ പ്രത്യക്ഷമായും പരോക്ഷമായും എത്രത്തോളം സഹായകരമാകുമെന്ന് വിശകലനം ചെയ്യുക.

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഉപയോഗപ്പെടുത്തുക

ലോകത്തെ 83 ശതമാനം കമ്പനികള്‍ ഡിജിറ്റല്‍ മീഡിയ മാര്‍ക്കറ്റിംഗ് ശ്രമങ്ങള്‍ തങ്ങളുടെ ബിസിനസ് ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ സഹായിക്കുമെന്ന് വിശ്വസിക്കുന്നു. സോഷ്യല്‍ മീഡിയ, വെബ്‌സൈറ്റ്, ഇ-മെയ്ല്‍ മാര്‍ക്കറ്റിംഗ് എന്നീ മൂന്ന് ഡിജിറ്റല്‍ മീഡിയ മാര്‍ക്കറ്റിംഗ് ചാനലുകളാണ് ലോകത്തെമ്പാടുമുള്ള കമ്പനികള്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത്.

മറ്റു പരമ്പരാഗത മാര്‍ക്കറ്റിംഗ് മാര്‍ഗ്ഗങ്ങള്‍ ചെറുകിട കമ്പനികളെ സംബന്ധിച്ചിടത്തോളം വളരെ ചെലവേറിയതാണ്. എന്നാല്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലൂടെ വളരെ ചെലവു കുറച്ച് ലക്ഷ്യം വെക്കുന്ന ഉപഭോക്താക്കളിലേക്ക് കൂടുതല്‍ കൃത്യതയോടെ എത്താന്‍ സാധിക്കുന്നു. ഇതുവഴി വില്‍പ്പനയും വരുമാനവും കൂട്ടാനാകുന്നു. 2020ഓടെ ലോകത്ത് ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നവരുടെ എണ്ണം രണ്ട് ബില്യണ്‍ ആകുമെന്നാണ് പഠനം. ഇവരെ സ്വാധീനിക്കാന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലൂടെ സാധിക്കും.

പുതുതലമുറ പേയ്‌മെന്റ് മാര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തുക

ഗൂഗിള്‍ പേ, പേ ടിഎം, ആമസോണ്‍ പേ പോലുള്ള ഓണ്‍ലൈന്‍ പേയ്‌മെന്റ് മാര്‍ഗങ്ങള്‍ ഇന്ന് നിരവധി ചെറുകിട സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും നിരവധി സ്ഥാപനങ്ങള്‍ അതിലേക്ക് വരാനുണ്ട്. ഓണ്‍ലൈന്‍ പേയ്‌മെന്റ് സൗകര്യങ്ങള്‍ ഇനിയും ഏര്‍പ്പെടുത്താത്ത സ്ഥാപനങ്ങളെ ഉപഭോക്താക്കള്‍ കാലഹരണപ്പെട്ടതായി കാണുന്ന അവസ്ഥയുണ്ട്. അത് ചെറുകിട സംരംഭങ്ങളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും.

വെബ്‌സൈറ്റ് പ്രയോജനപ്പെടുത്തുക

സോഷ്യല്‍ മീഡിയ യുഗത്തില്‍ പല സ്ഥാപനങ്ങളും തങ്ങളുടെ വെബ്‌സൈറ്റിനെ അവഗണിക്കാറുണ്ട്. നിങ്ങളുടെ വെബ്‌സൈറ്റാണ് ഓണ്‍ലൈന്‍ ലോകത്തെ നിങ്ങളുടെ ബ്രാന്‍ഡ് അംബാസിഡര്‍. വെബ്‌സൈറ്റ് അങ്ങേയറ്റം പ്രയോജനപ്പെടുത്തുന്ന വിധത്തില്‍ പുതിയ ട്രെന്‍ഡുകള്‍ക്കനുസരിച്ച് അതില്‍ മാറ്റങ്ങള്‍ വരുത്തുക.

പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ശരാശരി വ്യക്തിയുടെ 'ഓണ്‍ലൈന്‍ അറ്റന്‍ഷന്‍ സ്പാന്‍' എട്ട് സെക്കന്‍ഡ് ആണത്രെ. അത്രമാത്രം ഉപയോക്തൃസൗഹൃദം ആകണം വെബ്‌സൈറ്റ്. കൂടുതല്‍പ്പേരും സ്മാര്‍ട്ട്‌ഫോണില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരായതിനാല്‍ നിങ്ങളുടെ വെബ്‌സൈറ്റ് മൊബീല്‍ ഫ്രണ്ട്‌ലിയാക്കുക.

Similar News