ബ്രേക്ക് ദി ചെയ്ന്‍ കാമ്പെയ്ന്‍; നിങ്ങളുടെ സ്ഥാപനത്തിലും ചെയ്ന്‍ ബ്രേക്ക് ചെയ്യാന്‍ അറിയേണ്ടതെല്ലാം

Update:2020-03-16 15:15 IST

രാജ്യത്ത് കോവിഡ് 19 ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെന്നപോലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശവുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. 'ബ്രേക്ക് ദി ചെയ്ന്‍ കാമ്പെയ്ന്‍' എന്ന പേരില്‍ സ്ഥാപനങ്ങളിലെ ആളുകള്‍ രോഗപ്രതിരോധത്തിനായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഏറെ ബോധവാന്മാരായിക്കൊണ്ടിരിക്കുകയാണ്. ഈ സമയത്ത് ഓരോരുത്തരും പ്രത്യേകിച്ച് നേതൃനിരയിലുള്ള ഉദ്യോഗസ്ഥര്‍ കൈക്കൊള്ളേണ്ട ചില നടപടികള്‍ പറയാം. ജീവനക്കാര്‍ക്കിടയില്‍ വ്യക്തിശുചിത്വം പാലിക്കേണ്ടതിന്റെ പ്രാധാന്യവും പനിയോ തുമ്മലോ മറ്റുമുണ്ടെങ്കില്‍ വര്‍ക്ക് അറ്റ് ഹോം പോലുള്ളവ നല്‍കാനുള്ള തയ്യാറെടുപ്പുകളും കമ്പനി എച്ച് ആര്‍ ഉദ്യോഗസ്ഥര്‍ കൈക്കൊള്ളേണ്ടതാണെന്ന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ നിര്‍ദേശിക്കുന്നു. ഇതനുസരിച്ച് എന്തെല്ലാമാണ് ഒരു കമ്പനി എച്ച്ആര്‍ വിഭാഗം മേധാവി ഈ സാഹചര്യത്തില്‍ ചെയ്യേണ്ടതായ കാര്യങ്ങള്‍ എന്നു നോക്കാം.

നിങ്ങളുടെ കമ്പനിയില്‍ കൊറോണ വൈറസ് ബാധ പോലുള്ള പകര്‍ച്ച വ്യാധികള്‍ പ്രശ്‌നം സൃഷ്ടിക്കാതിരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളേണ്ടത് എച്ച് ആര്‍ ഉദ്യോഗസ്ഥരുടെ പ്രാഥമിക ഉത്തരവാദിത്തങ്ങളിലൊന്നാണ്. ഇതില്‍ രോഗത്തെക്കുറിച്ചും എടുക്കേണ്ട മുന്‍കരുതലിനെക്കുറിച്ചും പ്രാഥമിക പരിജ്ഞാനം ജീവനക്കാര്‍ക്ക് നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഹ്യൂമന്‍ റിസോഴ്‌സ് വിഭാഗം ജാഗ്രതയുള്ളവരായിരിക്കുക എന്നത് പ്രധാനമാണ്.

ജീവനക്കാര്‍ക്ക് രോഗത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. നല്‍കുന്ന നിര്‍ദേശങ്ങള്‍ വസ്തുനിഷ്ടവും ആധികാരികവും ആയിരിക്കാന്‍ ശ്രദ്ധിക്കുക.

എന്തൊക്കെ നിര്‍ദേശങ്ങള്‍ നല്‍കണം?

  • വലിയ കമ്പനികളില്‍ ആണെങ്കില്‍ ഓരോ ജീവനക്കാരന്റെയും സുരക്ഷിതത്വത്തില്‍ കമ്പനിക്ക് പൂര്‍ണമായും ഇടപെടാന്‍ കഴിയണമെന്നില്ല. എന്നിരുന്നാലും ഓരോ ശാഖകളിലെയും ക്രൈസിസ് മാനേജ്‌മെന്റ് വിഭാഗത്തോട് ഇക്കാര്യം വ്യക്തമായി പറഞ്ഞു മനസ്സിലാക്കാന്‍ എച്ച് ആര്‍ മേധാവി പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതാണ്.

  • ജോലി സ്ഥലത്തെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കേണ്ടതാണ്. ഡെസ്‌ക്, കീ ബോര്‍ഡ് , മൗസ് തുടങ്ങി ജീവനക്കാരുമായി നേരിട്ടു സമ്പര്‍ക്കം വരുന്ന വസ്തുക്കളെല്ലാം തന്നെ അതീവ സുരക്ഷ വേണ്ട സൂക്ഷ്മമായ ചില കാര്യങ്ങളാണ്. അതിനാല്‍ തന്നെ ഇവ വൃത്തിയോടെ സൂക്ഷിക്കേണ്ടതിന്റെ അനിവാര്യത മനസ്സിലാക്കി കൃത്യമായി നിര്‍ദേശങ്ങള്‍ നല്‍കേണ്ടതാണ്.
  • ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉപയോഗിക്കാനും തുമ്മുമ്പോഴും ചുമയ്ക്കുമ്പോളും ഹാന്‍ഡ്കര്‍ചീഫ് ഉപയോഗിക്കാനും നിര്‍ദേശം നല്‍കേണ്ടതാണ്. കൂടാതെ ഇടയ്ക്കിടയ്ക്ക് കൈകള്‍ കഴുകാനും കണ്ണുകളില്‍ സ്പര്‍ശിക്കുന്നത് കുറയക്കാനും നിര്‍ദേശം നല്‍കണം.

  • സെമിനാറുകള്‍, പൊതു ചടങ്ങുകള്‍, യാത്രകള്‍ എന്നിവ ഒഴിവാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കണം.

  • ഒഴിവാക്കാനാകാത്ത യാത്രകള്‍ ചെയ്യേണ്ട സാഹചര്യത്തില്‍ പ്രായമായവരെയോ, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവരെയൊക്കെ ചുമതലയില്‍ നിന്നും ഒഴിവാക്കാം.

  • ചൈന കൂടാതെ സൗത്ത് കൊറിയ, ഇറ്റലി, ഇറാന്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഹൈ റിസ്‌ക് ആയി കണക്കാക്കിയിരിക്കുന്നതിനാല്‍ ഇവിടങ്ങളില്‍ നിന്നുള്ള പാഴ്‌സലുകള്‍ പൊട്ടിക്കാതെ ഇരിക്കാനും നിര്‍ദേശം നല്‍കേണ്ടതാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News