ഈ സമയത്ത് സംരംഭകര്‍ കൃത്യമായി ചെയ്തിരിക്കണം ചില കാര്യങ്ങള്‍; ചെക്ക് ലിസ്റ്റ് ഇതാ
വരവ് ഒന്നുമില്ലാതെ ചെലവുകള്‍ മാത്രമുള്ള കാലത്തിലൂടെയാണ് പല സംരംഭകരും കടന്നുപോകുന്നത്. എന്നാല്‍ ഇപ്പോള്‍ തന്നെ ചില കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ കടത്തില്‍ വീണു പോകും. വായിക്കാം.
വരവൊന്നുമില്ലാതെ സെയ്ല്‍സ് താഴേക്ക് പോയി, നിര്‍മാണം നിലച്ച് പല പ്രതിസന്ധിയിലൂടെയുമാണ് സംരംഭകര്‍ കടന്നുപോകുന്നത്. കോവിഡ് കാലം ചെറുകിട ഇടത്തരം സംരംഭകര്‍ സ്വയം പരിഷ്‌കരണത്തിനുള്ള കാലമായി കണക്കാക്കുക എന്നതാണ് പ്രായോഗിക നടപടി. എങ്കില്‍ മാത്രമേ ഇനി നിലനില്‍പ്പുള്ളു. ഇപ്പോള്‍ ചെയ്യാന്‍ കഴിയുന്നത് നിങ്ങളുടെ സംരംഭത്തെ ഫ്യൂച്ചര്‍ റെഡിയാക്കുക എന്നതാണ്. പ്രതിസന്ധികളുടെ കാലത്ത് അതിജീവനത്തിനായി ചില മാര്‍ഗങ്ങളുണ്ട്. ഇതാ ഈ ചെക്ക് ലിസ്റ്റ് അതിനു നിങ്ങളെ സഹായിക്കും.
1. മൂലധന, പ്രവര്‍ത്തന മൂലധനപര്യാപ്തയെ കുറിച്ച് ശരിയായ അവബോധം ഉണ്ടായിരിക്കുക.
2. കാഷ് ഫ്ളോയുടെ പ്രാധാന്യം മനസിലാക്കുക
3. മൂലധനമായാലും വായ്പയായാലും കാര്യക്ഷമതയോടെ ഉപയോഗിക്കാന്‍ പഠിക്കുക.
4. സംരംഭത്തിന്റെ ട്രേഡ് കോണ്‍ട്രാക്റ്റുകള്‍, ട്രേഡ് പോളിസികള്‍ പുനഃരവലോകനം ചെയ്യുക.
5. വ്യക്തിഗത ചെലവും ബിസിനസ് ചെലവും പ്രത്യേകമായി വെയ്ക്കാന്‍ ശ്രദ്ധിക്കുക.
6. ഒഴിച്ചുകൂടാനാവാത്ത ബിസിനസ് ആവശ്യങ്ങള്‍ക്കല്ലാതെ ഭൂമി - വസ്തു ഇടപാടുകള്‍ നടത്താതെ ഇരിക്കുക.
7. അനിയന്ത്രിതമായി കടം കൊടുത്ത് സെയ്ല്‍സ് വര്‍ധിപ്പിക്കാതെ ഇരിക്കുക.
8. ക്രെഡിറ്റ് സെയ്ല്‍സ് നടത്തേണ്ടി വന്നാല്‍ ഉപഭോക്താവിന്റെ / ഗുണഭോക്താവിന്റെ നിലവിലെ ധനസ്ഥിതിയെ കുറിച്ച് വിശ്വാസയോഗ്യമായ വിവരങ്ങള്‍ ശേഖരിക്കുക.
9. ലാഭത്തോത് അല്‍പ്പം കുറഞ്ഞാലും കാഷ് സെയ്ല്‍സ് പ്രോത്സാഹിപ്പിക്കുക.
10. കാഷ് ഡിസ്‌കൗണ്ട് ആകര്‍ഷണീയമാക്കുക.
11. കരാറുകള്‍ ലംഘിക്കാതിരിക്കുക.
12. ടാക്സ്, വൈദ്യുതി ചാര്‍ജ്, വെള്ളക്കരം മുതലായ നിര്‍ബന്ധമായി അടക്കേണ്ട കാര്യങ്ങളിലും ബാങ്ക് ഇടപാടുകളിലും രേഖകളിലും സുതാര്യതയും സത്യസന്ധതയും പുലര്‍ത്തുക.
13. ശ്രദ്ധക്കുറവുകൊണ്ടോ അന്തിമ തിയതികള്‍ ഗൗരവമായി എടുക്കാത്തതുകൊണ്ടോ വരുന്ന പലിശ, പിഴപ്പലിശ എന്നിവ ഒഴിവാക്കാന്‍ ശ്രമിക്കുക.
14. കോവിഡ് ഏല്‍പ്പിച്ച പ്രതിസന്ധിയെ മറികടക്കുക എന്നതിലുപരിയായി ഈ സന്ദര്‍ഭം സംരംഭത്തെ സാങ്കേതികമായും ഉല്‍പ്പാദനപരവുമായും വളരാനുള്ള അവസരമാക്കി മാറ്റുക.
(സെഞ്ചൂറിയന്‍ ഫിന്‍ടെക് പ്രൈവറ്റ് ലിമിറ്റഡില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റായ പി പി ജോസഫ് പങ്കുവച്ച ആശയങ്ങളില്‍ നിന്ന് എഴുതിയ ലേഖനം ( അഭിപ്രായം ലേഖകന്റെ വ്യക്തിപരമായവ). രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കില്‍ എംഎസ്എംഇ ഡിപ്പാര്‍ട്ട്മെന്റില്‍ സേവനമനുഷ്ഠിച്ച പ്രൊഫഷണലാണ് ഇദ്ദേഹം.)