Managing Business

ഉല്‍പ്പന്നം വിജയിപ്പിക്കാം, ഈ 5 പടികള്‍ കയറിയാല്‍!

AR Ranjith

ചൈനയില്‍ നിന്നു സ്ഥിരമായി വ്യത്യസ്തങ്ങളായ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവന്ന് നാട്ടില്‍ ഭാഗ്യം പരീക്ഷിക്കുന്ന ആളാണ് ഷമീര്‍. ഷമീര്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഒരു സ്‌കാനിംഗ് മെഷീനുമായി ഞങ്ങളെ കാണാന്‍ വന്നു. സാധനം ഒന്ന് ബ്രാന്‍ഡ് ചെയ്ത്, മാര്‍ക്കറ്റില്‍ ഇറക്കി വന്‍ വിജയമാക്കണം എന്നതാണ് ആവശ്യം. ഞങ്ങള്‍ ഈ ഐറ്റം അടിമുടി ഒന്ന് നോക്കി.

ഒരു സ്റ്റിക്ക് പോലെ ഇരിക്കുന്ന ഒരു സ്‌കാനര്‍, ഏതെങ്കിലും ഡോക്ക്യുമെന്റിന്റെ മുകളിലൂടെ ചലിപ്പിച്ചാല്‍ അത് സ്‌കാന്‍ ആയി സേവ് ചെയ്യപ്പെടും. വേണമെങ്കില്‍ ഒരു ബാഗിലിട്ട് കൊണ്ടു നടക്കാം. അയ്യായിരത്തില്‍ താഴെ വിലയേ ഉള്ളൂ. എന്നാല്‍ ആദ്യ നോട്ടത്തിലേ ഞങ്ങള്‍ക്ക് ഒരു പന്തികേട് തോന്നി... എന്തായാലും ആ പന്തികേടുകള്‍ ഒന്ന് ലിസ്റ്റ് ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

ഒരു മണിക്കൂറിനകം ഷമീര്‍ തന്നെ സംഭവം വേണ്ട എന്ന തീരുമാനത്തില്‍ എത്തി. അതെ, നമുക്ക് ചുറ്റും ഇറങ്ങുന്ന അനേകായിരം ഉല്‍പ്പന്നങ്ങളില്‍ അവയുടെ ശരിയായ

ഉപയോഗം തിരിച്ചറിഞ്ഞു ആവശ്യക്കാര്‍ക്ക് വേണ്ടി ഡിസൈന്‍ ചെയ്യപ്പെടുന്നവ കുറവാണ്. അതിനു കാരണം പലപ്പോഴും ഉല്‍പ്പന്നം ഡിസൈന്‍ ചെയ്യുന്ന സമയത്ത് ശരിയായ തീരുമാനങ്ങള്‍ എടുക്കാത്തതാണ്.

ഇതുമൂലം തന്നെയാണ്, മാര്‍ക്കറ്റില്‍ ഇറങ്ങുന്ന ബഹു ഭൂരിപക്ഷം ഉല്‍പ്പന്നങ്ങളും പരാജയത്തിന്റെ കയ്പ്പുനീര്‍ കുടിക്കുന്നത്. എന്താണ് ഡിസൈന്‍ ഹൈറാര്‍ക്കി ഓഫ് നീഡ്‌സ് (Design Hierarchy of Needs)? സ്റ്റീവന്‍ ബ്രാട്‌ളി എന്ന വിദഗ്ധന്‍ ആണ് ഡിസൈന്‍ ഹൈറാര്‍ക്കി ഓഫ് നീഡ്‌സ് എന്ന ഡിസൈന്‍ മോഡല്‍ വികസിപ്പിച്ചെടുത്തത്.

ഏതൊരു ഉല്‍പ്പന്നം ഡിസൈന്‍ ചെയ്യുമ്പോഴും സ്വീകരിക്കാവുന്ന ചില കാര്യ

ങ്ങള്‍ ആണ് ഇതു പ്രകാരം പറയുന്നത്.

Functionality

ഏതൊരു ഉല്‍പ്പന്നത്തിനും സേവനത്തിനും അത് പ്രാഥമികമായി ചെയ്യേണ്ട ഒരു കടമയുണ്ട്. അത് ഏറ്റവും നന്നായി ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ ആ ഉല്‍പ്പന്നമോ സേവനമോ കൊണ്ട് ആളുകള്‍ക്ക് പ്രയോജനം ഇല്ലാതാകും. ഉദാഹരണത്തിന് ഊബര്‍ ആപ്പ് തന്നെയെടുക്കാം. വളരെയെളുപ്പത്തില്‍ കാബ് ബുക്ക് ചെയ്യുക എന്നതാണ് അടിസ്ഥാനപരമായി ഊബര്‍ കൊണ്ടുള്ള ഉപയോഗം. അത് ശരിയായി നടക്കുന്നില്ലെങ്കില്‍ അവിടെ വെച്ചു തന്നെ ഉല്‍പ്പന്നം പരാജയപ്പെടും. അതിന് എത്ര നല്ല ലോഗോ ഉണ്ടായിട്ടോ, ഗ്രാഫിക് ഇന്റര്‍ഫെയ്‌സ് ഉണ്ടായിട്ടോ കാര്യമില്ല. അതിനാല്‍ പുതിയ ഫംഗ്ഷനുകള്‍ കൊണ്ടു വരുന്നതിനു മുന്‍പ്, ഇപ്പോള്‍ ഉള്ളത് ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പു വരുത്തുക.

Reliability

അടുത്തത് വിശ്വാസ്യതയാണ്. ഏതൊരു ഉല്‍പ്പന്നവും ഉപഭോക്താവിന് ഏതു സമയത്തും ആശ്രയിക്കാന്‍ കഴിയുന്നതും, തുടര്‍ച്ചയായി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതും ആകണം.കേടു കൂടാതെ, തങ്ങള്‍ ഉദ്ദേശിക്കുന്ന പ്രകടനം കാഴ്ച വെച്ചാല്‍ ഏതൊരു ഉപഭോക്താവും ആ ഉല്‍പ്പന്നത്തിന്റെ അഥവാ സേവനത്തിന്റെ ഫാന്‍ ആയി മാറും. അതിനാല്‍ കൊടുക്കുന്ന വസ്തുവിന്റെ ഗുണനിലവാരം ഉറപ്പു വരുത്തുക എന്നത് ഈ ഘട്ടത്തില്‍ വളരെ പ്രധാനമാണ്.

Usability

അടുത്ത പ്രധാന കാര്യം ഉപയോഗിക്കാനുള്ള എളുപ്പമാണ്. എന്ത് ഉല്‍പ്പന്നം ഉണ്ടാക്കുമ്പോഴും, അത് ഉപയോഗിക്കുന്ന ആളുകള്‍ ആരാണെന്നും അവര്‍ അത് ഏറ്റവും എളുപ്പത്തില്‍ എങ്ങനെ ഉപയോഗിക്കും എന്നും വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. അതിനാല്‍ തന്നെ ഉല്‍പ്പന്നത്തിന്റെയോ സേവനത്തിന്റെയോ യൂസര്‍ പ്രോസസ് ഡിസൈന്‍ വളരെ പ്രധാനമാണ്. നമ്മളില്‍ പലരും സൗജന്യമായി ലഭിക്കുന്ന ലിനക്‌സ് ഉപയോഗിക്കാതെ, വിന്‍ഡോസ് വില കൊടുത്തു വാങ്ങി ഉപയോഗിക്കുന്നത്, അത് ഉപയോഗിക്കാന്‍ എളുപ്പമുള്ളതു കൊണ്ടാണെന്ന സത്യം ഓര്‍മ്മിക്കുക.

നമുക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കുന്ന ഭാഷ, അടയാളങ്ങള്‍, നിറം എന്നിവയെല്ലാം പ്രധാനമാണ്. ഒപ്പം ഏറ്റവും കുറഞ്ഞ സ്റ്റെപ്പുകളില്‍ ഉദ്ദേശിച്ച കാര്യം നടക്കുകയും വേണം.

Proficiency

ഒപ്പം മത്സരിക്കുന്ന മറ്റ് ഉല്‍പ്പന്നങ്ങളെക്കാള്‍ കൂടുതല്‍ റിസള്‍ട്ട് കൊടുക്കുന്നതാണ് നമ്മുടെ ഉല്‍പ്പന്നം എന്ന് ഉറപ്പു വരുത്തണം. അതിനായി അതിന്റെ ഗുണനിലവാരത്തിലും, ഉപയോഗ രീതികളിലും നിരന്തരമായ മാറ്റങ്ങള്‍ കൊണ്ടുവരേണ്ടി വന്നേക്കാം. ഒപ്പോ, വിവോ ഫോണുകള്‍ മാര്‍ക്കറ്റില്‍ മത്സരിക്കുന്നത് ഇങ്ങനെയാണ്. തങ്ങളുടെ ക്യാമറകളില്‍ നിരന്തരമായ പരീക്ഷണങ്ങള്‍ നടത്തി മറ്റുള്ളവരേക്കാള്‍ കൂടുതല്‍ റിസള്‍ട്ട് ഉണ്ടാക്കിയെടുക്കാന്‍ അവര്‍ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു.

Creativity

അവസാനത്തേത് ക്രിയാത്മകത തന്നെയാണ്. തീര്‍ത്തും വ്യത്യസ്തമായ കാര്യങ്ങള്‍ ഉല്‍പ്പന്നത്തിലും സേവനത്തിലും കൊണ്ടു വരിക എന്നതാണ് ഇവിടെ ചെയ്യുന്നത്. ഇന്ദുലേഖ ഹെയര്‍ ഓയ്ല്‍ കോംബ് ബോട്ടില്‍ ഡിസൈന്‍ കൊണ്ടു വന്നത് ഒരു ഉദാഹരണം ആണ്. ആ ക്രിയാത്മകതയിലുള്ള താല്‍പ്പര്യം കൊണ്ടു മാത്രം ഒരുപാട് വില്‍പ്പന നടന്നേക്കാം. ഇത് ശരിക്കും നമ്മുടെ ഉല്‍പ്പന്നത്തിന് വേറിട്ട ഒരു പ്രതിച്ഛായ തന്നെ നല്‍കും. ഈ ഘട്ടത്തില്‍ ഒരുപക്ഷെ അല്‍പ്പം റിസ്‌കുള്ള പരീക്ഷണങ്ങള്‍ക്ക് മുതിരേണ്ടി വന്നേക്കാം. പ്രായോഗികത ഇല്ലാതെ ക്രിയാത്മകത മാത്രം ഉള്ള ഒരു ഉല്‍പ്പന്നവും വിജയിച്ചിട്ടില്ല.അതിനാല്‍ ഓരോ ഘട്ടവും പാസ് മാര്‍ക്ക് നേടി മുന്നോട്ട് പോകുന്നു എന്ന് ഉറപ്പു വരുത്തണം.

ഷമീറിന്റെ കാര്യത്തില്‍ ആദ്യ കടമ്പ വലിയ കുഴപ്പമില്ലാതെ കടന്നു. അതായത്സ്‌ കാന്‍ ചെയ്യുക എന്ന പ്രായോഗികത ആ ഉല്‍പ്പന്നത്തിന് ഉണ്ടായിരുന്നു. ചൈനീസ് ഉല്‍പ്പന്നമായത് കൊണ്ടു തന്നെ, വിശ്വാസ്യത അല്‍പ്പം കുറവായിരുന്നു. യൂസബിലിറ്റി എന്ന മൂന്നാം കടമ്പ ഒരല്‍പ്പം കൂടി പിശകാണ്. കാരണം,ഒരു ഡോക്കുമെന്റിന്റെ മുകളിലൂടെ ഇത് ശരിയായി ചലിപ്പിക്കുന്നത് ഒരല്‍പ്പം ശ്രമകരമാണ്.

അടുത്ത ഘട്ടത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. സ്‌കാനര്‍ തരുന്ന സ്‌കാന്‍ ചിത്രങ്ങളുടെ ഗുണനിലവാരം ആണ് പ്രശ്‌നം! ഇതിനേക്കാള്‍ നന്നായി മൊബൈല്‍ ക്യാമറകളും ആപ്പുകളും വളരെയെളുപ്പത്തില്‍ കാര്യം സാധിക്കുന്നുണ്ട്. ക്രിയാത്മകതയില്‍ ഒരല്‍പ്പം കൂടുതല്‍ കാര്യങ്ങള്‍ ചെയ്തു വെച്ചിട്ടുണ്ട്. പല രൂപത്തില്‍ ഇവ ലഭ്യമായിരുന്നു. എന്നാല്‍ reliability, usability, proficiency എന്നിവയില്ലാതെ creativity ല്‍ ഒരു കാര്യവുമില്ലെന്ന് ഷമീറിനു ബോധ്യമായി. ഇനി, ഏതൊരു ഉല്‍പ്പന്നവും ഉണ്ടാക്കിയെ ടുക്കുമ്പോള്‍ ഈ അഞ്ചു സ്റ്റെപ്പുകള്‍ മറക്കരുത്. ഈ പിരമിഡ് ചവിട്ടിക്കയറിയാല്‍ പിന്നെ, മാര്‍ക്കറ്റ് കീഴടക്കാന്‍ വലിയ പ്രയാസം ഉണ്ടാകില്ല.

(സംശയങ്ങള്‍ ranjith@bramma.in എന്ന മെയ്‌ലില്‍ അയയ്ക്കാം)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT