എത്ര വലിയ നിക്ഷേപത്തില്‍ തുടങ്ങിയ സ്ഥാപനമായാലും ആ സ്ഥാപനം വിജയിക്കുന്നതിന് ഏറ്റവും നിര്‍ണായകമായ ഘടകം സ്ഥാപനത്തിലെ ജീവനക്കാരാണ്. മാനേജ്മെന്റിന്റെ ആശയങ്ങള്‍ ഉള്‍ക്കൊണ്ട്, ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു കമ്പനിക്ക് വേണ്ടി സേവനം നടത്തുന്നവരാണ് ഇവര്‍. ഒരു ബിസിനസിനെ ശരിയായ ദിശയില്‍ കൊണ്ടുവരാനും അടച്ചു പൂട്ടിക്കാനും തൊഴിലാളികള്‍ വിചാരിച്ചാല്‍ കഴിയുമെന്നതിന് നിരവധി ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. അതിനാല്‍ സ്ഥാപനം മികച്ച രീതിയില്‍ മുന്നോട്ട് പോകണമെങ്കില്‍ ജീവനക്കാരെ സ്ഥാപനത്തോട് ചേര്‍ത്തു നിര്‍ത്തുകയും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യണം. അതിനായി ചില മാര്‍ഗങ്ങളിതാ.
പ്രാധാന്യം നല്‍കേണ്ട ജോലികള്‍ക്കും പ്രാധാന്യം കുറഞ്ഞ ജോലികള്‍ക്കും നല്‍കുന്ന സമയം തെറ്റിപ്പോകുന്നതാണ് പലര്‍ക്കും വേണ്ടത്ര പ്രൊഡക്റ്റിവിറ്റി നല്‍കാന്‍ കഴിയാത്തതിന്റെ പ്രധാന കാരണം. അത്‌കൊണ്ട് തന്നെ ചെറുതോ വലുതോ ആകട്ടെ, ഒരാള്‍ ചെയ്യേണ്ട ജോലിയുടെ ദൈര്‍ഘ്യം, പ്രാധാന്യത്തെ അനുസരിച്ച് വീതിച്ചു നല്‍കണം. അത് സ്വയം ചെലവഴിക്കുന്ന സമയമാണെങ്കില്‍ അതിനുള്ള നിയന്ത്രണങ്ങളും ഒരാള്‍ നിശ്ചയിക്കേണ്ടതുണ്ട്. നിങ്ങളുടെ കീഴ്ജീവനക്കാര്‍ക്ക് ഇത്തരത്തില്‍ ലിസ്റ്റുകള്‍ നല്‍കാന്‍ ശ്രദ്ധിക്കേണ്ടതും ആവശ്യമാണ്. ഓരോ ദിവസവും അന്നന്നത്തെ ജോലികള്‍/ ഗോളുകള്‍ ഫിക്‌സ് ചെയ്ത് വേണം ജോലികള്‍ ആരംഭിക്കാന്‍. ജോലി അവസാനിപ്പിക്കുമ്പോള്‍ അവ ചെക്ക് ചെയ്യുകയും വേണം. ജോലികള്‍ തീരാനായി ബാക്കി ഉണ്ടെങ്കില്‍ അതെന്തുകൊണ്ട് എന്നു കൂടി കണ്ടൈത്തി കുറിച്ചു വയ്ക്കാം. ഇത് ഓരോ ദിവസവും ഇംപ്രൂവ് ചെയ്യാനാകും.
ജോലിക്കിടയില്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന്, പ്രധാനമായും സോഷ്യല്‍ മീഡിയ ഉപയോഗത്തിന് അടിമപ്പെടരുത്. ഇടയ്ക്കിടെയുള്ള ഇന്റര്‍നെറ്റ് സര്‍ഫിംഗ് ഒരാള്‍ക്ക് ഒരു ജോലിയില്‍ മുഴുകിയ അവസ്ഥയില്‍ പ്രശ്നം സൃഷ്ടിക്കും. ജോലിക്കായുള്ള ഇന്റര്‍നെറ്റ് സര്‍ഫിംഗ് പോലും ഏകാഗ്രതയോടെ ചെയ്താല്‍ മാത്രമേ അതിന് ഉല്‍പ്പാദനക്ഷമതയുണ്ടാകൂ. ചുരുങ്ങിയത് 15 മിനിട്ടെങ്കിലും ഒരു കാര്യത്തില്‍ ശ്രദ്ധ ചെലുത്താനാവണം. ഇങ്ങനെ ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ ജോലിയില്‍ ഏകാഗ്രത നഷ്ടപ്പെട്ടു എന്ന് ചുരുക്കം. ഇത്തരത്തിലുള്ള ജീവനക്കാര്‍ക്ക് അവരുടെ പ്രശ്നം പരിഹരിച്ച് മുന്നോട്ട് വരുന്നതിനായുള്ള അവസരമൊരുക്കി നല്‍കേണ്ടത് എച്ച് ആര്‍ വിഭാഗത്തിന്റെ കൂടി ചുമതലയാണ്. കോര്‍പ്പറേറ്റ് ലെവല്‍ ട്രെയ്നിംഗ് പ്രോഗ്രാമുകള്‍ ഇതിനു സഹായിക്കും. ഒരു കാര്യം ചെയ്യുമ്പോള്‍ അത് മാത്രം ചെയ്യുക. ഒന്ന് പൂര്‍ത്തിയാക്കാതെ മറ്റൊന്നിലേക്ക് കടക്കുന്നത് മികച്ച ഫലം നല്‍കില്ലെന്നു ജീവനക്കാരെ പറഞ്ഞു മനസ്സിലാക്കാന്‍ സാധിക്കണം.
ചെയ്യുന്ന കാര്യങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ പൂര്‍ത്തിയാക്കണം എന്ന ആഗ്രഹം തൊഴിലുടമയ്ക്കും ജീവനക്കാരനും ഒരേ പോലെ വേണ്ടതാണ്. എന്നാല്‍ ഈ ആഗ്രഹം ഒരിക്കലും ഒരു തലവേദനായകരുത്. പെര്‍ഫെക്ഷനിസ്റ്റുകള്‍ ഓഫീസില്‍ ഉള്ളത് നല്ലത് തന്നെ, എന്നാല്‍ ഇതുകൊണ്ട് സമയനഷ്ടം ഉണ്ടാകരുത്. ഒരു വ്യക്തിയുടെ പ്രൊഡക്ടിവിറ്റിയെ തുരങ്കം വയ്ക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണിത്. ഏറ്റെടുക്കുന്ന കാര്യം പൂര്‍ണതോതില്‍ ശരിയായി ചെയ്യാന്‍ കഴിയുമോ എന്ന ആശങ്ക പല കാര്യങ്ങളില്‍ നിന്നും അവരെ പിറകോട്ടുവലിക്കും. അതോടെ കരിയറില്‍ പിന്നോട്ടുള്ള യാത്ര ആരംഭിക്കും. ഒന്നിന് വേണ്ടിയും കാത്തു നില്‍ക്കരുത്. അവസരങ്ങള്‍ വരുമ്പോള്‍ അതിനൊത്ത് മാറുക എന്നതാണ് ഉചിതം. അല്ലാതെ പെര്‍ഫെക്ഷന്റെ പേരില്‍ ലഭിക്കുന്ന അവസരങ്ങള്‍ നഷ്ട്ടപ്പെടുത്തുന്നതിലല്ല. തന്നാലാവുന്നതില്‍ ഏറ്റവും മികച്ചത് ചുരുങ്ങിയ സമയത്തിനുള്ളില്‍ ചെയ്തു തീര്‍ക്കുകയെന്നതാണ് ഏത് ജോലിയിലും പ്രധാനം.
സ്‌ട്രെസ് നിറഞ്ഞ തൊഴിലിടം എപ്പോഴും കുറഞ്ഞ ഉല്‍പ്പാദനക്ഷമതയാണ് കാഴ്ചവയ്ക്കുക എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ജോലി ചെയ്യിപ്പിക്കാന്‍ ആവശ്യത്തിലധികം സമ്മര്‍ദ്ദമെടുക്കുന്നത് ഒഴിവാക്കണം. ജോലി ചെയ്യലും ചെയ്യിപ്പിക്കലും കൃത്യതയോടെ സമാധാനത്തോടെ നിര്‍വഹിക്കാനുതകുന്ന ഒരു അന്തരീക്ഷം ഓഫീസില്‍ ഉണ്ടാക്കിയെടുക്കണം. ജീവനക്കാര്‍ക്ക് സംതൃപ്തിയും സന്തോഷവും നല്‍കാന്‍ റിസള്‍ട്ടുകളെ പ്രശംസിക്കുകയും മോട്ടിവേറ്റ് ചെയ്യുകയും ചെയ്യണം. റിസള്‍ട്ട് ഓറിയന്റഡ് വര്‍ക്ക് ചെയ്യാന്‍ അവര്‍ക്ക് വേണ്ട നിര്‍ദേശങ്ങളും പ്രോത്സാഹനവും നല്‍കുകയും അത് വളരെ സൗഹാര്‍ദപരമായി തന്നെ നല്‍കുകയും വേണം. ജീവനക്കാരുടെ കഴിവില്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസമില്ല എന്ന് അവര്‍ക്ക് തോന്നിയാല്‍ അത് അവരെ വൈകാരികമായി ബാധിക്കുകയും അത് ജോലിയുടെ ഫലപ്രാപ്തിയെ ഇല്ലാതാക്കുകയും ചെയ്യും.
ഏതൊരു വ്യക്തിക്കും തന്റേതായ സ്‌പേസ് അത്യാവശ്യമാണ്. വ്യക്തിജീവിതത്തിലെന്നപോലെ തൊഴിലിടത്തിലും അതു പ്രധാനമാണ്. ഓരോ വ്യക്തികളും ഒന്നിനൊന്നു വ്യത്യസ്തരാണ്. എല്ലാവര്‍ക്കും കോര്‍പ്പറേറ്റ് വ്യവസ്ഥിതിയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഇത്തരത്തിലുള്ളവരുടെ പ്രധാനപ്രശ്നം വ്യവസ്ഥാപിത നിയമങ്ങള്‍ക്കും നയങ്ങള്‍ക്കും ഇടക്ക് മതിയായ സ്വാതന്ത്ര്യം ലഭിക്കുന്നില്ല എണ്ണ തോന്നലാണ്. ഈ തോന്നല്‍ മാറ്റുക എന്നതാണ് തൊഴിലാളിയില്‍ നിന്നും മികച്ച ഉല്‍പ്പാദനക്ഷമത ലഭിക്കുവാന്‍ ഏറ്റവും അനിവാര്യമായ കാര്യം. പ്രത്യക്ഷത്തില്‍ തന്റെ സ്ഥാപനം തനിക്കൊപ്പം ഉണ്ട് എന്നും ആവശ്യത്തിന് പ്രവര്‍ത്തന സ്വാതന്ത്ര്യം തനിക്ക് ലഭിക്കുന്നുണ്ട് എന്നുമുള്ള തോന്നല്‍ തൊഴിലാളികള്‍ക്ക് ഉണ്ടാകണം. ഇതിനായി മുന്‍കൈ എടുക്കേണ്ടത് സ്ഥാപനം തന്നെയാണ്. തൊഴില്‍മേഖലയിലെ വിശ്വാസ്യത വര്‍ധിപ്പിക്കുക എന്നതാണ് ആദ്യപടി. ഇക്കാര്യത്തില്‍ വിജയിച്ചാല്‍ പിന്നെ ഒരു തിരിച്ചുപോക്കില്ല. അതിനാല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യത്തില്‍ അധിഷ്ഠിതമായ ഒരു ഓഫീസ് അന്തരീക്ഷം ഓരോ തൊഴിലാളിക്കും നല്‍കുവാന്‍ ശ്രമിക്കുക.
ആരും എല്ലാകാര്യത്തിലും പൂര്‍ണ അറിവുള്ളവരാണെന്നു കരുതരുത്. ടീം വര്‍ക്കിന് പ്രാധ്യാന്യം കൊടുക്കുന്നിടത്തേ ഉല്‍പ്പാദനക്ഷമതയുണ്ടാകൂ. അതിന് പരസ്പരം പിന്തുണച്ചുകൊണ്ടുള്ള പ്രവര്‍ത്തന ശൈലി സൃഷ്ടിക്കുക. എന്നാല്‍ കൃത്യനിര്‍വഹണ ഉത്തരവാദിത്തങ്ങളും തുല്യമായി പങ്കുവയ്ക്കപ്പെട്ടിരിക്കണം. നേരത്തെ മികച്ച പ്രകടനം കാഴ്ചവച്ചിരുന്ന ജീവനക്കാരുടെ ഇപ്പോഴുള്ള പ്രകടനം മോശമായതായി കണ്ടെത്തിയോ. എങ്കില്‍ അവര്‍ക്ക് പെര്‍ഫോം ചെയ്യാന്‍ കഴിയുന്ന മേഖലയിലെ ദൗത്യം ഏല്‍പ്പിക്കുക. അവയ്ക്ക് ഇന്‍സെന്റീവുകളോ പ്രത്യേക പരാമര്‍ശമോ നല്‍കുക. മറ്റു ജീവനക്കാരുടെ മുന്നില്‍ അഭിനന്ദിക്കുന്നത് പോലും അവര്‍ക്ക് പ്രോത്സാഹനമാണ്. മികച്ച കേരള കമ്പനികളിലെ ബെസ്റ്റ് എച്ച് ആര്‍ പ്രാക്ടീസുകളില്‍ ഇത്തരം അഭിനന്ദന യോഗങ്ങളെക്കുറിച്ച് പരാമര്‍ശിച്ച് കാണാറുണ്ട്.
മാനേജ്‌മെന്റും ജീവനക്കാരും രണ്ട് തോണിയിലെ സഞ്ചാരികളെ പോലെ ആകരുത്. അതിനായി തങ്ങളെല്ലാം ഈ കമ്പനിയുടെ നേതൃപദവി വഹിക്കുന്നവരാണെന്ന ബോധ്യം ജീവനക്കാരില്‍ ഉണ്ടാക്കിയെടുക്കലാണ് പ്രധാനം. ജീവനക്കാര്‍ക്ക് പ്രോത്സാഹനം മാത്രമല്ല അവര്‍ക്ക് പെര്‍ഫോം ചെയ്യാനുള്ള പ്‌ളാറ്റ്‌ഫോമും ഒരുക്കികൊടുക്കണം. സ്‌കില്‍ ഉള്ള ജീവനക്കാര്‍ക്ക് ലീഡര്‍ഷിപ്പ് ഉണ്ടാകണമെന്നില്ല, നേതൃഗുണമുണ്ടാകുന്നവര്‍ക്ക് സ്‌കില്‍ ഉണ്ടാകണമെന്നുമില്ല. ഇവ രണ്ടും ആരിലെന്ന് ശ്രദ്ധയോടെ കണ്ടെത്തി ഇത്തരം ചെറു ഗ്രൂപ്പുകളായി ഓരോ ദൗത്യങ്ങളും വീതിച്ചു നല്‍കാന്‍ തൊഴിലുടമയ്ക്ക് കഴിയണം. ജീവനക്കാര്‍ കൂടുതല്‍ ഉത്സാഹത്തോടെ ജോലികള്‍ പൂര്‍ത്തിയാക്കുമെന്നു മാത്രമല്ല ഗുണമേന്മയുള്ള റിസള്‍ട്ടും നിങ്ങളുടെ പ്രസ്ഥാനത്തിന് ലഭിക്കും.
മികച്ച ഉല്‍പ്പാദനക്ഷമതയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ജോലി ആസ്വദിച്ച് ചെയ്യുന്നവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാണ കമ്പനികളില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞത് ജീവനക്കാര്‍ സന്തോഷത്തോടെ ജോലി ചെയ്യുന്ന ദിവസത്തെ ഉല്‍പ്പാദനത്തില്‍ വര്‍ധനവും ഗുണമേന്മയും കണ്ടെത്താനായെന്നതാണ്. ഓഫീസിലേക്ക് ഓരോ ദിവസവും ഉത്സാഹത്തോടെ എത്താന്‍ കഴിയുന്നിടത്ത് ജോലി മാത്രല്ല, വ്യക്തിപരമായ സന്തോഷവും ജീവനക്കാര്‍ക്ക് കണ്ടെത്താന്‍ കഴിയും. എന്നാല്‍ പോസിറ്റീവ് അന്തരീക്ഷമില്ലാത്ത തൊഴിലിടങ്ങള്‍ ജീവനക്കാരെ യാന്ത്രികമായി മാത്രം ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുകയും അത് കാര്യക്ഷമതയെ ബാധിക്കുകയും ചെയ്യുന്നു. പച്ചപ്പില്ലാത്തിടത്ത് ലൈഫില്ലെന്നു പറയുന്നത് പോലെയാണിത്. ജോലിക്കിടയിലുള്ള വിനോദങ്ങള്‍, ജീവനക്കാരുടെ ചെറിയ ഗെറ്റ് ടുഗതറുകള്‍, യാത്രകള്‍ എന്നിവയെല്ലാം തൊഴിലിടത്തോടും തൊഴിലിനോടും ജീവനക്കാര്‍ക്കുള്ള മതിപ്പ് വര്‍ധിപ്പിക്കുന്നുവെന്നതിനാല്‍ പല വിജയ സംരംഭങ്ങളും ഇത് തങ്ങളുടെ എച്ച് ആര്‍ ഓപ്പറേഷന്‍സിന്റെ ഭാഗമാക്കിയിട്ടുണ്ട്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine