ഉയര്‍ന്ന വരുമാനമുള്ള ജോലികള്‍ ഇന്ത്യയില്‍ തന്നെ ലഭിക്കും; വഴി ഇതെന്ന് ശ്രീധര്‍ വെമ്പു
ഡിസൈന്‍, വികസനം, നിര്‍മ്മാണം എന്നിവയില്‍ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ശ്രീധര്‍ വെമ്പു പറഞ്ഞു
ഇന്ത്യയില്‍ നിര്‍ണായകമായ സാങ്കേതികവിദ്യകള്‍ കെട്ടിപ്പടുക്കാന്‍ സഹായിക്കുന്ന 'ടെക്‌നോളജി ഇന്നൊവേഷന്‍' സംസ്‌കാരം നിലവിലില്ലെന്ന് സോഹോ (zoho) കോര്‍പ്പറേഷന്റെ സ്ഥാപകന്‍ ശ്രീധര്‍ വെമ്പു പറഞ്ഞു. അതിനാല്‍ ഈ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിന് സിഎസ്ആറിന് (corporate social responsibility) സമാനമായ ഗവേഷണത്തിനും വികസനത്തിനുമുള്ള കോര്‍പ്പറേറ്റ് മാന്‍ഡേറ്റ് ഇന്ത്യയ്ക്ക് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തിന് സ്വന്തമായി ഇത്തരമൊരു സംസ്‌കാരം ഇല്ലെന്നും ആപ്പിള്‍ പോലുള്ള ആഗോള ടെക് കമ്പനികളുടെ നിര്‍മ്മാണ സൗകര്യങ്ങള്‍ ഉള്ളതുകൊണ്ട് മാത്രം ഇന്ത്യയിലെ ആളുകള്‍ക്ക് ഉയര്‍ന്ന വരുമാനമുള്ള ജോലികള്‍ ലഭിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം സംസ്‌കാരം കെട്ടിപ്പടുക്കുന്നത് ഗവേഷണ, വികസന ജോലികളില്‍ നിന്ന് വലിയ ഗുണഫലങ്ങളുണ്ടാക്കാന്‍ രാജ്യത്തെ സഹായിക്കും.
ഗവേഷണ, വികസന ജോലികള്‍ ഇവിടെ ആവശ്യമാണ്. അതുകൊണ്ട് തന്നെ ഡിസൈന്‍, വികസനം, നിര്‍മ്മാണം എന്നിവയില്‍ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗവേഷണത്തെ അടിസ്ഥാനമാക്കിയാണ് തന്റെ ബില്യണ്‍ ഡോളര്‍ ഉല്‍പ്പന്ന കമ്പനി നിര്‍മ്മിച്ചതെന്നും അദ്ദേഹം പറഞ്ഞു. എഞ്ചിനീയറിംഗ്, മറ്റ് മേഖലകള്‍ എന്നിവയ്ക്കായി ഇന്ത്യയില്‍ നിര്‍മ്മിച്ച കമ്പ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍ സോഫ്റ്റ്‌വെയറിന്റെ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ കമ്പനി ആരംഭിക്കുമെന്ന് ശ്രീധര്‍ വെമ്പു പറഞ്ഞു.