നിങ്ങൾ നിങ്ങളിൽ തന്നെ ഇൻവെസ്റ്റ് ചെയ്യൂ, ബിസിനസിനൊപ്പം നിങ്ങൾക്കും 'വ്യക്തി ബ്രാൻഡ്' ആകാം
ശാരീരികവും മാനസികവുമായ ആരോഗ്യം ശ്രദ്ധിക്കാതെ ബിസിനസിനു പിന്നാലെ ഓടിയാല്‍ അധികം മുന്നോട്ട് പോകാനാകില്ല. എന്താണ് യഥാര്‍ത്ഥത്തില്‍ സംരംഭകര്‍ ചെയ്യേണ്ടത്.
ബിസിനസില്‍ മാത്രം ശ്രദ്ധ പതിപ്പിച്ച് മുന്നോട്ട് പോകുന്നതാണ് പല സംരംഭകരുടെയും ശീലം. ഉണ്ണുന്നതും ഉറങ്ങുന്നതുമെല്ലാം ബിസിനസ് തന്നെ. എന്നാല്‍ ബിസിനസ് മാത്രമല്ല ജീവിതം. മാനസികവും ശാരീരികവുമായ ആരോഗ്യം വിജയിയായ ബിസിനസുകാരന് മികച്ച നിക്ഷേപം തന്നെയാണ്. ആരോഗ്യകരമായ ജീവിതം നിങ്ങളെ സന്തോഷവാന്മാരാക്കുകയും രോഗങ്ങളില്‍ നിന്നു സംരക്ഷിക്കുകയും മാത്രമല്ല നിങ്ങളെ കൂടുതല്‍ പ്രൊഡക്റ്റീവ് ആക്കുകയും ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു. ആരോഗ്യമുള്ള ബിസിനസ് മാത്രമല്ല സ്വയം മികച്ചതാക്കാന്‍ നിങ്ങളുടെ വ്യക്തിപരമായ ആരോഗ്യവും മനസാന്നിധ്യവും ആവശ്യമാണ്. ഇതാ മികവ് നിലനിര്‍ത്താനുള്ള വഴികള്‍:
കലണ്ടര്‍ അല്‍പ്പം മാറ്റാം
സ്വന്തമായി ബിസിനസ് നടത്തുമ്പോള്‍ പല സംരംഭകരും ആരോഗ്യത്തിനായി സമയം ചെലവഴിക്കില്ല. അത്തരം സംരംഭകര്‍ ചെയ്യേണ്ടത് നിങ്ങളുടെ ശരീരത്തെ ഒരു കസ്റ്റമറായി കാണുക എന്നതാണ്. നിങ്ങളുടെ മനസിനും ശരീരത്തിനും മനസിനും വേണ്ട പരിപാലനം നല്കാന് കലണ്ടറില്‍ റിമൈന്‍ഡര്‍ സെറ്റ് ചെയ്യുക. ക്ലയന്റിന് അപ്പോയന്റ്മെന്റ് കൊടുക്കും പോലെ പ്രാധാന്യം ഇതിനും കൊടുക്കുക.
ആരോഗ്യകരമായ ഭക്ഷണം കഴിക്കൂ
ആരോഗ്യകരമായ, ന്യൂട്രീഷ്യസായ ഭക്ഷണം രുചികരമായിരിക്കണമെന്നില്ല. ഒരു ദിവസത്തെ നിങ്ങളുടെ പ്രവൃത്തികള്‍ക്ക് ഊര്‍ജ്ജം പകരുന്നതാകണം നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം. സമയക്കുറവു മൂലം എന്തെങ്കിലും ഫാസ്റ്റ് ഫുഡില്‍ ഭക്ഷണം ഒതുക്കുന്നത് ഒഴിവാക്കി ദിവസം മുഴുവന്‍ ഊര്‍ജം നല്കുന്ന ഹൈ ന്യൂട്രീഷ്യസ് ഭക്ഷണം തന്നെ കഴിക്കുക.
കണ്ണടയ്ക്കൂ, ശ്വസിക്കൂ
എല്ലാ ദിവസവും എല്ലാ നേരവും നമ്മള് ശ്വാസോച്ഛ്വാസം ചെയ്യുന്നുണ്ട്. എന്നാല്‍ ഇതെങ്ങനെ ചെയ്യുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുന്നു നിങ്ങളുടെ മാനസിക സൗഖ്യം. കുറച്ചു നേരം മനസു നിറയും വിധത്തില്‍ ആഴത്തില്‍ ശ്വാസമെടുക്കണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. നമ്മള് വളരെ സമ്മര്‍ദത്തിലായിരിക്കുമ്പോഴും ജോലിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴും വളരെ ലഘുവായ ശ്വാസമാണ് എടുക്കുന്നത്. ഇത് നിങ്ങള്‍ക്ക് വേണ്ട ഓക്സിജന്‍ തരുമെന്നു മാത്രം. അതേസമയം വയറു നിറയും വിധത്തില്‍ ദീര്‍ഘശ്വാസം എടുക്കുമ്പോള്‍ നിങ്ങളുടെ ഹൃദയം മന്ദഗതിയിലാവുകയും രക്തസമ്മര്‍ദം സ്ഥിരത പ്രാപിക്കുകയും ചെയ്യും. ഇത് നിങ്ങളെ ഊര്‍ജ്ജസ്വലരാക്കും.
ആഴ്ചയിലെ 150 മിനിറ്റ്
ബിസിനസ് നടത്തുന്നത് ഒരു സ്പിരിച്ച്വലും ഇമോഷണലുമായ വര്‍ക്കൗട്ടാണ് എന്നാണ് പറയാറുള്ളത്. എന്നാല്‍ നിങ്ങള്‍ ആരോഗ്യത്തോടെയിരിക്കാന്‍ വേണ്ട ശാരീരികമായ ഒരു എക്സര്‍സൈസ് ഇതില്‍ ലഭിക്കില്ല. ഓരോ ആഴ്ചയിലും ഒരാള്‍ 150 മിനിറ്റ് എക്സര്‍സൈസ് ചെയ്യണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഈ 150 മിനിറ്റുകളും നിങ്ങള്‍ നിങ്ങളെ സ്നേഹിക്കുകയാണ്. ഒറ്റത്തവണ ഇത്രയും നേരം എക്സര്‍സൈസ് ചെയ്യുക പലപ്പോഴും പ്രായോഗികമായിരിക്കില്ല. അപ്പോള്‍ 10-20 മിനിറ്റ് ദൈര്‍ഘ്യമുള്ള സെഷനുകളായി ഇതിനെ മാറ്റാം. ആദ്യദിവസം പട്ടിക്കുട്ടിക്കൊപ്പം നടത്തം ആകാം. അടുത്ത ദിവസം മറ്റെന്തെങ്കിലും. അങ്ങനെ ഒരാഴ്ച ഈ പറഞ്ഞത്രയും സമയം എക്സര്‍സൈസ് ചെയ്തെന്ന് ഉറപ്പാക്കുക.
പ്രകൃതിയിലേക്കിറങ്ങൂ
വീട്ടിലെ ഒരു മുറിയിലിരുന്നു തന്നെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും വില്ക്കാന് സാധിക്കുന്നവെന്നതിനാല് പല ആളുകളും ഇന്ന് കമ്പനികള്‍ നടത്തുന്നത് ഒറ്റപ്പെട്ടിരുന്നാണ്. എന്നാല്‍ പ്രകൃതിയോടിണങ്ങിയ പ്രദേശങ്ങളില്‍ സുരക്ഷിതമായി സമയം ചെലവഴിക്കുന്നതിനും സമയം കണ്ടെത്തണം. നിങ്ങളുടെ ജോലിക്ക് ഊര്‍ജം പകരാന്‍ ഇത് സഹായിക്കും.
ഉറങ്ങൂ, സ്വസ്ഥമായി
ഒരു മണിക്കൂര്‍ കൂടുതല്‍ ഉറങ്ങിയാല്‍ സമയം മുഴുവന്‍ തീര്‍ന്നെന്നു വിചാരിക്കുന്നയാളാണോ നിങ്ങള്‍? ഓഫീസില്‍ നേരത്തെ എത്താന്‍ എന്നും അലാം സമയം നേരത്തെ ആക്കി സെറ്റ് ചെയ്യാറുണ്ടോ? എന്നാല്‍ നിങ്ങള്‍ ഉറപ്പിച്ചോളു നിങ്ങളുടെ ശരീരത്തിന് ആവശ്യമായ വിശ്രമം കിട്ടുന്നില്ല. എല്ലാ ദിവസവും ഏഴു മുതല്‍ എട്ടു മണിക്കൂര്‍ വരെ ഉറങ്ങിയിരിക്കണം. മാത്രമല്ല ആ ഉറക്കം സുഖകരവുമായിരിക്കണം. അതായത് ഇടയ്ക്ക് ഫോണ്‍ എടുക്കാനോ മെസേജ് ചെക്ക് ചെയ്യാനോ ഒന്നും ശ്രമിക്കരുത്.
സ്വയം സ്നേഹിക്കൂ
സാധാരണ ഉദ്യോഗതലത്തിലുള്ളവരെ അപേക്ഷിച്ച് സംരംഭകര്‍ക്ക് മാനസിക സമ്മര്‍ദ്ദം കൂടുതലാണ്. അതുകൊണ്ട് ഈ സ്ട്രെസ് അതിജീവിക്കാന്‍ വേണ്ട വഴികള്‍ കൂടി സ്വന്തമായി കണ്ടെത്തണം. കൂട്ടുകാര്‍ക്കും ഫാമിലിക്കുമൊപ്പം ചെലവഴിക്കാന്‍ സമയം നീക്കി വയ്ക്കുന്നതു പോലെ സ്വന്തം ഇഷ്ടങ്ങള്‍ക്കു വേണ്ടിയും അല്‍പ്പ സമയം മാറ്റിവയ്ക്കണം. സെല്‍ഫ് ലവ് എന്നത് ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ട് വരും. യോഗ, കുക്കിംഗ് അങ്ങനെ പുതിയ ഹോബികള്‍ കണ്ടെത്താം. 'My time' എന്ന് കലണ്ടറില്‍ നോട്ട് ചെയ്തു വയ്ക്കുകയും അത് പിന്തുടരുകയും ചെയ്യുക.
പഠിക്കാം പുതിയതെല്ലാം
എല്ലാ ആഴ്ചയും ഒരു സമയം വായിക്കാനും പഠിക്കാനും മാറ്റിവയ്ക്കാം. ബിസിനസിലും ജീവിതത്തിലും കൂടുതല്‍ ആവശ്യമായ ചില സ്കില്ലുകള്‍, സോഫ്റ്റ് വെയറുകള്‍ എന്നിവ ഓണ്‍ലൈനില്‍ പഠിക്കാം. ഉഡെമി പോലെ കോഴ്സെറ പോലെ നിരവധി ഓണ്‍ലൈന്‍ അക്കാദമികളിലേക്ക് ഒറ്റ ക്ലിക്കില്‍ എത്താമെന്നിരിക്കെ എന്തിനാണ് മടിച്ചു നില്‍ക്കുന്നത്. പ്രാദേശികഭാഷ നാവിന്തുമ്പില് നിന്നും വിട്ടുമാറാത്ത സംരംഭകരെങ്കില്‍, നിങ്ങള്‍ ഭാഷാജ്ഞാനം വര്‍ധിപ്പിക്കാനും ആഴ്ചയില്‍ ഒരു 30 മിനിട്ട് മാറ്റിവയ്ക്കുക.