സംരംഭകരാകാന്‍ സ്വപ്‌നം കാണുന്നവരാണോ? ഇതാ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പങ്കുവയ്ക്കുന്ന 10 ടിപ്‌സ്
വി ഗാര്‍ഡ് ഗ്രൂപ്പ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി കേരളത്തില്‍ ഒരു ബിസിനസ് നടത്തി വിജയിപ്പിക്കാനുള്ള 10 കാര്യങ്ങള്‍ സ്വന്തം അനുഭവത്തില്‍ നിന്ന് പറയുന്നു.
കേരളത്തില്‍ ഒരു സംരംഭം നടത്തി വിജയിപ്പിച്ചാല്‍ ലോകത്ത് എവിടെയും ബിസിനസ് വിജയകരമായി നടത്താനുള്ള ലൈസന്‍സ് കിട്ടിയെന്നാണ് സാരമെന്ന് പറയുന്ന ബിസിനസുകാരുണ്ട്. അതില്‍ അല്‍പ്പം സത്യവുമുണ്ട്. അത്ര പ്രയാസമാണ് പല കാര്യങ്ങളും. ഒരു സംരംഭം എങ്ങനെ നടത്താം, വളര്‍ത്താം, വിപുലീകരിക്കാം എന്നൊക്കെ അത് ചെയ്ത് വിജയിച്ചവരോട് തന്നെ ചോദിക്കുന്നതാകും നല്ലത്.
നാല് പതിറ്റാണ്ട് മുമ്പ് ചെറിയ നിലയില്‍ കേരളത്തില്‍ സംരംഭം തുടങ്ങി തൊഴിലാളി പ്രശ്നം ഉള്‍പ്പെടെ പല പ്രതിസന്ധിഘട്ടങ്ങളെയും അതിജീവിച്ച് വലിയൊരു പ്രസ്ഥാനം, വി - ഗാര്‍ഡ് ഗ്രൂപ്പ് കെട്ടിപ്പടുത്ത കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി തന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇവിടെ സംരംഭം നടത്താനായി തീര്‍ച്ചയായും ചെയ്തിരിക്കേണ്ട കാര്യങ്ങള്‍ പറയുന്നു.
1. ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നം തിരിച്ചറിഞ്ഞ് അതിനുള്ള മികച്ച പരിഹാരം നല്‍കുക
ഞാന്‍ കേരളത്തിലെ വൈദ്യുതി വിതരണത്തിലെ അപാകതകള്‍ ഉണ്ടാക്കിയ പ്രശ്നത്തിനുള്ളില്‍ ഒളിച്ചിരുന്ന അവസരം കണ്ടെത്തി ബിസിനസിലേക്ക് വന്നയാളാണ്. ആദ്യമായി ഞങ്ങള്‍ ഇറക്കിയത് വി - ഗാര്‍ഡ് സ്റ്റെബിലൈസര്‍ ആയിരുന്നല്ലോ. ഇപ്പോള്‍ ഏറെ പേര്‍ സംരംഭകരാകാന്‍ ആഗ്രഹിക്കുന്നുണ്ട്. എനിക്ക് അവരോട് അന്നും ഇന്നും എന്നും പറയാന്‍ ഒരു കാര്യമേയുള്ളൂ. നമുക്ക് ചുറ്റിലുമുള്ളവര്‍ അനുഭവിക്കുന്ന യഥാര്‍ത്ഥ പ്രശ്നത്തിന് ഏറ്റവും നല്ല പരിഹാരം കൊടുക്കാന്‍ ശ്രമിക്കുക. അതാണ് നല്ലൊരു ബിസിനസ് കെട്ടിപ്പടുക്കാനുള്ള ആദ്യ പടി.
2. എന്നും ചോദിക്കേണ്ടത് ഈ ചോദ്യം; What next!
ഞാന്‍ സ്റ്റെബിലൈസര്‍ നല്ല രീതിയില്‍ വില്‍ക്കുമ്പോഴും എന്നെ അലട്ടിയിരുന്ന ഒരു പ്രധാനപ്രശ്നമുണ്ട്. കേരളത്തിലെ ഓരോ വൈദ്യുതിമന്ത്രിമാരും അടുത്ത വര്‍ഷം പവര്‍കട്ടും പവര്‍ ഷോര്‍ട്ടേജും ഉണ്ടാവില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടിരിക്കും. ഇതു കേള്‍ക്കുമ്പോള്‍ എനിക്ക് ആകെ അങ്കലാപ്പാകും. വൈദ്യുതിക്ക് പ്രശ്നമില്ലെങ്കില്‍ ആരെങ്കിലും സ്റ്റെബിലൈസര്‍ വാങ്ങുമോ? അപ്പോള്‍ എന്റെ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാന്‍ പുതിയ, ഈ പ്രശ്നം ബാധിക്കാത്ത ഉല്‍പ്പന്നം വേണം എന്ന ചിന്തവന്നു. അതായത് അടുത്ത ഉല്‍പ്പന്നമെന്ത് അടുത്തതെന്ത് എന്ന് സദാ നാം ചോദിച്ചുകൊണ്ടിരിക്കണം. ഒരു ഉല്‍പ്പന്നം വിജയിച്ചാല്‍ അതില്‍ തൂങ്ങി കാലം കഴിക്കരുത്.
എന്തെങ്കിലും പ്രശ്നം വന്നാല്‍ ഒരുല്‍പ്പന്നം മാത്രമാണെങ്കില്‍ ബിസിനസ് തന്നെ നിലച്ചുപോകും. മാത്രമല്ല വളര്‍ച്ചയും പരിമിതമാകും. പക്ഷേ അടുത്ത ഉല്‍പ്പന്നം വിപണിയിലിറക്കേണ്ടത് ആദ്യ ഉല്‍പ്പന്നം വിപണിയില്‍ കാലുറപ്പിച്ച ശേഷം മാത്രമാകണം. മാത്രമല്ല, സംരംഭകര്‍ സദാ സമയവും ബിസിനസില്‍ നിന്ന് ശ്രദ്ധ വ്യതിചലിക്കാതെ കൂടെ നില്‍ക്കുകയും വേണം. ഞാന്‍ രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കുകയും ഇടപെടുകയും ചെയ്തത് 70ാം വയസിലാണ്. ബിസിനസ് തുടങ്ങുമ്പോഴോ വളര്‍ത്തുമ്പോഴോ മറ്റനേകം കാര്യങ്ങളില്‍ ഒരേ സമയം ഇടപെടാന്‍ തുനിയരുത്.
3. ഓരോ ദിവസവും പ്രതിസന്ധികള്‍ വരും; അപ്പോള്‍ പുതിയ വഴി തേടണം
ബിസിനസ് ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ പ്രതിസന്ധികള്‍ കൂടെയുണ്ടാകും. എല്ലാ ദിവസവും കാണും ഓരോരോ പുതിയ പ്രശ്നങ്ങള്‍. അത് കരുതിതന്നെ മുന്നോട്ട് പോകുക. വി - ഗാര്‍ഡ് യൂണിറ്റിലും തൊഴിലാളി പ്രശ്നം ഉണ്ടായിരുന്നു. ചരക്കിറക്കാന്‍ പറ്റാതെ ഞാനും ഭാര്യയും കൂടി വരെ ചരക്കിറക്കിയിട്ടുണ്ട്. ഭീഷണികള്‍ നേരിട്ടിട്ടുണ്ട്. അതെല്ലാം വരുമ്പോള്‍ മനസ് മടുക്കരുത്. പുതിയ വഴികള്‍ തേടണം. വി - ഗാര്‍ഡിന്റെ മാനുഫാക്ചറിംഗ് മേഖലയില്‍ പുതിയ മോഡല്‍ തന്നെ വന്നത് ഇത്തരമൊരു പ്രതിസന്ധിയെ മറികടക്കാനുള്ള ശ്രമത്തില്‍ നിന്നാണ്. ഇന്ന നാട്ടിലേ അല്ലെങ്കില്‍ ഇന്ന പ്രദേശത്തേ ഞാന്‍ യൂണിറ്റ് നടത്തൂ എന്ന ചിന്തയൊന്നും ബിസിനസുകാര്‍ക്ക് പാടില്ല. വിജയകരമായി സംരംഭം എവിടെ, എങ്ങനെ നടത്താം എന്നു നോക്കുക. അത് ചെയ്യുക.
4. വളര്‍ത്തേണ്ടത് വ്യക്തി ബ്രാന്‍ഡല്ല, സ്വന്തം ഉല്‍പ്പന്ന/സേവന ബ്രാന്‍ഡ്
ബിസിനസ് സാരഥി ഒരു ബ്രാന്‍ഡായി വളരാനല്ല ശ്രമിക്കേണ്ടത്. പകരം സ്വന്തം ഉല്‍പ്പന്നത്തെ/സേവനത്തെ മികച്ച ബ്രാന്‍ഡാക്കി വളര്‍ത്തണം. വി ഗാര്‍ഡ് എന്ന ബ്രാന്‍ഡിനെയാണ് ഞാന്‍ വളര്‍ത്തിയത്. അത് ജനമനസില്‍ ഇടം നേടിയപ്പോള്‍ ആ ബ്രാന്‍ഡില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കി വിജയം നേടാന്‍ സാധിച്ചു.
5. ജീവനക്കാര്‍ക്ക് അര്‍ഹിച്ച പരിഗണനയും പദവികളും നല്‍കുക
നമ്മുടെ ജീവനക്കാരെ കൂടെ നിര്‍ത്തുന്നതില്‍ നമ്മുടെ പെരുമാറ്റരീതിക്ക് വലിയ പങ്കുണ്ട്. അവരെ അംഗീകരിക്കണം. ടീമംഗങ്ങളെ ശാക്തീകരിക്കണം. അവര്‍ കഴിവും വൈദഗ്ധ്യവും കൂട്ടിക്കൂട്ടി വരുമ്പോള്‍ കൂടുതല്‍ കൂടുതല്‍ കാര്യങ്ങള്‍ അവരെ ഏല്‍പ്പിക്കണം. 38 വര്‍ഷമായി വി - ഗാര്‍ഡിനൊപ്പമുള്ളവര്‍ വരെയുണ്ട്. മിഥുന്‍ വി - ഗാര്‍ഡ് സാരഥ്യമേറ്റിട്ടും അവരില്‍ പലര്‍ക്കും വീണ്ടും സര്‍വീസ് നീട്ടി കൊടുത്തിട്ടുണ്ട്. അതായത് അവര്‍ ഇക്കാലത്തും മികവോടെ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണല്ലോ. ടീമംഗങ്ങളെ പ്രചോദിപ്പിച്ച്, വളര്‍ത്തികൊണ്ടുവരണം. അവര്‍ കൂടെ നില്‍ക്കും.
6. സംരംഭത്തെ കോര്‍പ്പറേറ്റ് ബിസിനസ് പ്രസ്ഥാനമാക്കി വളര്‍ത്തുക
വി - ഗാര്‍ഡ് പ്രൊഫഷണല്‍ രീതിയില്‍ നടത്തുന്ന ഒരു ഫാമിലി ബിസിനസാണ്. ലോകത്തിലെ ബിഗ് ഫോര്‍ കമ്പനികളെ കൊണ്ട് തന്നെയൊക്കെയാണ് ഓഡിറ്റിംഗും മറ്റും നടത്തിയിരുന്നത്. പക്ഷേ കുറേക്കൂടി പ്രൊഫഷണലാകാന്‍, കുറേക്കൂടി കോര്‍പ്പറേറ്റ് കള്‍ച്ചര്‍ വരാന്‍ വേണ്ടി തന്നെയാണ് പബ്ലിക് ഇഷ്യുവിന് പോയത്. കമ്പനി ലിസ്റ്റിംഗിന് ഒരുങ്ങുമ്പോള്‍ തന്നെ കുറേയേറെ കാര്യങ്ങള്‍ നമ്മള്‍ കമ്പനിയില്‍ ചെയ്യണം.
ഡയറക്റ്റര്‍ ബോര്‍ഡില്‍ പുറമേ നിന്നുള്ളവര്‍ വരും. പ്രവര്‍ത്തനം കൂടുതല്‍ സുതാര്യമാകും. വി -ഗാര്‍ഡ് പബ്ലിക് ഇഷ്യു നടത്തിയതുകൊണ്ട് കമ്പനിക്ക് ഗുണങ്ങള്‍ മാത്രമാണുണ്ടായത്. ഒപ്പം നിക്ഷേപകര്‍ക്കും നേട്ടമുണ്ടായി. ഒരു കമ്പനി സൃഷ്ടിക്കുന്ന സമ്പത്ത് മികച്ച രീതിയില്‍ വിതരണം ചെയ്യപ്പെടാനും ലിസ്റ്റിംഗ് ഉപകരിക്കും. നമ്മുടെ പ്രസ്ഥാനം അടിമുടി മാറാന്‍ പബ്ലിക് ഇഷ്യുവിനൊക്കെ പോകുന്നത് ഉപകരിക്കും.
7. സ്വയം പഠിക്കുക, സ്വയം നന്നാവുക
എം ബി എ പഠിക്കാതെ ബിസിനസ് നടത്താനും മാനേജ് ചെയ്യാനും ഇറങ്ങിത്തിരിച്ച വ്യക്തിയാണ് ഞാന്‍. ബിസിനസ് മാനേജ്മെന്റ് പഠിച്ചിട്ടില്ലെന്ന അപകര്‍ഷതാബോധമൊക്കെ ഒരുകാലത്ത് എനിക്കുണ്ടായിരുന്നു. സ്വയം കുറേ കാര്യങ്ങള്‍ പഠിച്ചാണ് അതിനെ ഞാന്‍ മറികടന്നത്.
How to improve myself എന്നതാണ് ഞാന്‍ തിരഞ്ഞത്. സ്വയം നന്നാകാന്‍ പറ്റിയ ബുക്കുകള്‍ തേടിപ്പിടിച്ച് വായിച്ചു. ഞാന്‍ നന്നാകുന്നതിനൊപ്പം ഞാന്‍ ചെയ്യുന്ന കാര്യങ്ങളും പ്രവര്‍ത്തികളും മെച്ചപ്പെടും എന്ന വിശ്വാസമായിരുന്നു അതിന് പിന്നില്‍. പിന്നെ ബിസിനസ് നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിച്ചു. കോഴ്സുകള്‍ ചെയ്തു. നമ്മള്‍ എപ്പോഴും പുതിയ കാര്യങ്ങള്‍ പഠിക്കണം. ബിസിനസിന്റെ വളര്‍ച്ചയ്ക്കും അത് ഉപകരിക്കും.
8. കൃത്യസമയത്ത് ബാറ്റണ്‍ കൈമാറുക
എക്കാലവും നമ്മള്‍ തന്നെ ബിസിനസിന്റെ അമരത്ത് ഇരിക്കണമെന്നില്ല. മക്കള്‍ വളര്‍ന്ന് പഠിച്ച് കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തരാകുമ്പോള്‍ അവരുടെ കൈകളിലേക്ക് ബിസിനസിന്റെ ഉത്തരവാദിത്തം ഏല്‍പ്പിക്കണം. വി - ഗാര്‍ഡില്‍ പ്രധാനമായും രണ്ട് വെര്‍ട്ടിക്കലുകളാണ്. മക്കളായ അരുണിനും മിഥുനിനും അതിന്റെ ഉത്തരവാദിത്തങ്ങള്‍ നല്‍കി. ഈ അധികാരമാറ്റമൊക്കെ സുഗമമായി തന്നെയാണ് നടന്നത്. ഓരോ വെര്‍ട്ടിക്കലും ഇരുവരും നല്ല രീതിയില്‍ തന്നെ നോക്കി വളര്‍ത്തുന്നുണ്ട്
9. വിശ്വാസം നേടിയെടുക്കുക; ജനങ്ങളുടെയും വില്‍പ്പനക്കാരുടെയും
നമ്മള്‍ വിപണിയിലെത്തിക്കുന്ന ഉല്‍പ്പന്നം/ സേവനം ഉപഭോക്താവിന്റെ വിശ്വാസം നേടിയെടുക്കണം. നമ്മള്‍ അവരോട് പറയുന്ന കാര്യങ്ങള്‍ വാക്കില്‍ മാത്രമല്ല പ്രവര്‍ത്തിയിലും ശരിയായിരിക്കണം. വി - ഗാര്‍ഡിന്റെ ആദ്യകാല ടാഗ് ലൈന്‍ The name you can trust എന്നതായിരുന്നു. വിശ്വസിക്കാന്‍ പറ്റുന്ന നാമം എന്ന വാഗ്ദാനം എല്ലാ അര്‍ത്ഥത്തിലും പാലിച്ചു. കച്ചവടക്കാര്‍ക്കും അതില്‍ വിശ്വാസമായിരുന്നു. വി - ഗാര്‍ഡ് സ്റ്റെബിലൈസര്‍ വിറ്റാല്‍ അത് വാങ്ങിയവര്‍ പിന്നീട് പരാതിയുമായി വരില്ലെന്ന വിശ്വാസം വന്നതോടെ ആ ഉല്‍പ്പന്നത്തെ അവര്‍ പിന്തുണയ്ക്കാന്‍ തുടങ്ങി.
10. കുറഞ്ഞ നിക്ഷേപത്തില്‍ നിന്ന് കൂടുതല്‍ ലാഭം നേടാന്‍ ചെപ്പടിവിദ്യയില്ല
ഏറ്റവും കുറഞ്ഞ തുക നിക്ഷേപിച്ച് വലിയ ലാഭം കൊയ്യാന്‍ ബിസിനസില്‍ ചെപ്പടിവിദ്യയില്ല. സാമ്പത്തിക അച്ചടക്കത്തോടെ ബിസിനസ് ചെയ്യുക. കടം വാങ്ങുമ്പോള്‍ അത് ഏറ്റവും അത്യാവശ്യത്തിനായി മാത്രമാകണം. ഇപ്പോള്‍ നല്ല ബിസിനസുകള്‍ക്ക് ഫണ്ട് കിട്ടാന്‍ പ്രയാസമൊന്നുമില്ല. ഫണ്ട് സ്വീകരിക്കുമ്പോള്‍ അത് നല്‍കുന്നവര്‍ക്ക് തീര്‍ച്ചയായും പല താല്‍പ്പര്യങ്ങളും കാണും. അതെല്ലാം അറിഞ്ഞ ശേഷം മാത്രം മുന്നോട്ട് പോകുക. പരമാവധി ചെലവ് കുറച്ച് ബിസിനസ് മുന്നോട്ട് കൊണ്ടുപോയി ലാഭമുണ്ടാക്കാന്‍ നോക്കാം.
(ധനം ക്ലബ് ഹൗസില്‍ അദ്ദേഹം അതിഥിയായി പങ്കെടുത്ത് സംസാരിച്ചതിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്)