വായ്പ കിട്ടുമെന്ന് കേട്ടാല്‍ നിങ്ങള്‍ സംരംഭം തുടങ്ങാന്‍ ചാടിയിറങ്ങുമോ?
പണം നിക്ഷേപിച്ചതുകൊണ്ട് മാത്രം ഒരു സംരംഭവും വളരില്ല, പിന്നെ...?
കാലങ്ങളായി കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമായി തുടരുമ്പോള്‍ ഇവിടെ പുതിയ സംരംഭങ്ങള്‍ വരേണ്ടത് നാടിന്റെ സാമ്പത്തിക വളര്‍ച്ചക്കും സാമൂഹിക വളര്‍ച്ചക്കും വളരെ അനിവാര്യമാണ്. ഇതിന്റെ ഭാഗമായിത്തന്നെയാണ് ഒരു ലക്ഷം ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ കേരളാ സര്‍ക്കാര്‍ അനവധി പ്രവര്‍ത്തങ്ങള്‍ കാഴ്ചവയ്ക്കുന്നത്. ഈ സാഹചര്യത്തില്‍ സംരംഭം ആരംഭിക്കുന്നവരും സര്‍ക്കാരും മനസിലാക്കേണ്ട ചില കാര്യങ്ങളുണ്ട്.
എണ്ണത്തിലല്ല കാര്യം:
എത്ര എണ്ണം സംരംഭങ്ങള്‍ ആരംഭിച്ചു എന്നതിലല്ല കാര്യം. എത്ര എണ്ണം വിജയകരമായി മുന്നോട്ട് പോകുന്നുണ്ട് എന്നതിലാണ്. ഒരു ബിസിനസ് ആരംഭിക്കാന്‍ സമയവും പണവും മാത്രം നിക്ഷേപിച്ചാല്‍ മതി. എന്നാല്‍ അത് വിജയകരമായി മുന്നോട്ട് നയിക്കാന്‍ അശ്രാന്ത പരിശ്രമം അനിവാര്യമാണ്. ഈ ഒരു യാഥാര്‍ഥ്യം മനസിലാക്കികൊടുക്കേണ്ടത് വ്യവസായ വകുപ്പിന്റെ ഉത്തരവാദിത്വമാണ്. എണ്ണം തികയ്ക്കാനായി എല്ലാരേയും സംരംഭകരാക്കുക എന്ന ലക്ഷ്യമല്ല വേണ്ടത്, ബിസിനസ് മുന്നോട്ട് നയിക്കാന്‍ പ്രാപ്തിയുള്ളവരാണെന്ന് മനസിലാക്കിയതിനു ശേഷം മാത്രം അവര്‍ക്ക് വേണ്ടുന്ന സഹായം ചെയ്തു നല്‍കുക. അല്ലാത്തപക്ഷം, മറ്റ് സാമ്പത്തിക മാര്‍ഗങ്ങളെല്ലാം ഉപേക്ഷിച്ചാവും ലോണ്‍ ലഭിക്കുന്നുണ്ടെന്നറിഞ്ഞു ബിസിനസ്സിലേക്ക് ഇറങ്ങുന്നത്, ആവശ്യമില്ലാത്ത പ്രചോദനവും വാഗദാനവും നല്‍കി ഇവരെ ബിസിനസ്സിന്റെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയാല്‍ സംഭവിക്കുന്നത് വന്‍ അപകടമായിരിക്കും. എല്ലാര്‍ക്കും ആരംഭിക്കാനും ആശ്രയിക്കാനും കഴിയുന്നതല്ലല്ലോ സംരംഭം.
എല്ലാവരും ചെയ്യുന്നത് ചെയ്യരുത്:
വ്യത്യസ്ത ആശയങ്ങളാണ് വിജയത്തിന്റെ കാര്യങ്ങളില്‍ ഒന്ന്. പലപ്പോഴും ഒരു പഞ്ചായത്തില്‍ ഒരു വ്യക്തി ഒരു സംരംഭം ആരംഭിച്ചാല്‍ അതിനെ അതേപോലെ പകര്‍ത്തിയാവും മറ്റുള്ളവരും സംരംഭം ആരംഭിക്കുന്നത്. ഇവിടെ സംഭവിക്കുന്നത് ആദ്യം ആരംഭിച്ച സംരംഭകന്റെ കച്ചവടം കുറയുന്നതിനോടൊപ്പം പുതുതായി ആരംഭിച്ചവര്‍ക്ക് പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കാനും കഴിയാത്ത അവസ്ഥ വരും. ഒരു പഞ്ചായത്തിനകത്തെ സംരംഭകര്‍ തമ്മില്‍ മത്സരമല്ല സൃഷ്ടിക്കേണ്ടത്, പകരം സഹകരണമാണ്. അതിനായി വ്യത്യസ്ത ബിസിനസ് ആശയം വികസിപ്പിക്കുന്നതിനും, അതിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും, അതിന്റെ പരിശീലനം നല്‍കുന്നതിനും ഊന്നല്‍നല്‍കേണ്ടതുണ്ട്. അതിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുന്നോട്ടേക്ക് വരണം. അല്ലാത്തപക്ഷം എണ്ണത്തില്‍ മാത്രമാകും ബിസിനസ് വളര്‍ച്ച.പരിശീലനങ്ങള്‍ കാര്യക്ഷമമാക്കണം:
ഇന്ന് നടക്കുന്ന സംരംഭകത്വ പരിശീലനങ്ങളില്‍ ഏറിയതും ഊന്നല്‍ നല്‍കുന്നത് ലോണ്‍ സംവിധാനങ്ങളെ കുറിച്ചും, സബ്‌സിഡികളെകുറിച്ചും, ലൈസന്‍സുകളെകുറിച്ചും മാത്രമാണ്. ഇത് ഒരു പുസ്തകരൂപത്തില്‍ അടിച്ചിറക്കി വിതരണം ചെയ്യാവുന്നതല്ലേയുള്ളു. അതിനായി ട്രെയിനിങ്ങിന്റെ ആവശ്യം യഥാര്‍ത്ഥത്തില്‍ ഇല്ല. ഒരുപക്ഷെ ആളുകള്‍ ഏറ്റവുമധികം അറിയാന്‍ ആഗ്രഹിക്കുന്നതും ഇത്തരം വിഷയങ്ങളെകുറിച്ചാവും. എന്നാല്‍ ആളുകളുടെ ഇഷ്ടത്തിനനുസരിച്ചുള്ള വിഷയങ്ങളല്ല ഇവിടെ നല്‍കേണ്ടത്, അവരുടെ ബിസിനസ് വര്‍ച്ചക്ക് ആവശ്യമായുള്ളവയാണ്. അതിനായി ഒരു ബിസിനസ് വളര്‍ച്ചക്ക് ആവശ്യമായുള്ള വിഷയങ്ങള്‍ തിരഞ്ഞെടുത്ത്, ഉദാഹരണത്തിന് മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡിംഗ്, ആശയവിനിമയം, അടിസ്ഥാനപരമായ കമ്പ്യൂട്ടര്‍ പരിജ്ഞാനം, വില നിര്‍ണയം, സാമ്പത്തിക വിഷയം, തൊളിലാളി ക്ഷേമം തുടങ്ങിയ വിഷയങ്ങള്‍ വച്ച് പ്രഗത്ഭരായവരെകൊണ്ട് ട്രെയിനിങ് മൊഡ്യൂള്‍ ഉണ്ടാക്കിപ്പിച്ച് അത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പകരം ഈ മേഖലയില്‍ ശോഭിച്ചിട്ടുള്ള പരിശീലകരെ കൊണ്ട് ക്ലാസ്സുകള്‍ എടുപ്പിക്കേണ്ടതുണ്ട്. എന്നാല്‍ ഇന്ന് ഓരോ ഡിപ്പാര്‍ട്‌മെന്റിലുമുള്ള ഒഴിവുള്ള ഉദ്യോഗസ്ഥര്‍ അവരുടേതായിട്ടുള്ള രീതിയില്‍ വിഷയാവതരണം നടത്തുന്നതായാണ് കാണുന്നത്. പകരം പരിശീലനത്തില്‍ ഒരു സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ കൊണ്ടുവരേണ്ടതുണ്ട്.
മാത്രമല്ല എണ്ണം തികയ്ക്കുന്നതിനായി ഇത്തരം പരിശീലന പരിപാടികളില്‍ അളവില്‍ കൂടുതല്‍ ആളുകളെ ഇരുത്തുന്നതും പരിശീലനത്തിന്റെ നിലവാരതകര്‍ച്ചയ്ക്ക് കാരണമാകാറുണ്ട്. ഒരു കോര്‍പ്പറേറ്റ് സ്ഥാപനം അവരുടെ തൊഴിലാളികള്‍ക്കുള്ള പരിശീലനം നല്‍കുന്ന അതേ ക്വാളിറ്റി ഇത്തരം സര്‍ക്കാര്‍ പരിശീലനത്തിലും കൊണ്ടുവരുന്നതില്‍ ഒരു ബുദ്ധിമുട്ടും ഇല്ല. നിശ്ചയദാര്‍ഢ്യം മാത്രം മതി. മാത്രമല്ല നിലവിലെ പരിശീലനപരിപാടികളില്‍ ഏറ്റവുമധികം ഫണ്ട് വകയിരുത്തുന്നത് വരുന്നവര്‍ക്കുള്ള ലഘുഭക്ഷണത്തിനാണ്. അത് കഴിഞ്ഞു ബാക്കി തുകയാണ് പലപ്പോഴും പരിശീലന ആവശ്യത്തിനായി ഉപയോഗിക്കുന്നത്. ഇവിടെയെല്ലാമാണ് മാറ്റം സംഭവിക്കേണ്ടത്.
പണം നിക്ഷേപിച്ചതുകൊണ്ടുമാത്രം ഒരു സംരംഭവും വളരുകയില്ല; ബിസിനസ് പഠിക്കുകതന്നെവേണം അതിനായുള്ള ചുറ്റുപാടാണ് സര്‍ക്കാര്‍ ഒരുക്കേണ്ടത്.
പണം നിക്ഷേപിച്ചതുകൊണ്ടുമാത്രം ഒരു സംരംഭവും വളരുകയില്ല; ബിസിനസ് പഠിക്കുകതന്നെവേണം അതിനായുള്ള ചുറ്റുപാടാണ് സര്‍ക്കാര്‍ ഒരുക്കേണ്ടത്.