എങ്ങനെയും ലാഭത്തിലാക്കണം; സൗജന്യ ഭക്ഷണം മുതല്‍ സഹസ്ഥാപകരുടെ ശമ്പളത്തില്‍ വരെ കൈവെച്ച് അണ്‍അക്കാദമി
ഐപിഒ വിജയമാകുന്നതിനും കൂടുതല്‍ ഫണ്ടിംഗ് ലഭിക്കുന്നതിനും ചെലവ് ചുരുക്കല്‍ ആവശ്യമാണെന്ന് ഗൗരവ് മൂഞ്ചാല്‍
പ്രമുഖ എഡ്യൂടെക്ക് സ്ഥാപനമായ അണ്‍അക്കാദമി (Unacademy) ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. കോഫൗണ്ടര്‍മാരുടെ ഉള്‍പ്പടെ ശമ്പളം കമ്പനി കുറയ്ക്കും. ജീവനക്കാര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്നത് അവസാനിപ്പിക്കാനും അണ്‍അക്കാദമി തീരുമാനിച്ചു. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ചിരുന്ന കാര്‍ ഡ്രൈവര്‍മാരെയും, ബിസിനസ് ക്ലാസ് യാത്രകളും പിന്‍വലിക്കും.
28,000 കോടി രൂപ അക്കൗണ്ടില്‍ ഉണ്ടെങ്കിലും ഞങ്ങള്‍ ഒട്ടും കാര്യക്ഷമം അല്ലെന്നാണ് അണ്‍അക്കാദമി സിഇഒ സിഇഒ ഗൗരവ് മൂഞ്ചാല്‍ പറഞ്ഞത്. ജീവനക്കാര്‍ക്കും അധ്യാപകരുടെയും യാത്രകള്‍ക്കായി കോടികളാണ് ചെലവഴിക്കുന്നത്. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുമെന്നും എത്രയും വേഗം കമ്പനിയെ ലാഭത്തിലാക്കുകയാണ് ലക്ഷ്യമെന്നും ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ സിഇഒ വ്യക്തമാക്കി.
Global Test Prep ഉള്‍പ്പടെ നഷ്ടത്തിലുള്ള ബിസിനസുകളൊക്കെ കമ്പനി അവസാനിപ്പിക്കുകയാണ്. രണ്ട് വര്‍ഷത്തിനുള്ളില്‍ നടത്താന്‍ ലക്ഷ്യമിടുന്ന ഐപിഒ വിജയമാകുന്നതിനും കൂടുതല്‍ ഫണ്ടിംഗ് ലഭിക്കുന്നതിനും ചെലവ് ചുരുക്കല്‍ ആവശ്യമാണെന്നും ഗൗരവ് മൂഞ്ചാല്‍ ജീവനക്കാരെ അറിയിച്ചു. ഈ വര്‍ഷം ആദ്യം ഏകദേശം 1000 ജീവനക്കാരെ അണ്‍അക്കാദമി പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 440 മില്യണ്‍ ഡോളര്‍ സമാഹരിച്ചതോടെ കമ്പനിയുടെ മൂല്യം 3.44 ബില്യണ്‍ ഡോളറിലെത്തിയിരുന്നു.