ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഏപ്രില്‍ 26, 2022
എല്‍ഐസി ഐപിഒ മെയ് നാലിന്, പ്രൈസ് ബാന്‍ഡ് ആയിരം രൂപയില്‍ താഴെയായിരുക്കുമെന്ന് റിപ്പോര്‍ട്ട്. ബജാജ് ഫിനാന്‍സ് അറ്റാദായം 80% ഉയര്‍ന്നു. അംബുജ സിമന്റ്‌സ് ഓഹരി ഏറ്റെടുക്കാന്‍ പദ്ധതി ഇട്ട് അദാനി ഗ്രൂപ്പ്. കേരളത്തില്‍ സ്വര്‍ണവില ഇടിഞ്ഞു. സെന്‍സെക്സ് 776 പോയ്ന്റ് ഉയര്‍ന്നു. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.
എല്‍ഐസി ഐപിഒ പ്രൈസ് ബാന്‍ഡ് ആയിരം രൂപയില്‍ താഴെയായിരുക്കുമെന്ന് റിപ്പോര്‍ട്ട്
എല്‍ഐസി ഐപിഒ പ്രൈസ് ബാന്‍ഡ് ആയിരം രൂപയില്‍ താഴെയായിരിക്കുമെന്ന് ബ്ലൂംബെര്‍ഗ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. അടുത്ത ആഴ്ച തന്നെ ഐപിഒ തുറക്കുമെന്നും റിപ്പോര്‍ട്ട് ഉറപ്പിക്കുന്നു. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍(ഘകഇ) ഐപിഒ യിലൂടെ 3.5% ഓഹരി വില്‍പ്പനയാണ് കേന്ദ്രം ലക്ഷ്യമിട്ടിരിക്കുന്നത്. ഇത് നേരത്തെ പ്രഖ്യാപിച്ച 5 ശതമാനത്തേക്കാള്‍ കുറവാണ്.
പ്രാരംഭ പബ്ലിക് ഓഫറിന്റെ വില 902 രൂപ മുതല്‍ 949 രൂപ വരെ ആയിരിക്കും. ഐപിഒ അടുത്ത ആഴ്ച തുറക്കും. വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവിട്ടേക്കും. ആങ്കര്‍ നിക്ഷേപകര്‍ക്ക് മെയ് 2 നും ബാക്കിയുള്ള നിക്ഷേപകര്‍ക്ക് മെയ് 4 മുതല്‍ മെയ് 9 വരെയും ഇഷ്യു തുറന്നിരിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
എല്‍ഐസിയുടെ പോളിസി ഉടമകള്‍ക്ക് ഐപിഒ ഇഷ്യൂ വിലയില്‍ ഒരു ഷെയറൊന്നിന് 60 രൂപ കിഴിവ് ലഭിക്കും, റീറ്റെയ്ല്‍ ബിഡ്ഡര്‍മാര്‍ക്കും ജീവനക്കാര്‍ക്കും 45 രൂപ കിഴിവ് ലഭിക്കും. ഐപിഒയുടെ 10% പോളിസി ഉടമകള്‍ക്കായി സംവരണം ചെയ്യുമെന്നാണ് വിവരം.
ബജാജ് ഫിനാന്‍സ് അറ്റാദായം 80% ഉയര്‍ന്നു
നാലാം പാദത്തില്‍ ബജാജ് ഫിനാന്‍സ് ലിമിറ്റഡിന്റെ അറ്റാദായം ഉയര്‍ന്നു. ഉപഭോക്തൃ കേന്ദ്രീകൃത ബാങ്കിതര വായ്പക്കാരയ ഫിനാന്‍സ് കമ്പനി നികുതിക്ക് ശേഷമുള്ള ലാഭം ജനുവരി-മാര്‍ച്ച് കാലയളവില്‍ 2,419.5 കോടി രൂപയാണ് രേഖപ്പെടുത്തിയത്. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 80% ഉയര്‍ച്ചയാണ് കാണിക്കുന്നത്. അറ്റ വരുമാനം വര്‍ഷാവര്‍ഷം 26% വളര്‍ച്ചയോടെ 8,630 കോടിയായി.
അംബുജ സിമന്റ്‌സ് ഓഹരി ഏറ്റെടുക്കാന്‍ പദ്ധതി ഇട്ട് അദാനി ഗ്രൂപ്പ്
ഹോള്‍സിം ലിമിറ്റഡിന്റെ ഇന്ത്യയിലെ ബിസിനസുകള്‍ ഏറ്റെടുക്കാന്‍ ഗൗതം അദാനിയുടെ കമ്പനി വിപുലമായ ചര്‍ച്ചകള്‍ നടത്തിവരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അംബുജ സിമന്റ്സ് ലിമിറ്റഡിന്റെ നിയന്ത്രണത്തിലുള്ള ഓഹരികള്‍ ഹോള്‍സിമില്‍ നിന്ന് വാങ്ങുന്നതിനുള്ള കരാറില്‍ അദാനി ഗ്രൂപ്പ് വരും ദിവസങ്ങളില്‍ ഒപ്പുവെച്ചേക്കുമെന്നാണ് ദേശീയ വൃത്തങ്ങള്‍ പറയുന്നത്.
തിയേറ്ററുകളും സ്റ്റേഡിയവും ഉണര്‍ന്നതോടെ കൊക്കകോള വില്‍പ്പനയില്‍ വര്‍ധനവ്
കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളില്‍നിന്ന് കരകയറി, തിയേറ്ററുകളും സ്റ്റേഡിയവും ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ കൊക്ക കോള വില്‍പ്പനയും കുത്തനെ ഉയര്‍ന്നു. വിശകലന വിദഗ്ധരുടെ പ്രതീക്ഷകള്‍ക്ക് മുകളിലാണ് കൊക്ക കോളയുടെ ത്രൈമാസ വരുമാനം. അറ്റ വില്‍പ്പന 16 ശതമാനം ഉയര്‍ന്ന് 10.5 ബില്യണ്‍ ഡോളറിലെത്തി. വാള്‍സ്ട്രീറ്റിന്റെ 9.83 ബില്യണ്‍ ഡോളറിന്റെ പ്രതീക്ഷകളേക്കാള്‍ കൂടുതലാണിത്.
സ്വര്‍ണവില കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവില (Gold price) കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില (ഏീഹറ ുൃശരല ീേറമ്യ) 38760 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 55 രൂപയുടെ കുറവാണു ഇന്നുണ്ടായത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4845 രൂപയായി.
പച്ച തൊട്ട് വിപണി, സെന്‍സെക്സ് 776 പോയ്ന്റ് ഉയര്‍ന്നു
ആഗോള വിപണികളിലെ ആശ്വാസ റാലി ഇന്ത്യന്‍ ഓഹരി വിപണിയെ രണ്ട് ദിവസത്തെ നഷ്ടം മറികടക്കാന്‍ സഹായിച്ചു. ബെഞ്ച് മാര്‍ക്ക് സൂചിക സെന്‍സെക്സ് 777 പോയിന്റ് അഥവാ 1.37 ശതമാനം ഉയര്‍ന്ന് 57,357 പോയ്ന്റിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 246 പോയ്ന്റ് അഥവാ 1.46 ശതമാനം ഉയര്‍ന്ന് 17200 പോയ്ന്റിലാണ് ക്ലോസ് ചെയ്തത്.
അദാനി പോര്‍ട്‌സ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോര്‍പ്പ്, പവര്‍ ഗ്രിഡ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ടൈറ്റന്‍, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിനാന്‍സ് എന്നിവ 3.5 ശതമാനത്തിനും 5.8 ശതമാനത്തിനും ഇടയില്‍ ഉയര്‍ന്നു നേട്ടമുണ്ടാക്കി. അതേസമയം, എച്ച്ഡിഎഫ്‌സി ലൈഫ്, സിപ്ല, എല്‍ ആന്‍ഡ് ടി, ദിവിസ് ലാബ്‌സ്, ഭാരതി എയര്‍ടെല്‍, ബ്രിട്ടാനിയ, എച്ച്യുഎല്‍, ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ, ശ്രീ സിമന്റ് എന്നിവ രണ്ട് ശതമാനം ഇടിഞ്ഞു.
വിശാല വിപണികളില്‍, ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.6 ശതമാനവും ബിഎസ്ഇ സ്മോള്‍ക്യാപ് 0.7 ശതമാനവും ഉയര്‍ന്നു. മേഖലാതലത്തില്‍ യഥാക്രമം 3.5 ശതമാനവും 3 ശതമാനവും ഉയര്‍ന്ന് നിഫ്റ്റി റിയല്‍റ്റി, ഓട്ടോ സൂചികകള്‍ മികച്ച മുന്നേറ്റം നടത്തി.
കേരള കമ്പനികളുടെ പ്രകടനം
ഓഹരി വിപണി മുന്നേറിയപ്പോള്‍ 15 കേരള കമ്പനികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. അപ്പോളോ ടയേഴ്സ് (6.27 ശതമാനം), ആസ്റ്റര്‍ ഡി എം (2.05 ശതമാനം), ഫെഡറല്‍ ബാങ്ക് (2.31 ശതമാനം), ഹാരിസണ്‍സ് മലയാളം (6.55 ശതമാനം), കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് (3.69 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (2.14 ശതമാനം), മണപ്പുറം ഫിനാന്‍സ് (2.17 ശതമാനം) തുടങ്ങിയവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍. എവിറ്റി, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, ഈസ്റ്റേണ്‍ ട്രെഡ്സ്, വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് തുടങ്ങിയവയുടെ ഓഹരി വിലകളില്‍ ഇടിവുണ്ടായി.