ഇന്ന് നിങ്ങളറിഞ്ഞരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഏപ്രില്‍ 20, 2022
ജിഡിപി വളര്‍ച്ചാ നിരക്ക് വീണ്ടും താഴ്ത്തി ഐഎംഎഫ്. എച്ച്ഡിഎഫ്‌സി ക്യാപിറ്റലില്‍ നിക്ഷേപം നടത്തി അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി. 2.17 കോടി ഇന്‍ഷുറന്‍സ് പോളിസികള്‍ വില്‍പ്പന നടത്തി എല്‍ഐസി. തുടര്‍ച്ചയായ കയറ്റത്തില്‍ നിന്ന് സ്വര്‍ണവില താഴേക്ക്. അഞ്ച് ദിവസങ്ങള്‍ക്കുശേഷം പച്ച തൊട്ട് വിപണി, സെന്‍സെക്സ് 574 പോയ്ന്റ് ഉയര്‍ന്നു. ഇന്ന് നിങ്ങളറിഞ്ഞരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.
ജിഡിപി വളര്‍ച്ചാ നിരക്ക് വീണ്ടും താഴ്ത്തി ഐ എം എഫ്
ആഗോള ജിഡിപി വളര്‍ച്ച 3.6 ശതമാനമാകുമെന്ന് ഐഎംഎഫിന്റെ പുതിയ വിലയിരുത്തല്‍. 4.4 ശതമാനമെന്ന ജനുവരിയില്‍ പുറത്തിറക്കിയ നിരക്കില്‍ നിന്നും താഴെയാണ് ഇത്. യുക്രെയ്ന്‍ യുദ്ധമാണു പ്രതീക്ഷ താഴ്ത്താന്‍ കാരണമെന്നാണ് ഐഎംഎഫിന്റെ നിഗമനം.
യുദ്ധം ക്രൂഡ് ഓയിലും പ്രകൃതി വാതകവുമടക്കം ഊര്‍ജ മേഖലയില്‍ വന്‍ വലിയ വിലക്കയറ്റത്തിനു വഴിതെളിച്ചു. ലോഹങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവയും കടുത്ത വിലക്കയറ്റത്തിലായി. ഇതു വികസ്വര രാജ്യങ്ങളിലെ ഇക്കൊല്ലത്തെ ശരാശരി വിലക്കയറ്റം 8.7 ശതമാനത്തിലേക്കു കയറ്റും.
നേരത്തേ കണക്കാക്കിയ വിലക്കയറ്റ നിരക്ക് 5.9 ശതമാനമായിരുന്നു. വികസിത രാജ്യങ്ങളിലെ വിലക്കയറ്റം 3.9 ശതമാനത്തില്‍ നിന്ന് 5.7 ശതമാനത്തിലെത്തും. 2021-ല്‍ 6.1 ശതമാനം വളര്‍ച്ച ഉണ്ടായിരുന്ന സ്ഥാനത്ത് ഈ വര്‍ഷം 3.6-ഉം അടുത്ത വര്‍ഷം 3.3 ഉം ശതമാനമാകും വളര്‍ച്ച.
എച്ച് ഡി എഫ് സി ക്യാപിറ്റലില്‍ നിക്ഷേപം നടത്തി അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി
വീണ്ടും ഇന്ത്യയിലേക്ക് അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ (അഉകഅ) നിക്ഷേപമെത്തി. ഏകദേശം 184 കോടി രൂപ. എച്ച്ഡിഎഫ്സിക്ക് കീഴിലുള്ള എച്ചഡിഎഫ്‌സി ക്യാപിറ്റലിന്റെ 10 ശതമാനം ഓഹരികള്‍ ആണ് അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിക്ക് വില്‍ക്കാന്‍ എച്ച്ഡിഎഫ്സി കരാര്‍ ഒപ്പുവച്ചത്.
എമിറേറ്റ് ഓഫ് അബുദാബിയുടെ ഉടമസ്ഥതയിലുള്ള സോവറിന്‍ വെല്‍ത്ത് ഫണ്ട്, എച്ച്ഡിഎഫ്സി ക്യാപിറ്റല്‍ നിയന്ത്രിക്കുന്ന ഇതര നിക്ഷേപ ഫണ്ടുകളിലെ പ്രാഥമിക നിക്ഷേപകന്‍ കൂടിയാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മോര്‍ട്ട്ഗേജ് ലെന്‍ഡര്‍ ആയ ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ (എച്ച്ഡിഎഫ്സി) അതിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയാണ് എച്ച്ഡിഎഫ്സി ക്യാപിറ്റല്‍ അഡൈ്വസേഴ്സ്. പൂര്‍ണമായും പണമിടപാടില്‍ നടത്തുന്ന ഓഹരി വില്‍പ്പനയിലൂടെ 10% ഓഹരികളാണ് അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ (എഡിഐഎ) അഫിലിയേറ്റിന് വില്‍ക്കുക.
2021-22 വര്‍ഷം മൊത്തം 2.17 കോടി ഇന്‍ഷുറന്‍സ് പോളിസികള്‍ വില്‍പ്പന നടത്തി എല്‍ഐസി
2021-22 സാമ്പത്തിക വര്‍ഷം മൊത്തം ഗ്രൂപ്പ് പോളിസികളില്‍ (ജിആര്‍പി) 12.66 ശതമാനം വര്‍ധന നേടി എല്‍ഐസി. മുന്‍ വര്‍ഷത്തെ 1.28 ലക്ഷം കോടി രൂപയെ അപേക്ഷിച്ച് ഇത്തവണ 1.44 ലക്ഷം കോടി രൂപയുടെ ഗ്രൂപ്പ് പോളിസികളാണ് എല്‍ഐസി വിറ്റത്. മികച്ച വാര്‍ഷിക വളര്‍ച്ചയുമായി വിപണിയില്‍ മുന്നേറ്റം തുടരുന്ന കമ്പനി നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ തന്നെ എല്‍ഐസിയുടെ ഐപിഒ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുത്തൂറ്റ് മിനി കടപ്പത്ര വിതരണം തുടങ്ങി; 10 ശതമാനം വരെ വാര്‍ഷിക ആദായം
മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് കടപ്പത്ര വില്‍പ്പന തുടങ്ങി. ഓഹരിയാക്കി മാറ്റാന്‍ സാധിക്കാത്ത കടപ്പത്ര (എന്‍.സി.ഡി) വിതരണത്തിലൂടെ 250 കോടി രൂപ വരെ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 1000 രൂപയാണ് മുഖവില. ഈ കടപ്പത്ര നിക്ഷേപത്തിലൂടെ ഉപഭോക്താക്കള്‍ക്ക് വിവിധ കാലപരിധികളിലായി 8.30 ശതമാനം മുതല്‍ 10 ശതമാനം വരെ ഫലപ്രദമായ വാര്‍ഷിക ആദായം നേടാം. മേയ് 17ന് കടപ്പത്ര വിതരണം അവസാനിക്കും. ഈ കടപ്പത്രങ്ങള്‍ക്ക് കെയര്‍ റേറ്റിങ്സ് ലിമിറ്റഡിന്റെ 'കെയര്‍ ട്രിപ്പിള്‍ ബി പ്ലസ്; സ്റ്റേബിള്‍' ക്രെഡിറ്റ്് റേറ്റിങും ലഭിച്ചിട്ടുണ്ട്. ഈ കടപ്പത്രങ്ങള്‍ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യും. വിവിധ നിരക്കുകളിലായി ആറ് നിക്ഷേപ ഓപ്ഷനുകളിലാണ് കടപ്പത്രങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളത്. 480 ദിവസം മുതല്‍ 66 മാസം വരെയാണ് കാലപരിധികള്‍.
തുടര്‍ച്ചയായ കയറ്റത്തില്‍ നിന്ന് സ്വര്‍ണവില താഴേക്ക്
കേരളത്തില്‍ മൂന്നു ദിവസത്തെ തുടര്‍ച്ചയായ ഇടിവിനുശേഷം ഇന്ന് സ്വര്‍ണവിലയില്‍ (ഏീഹറ ുൃശരല) ഇടിവ്. ഇന്നലെ മാറാതെ നിന്ന ഉയര്‍ന്ന വിലയാണ് താഴേക്ക് പോയത്. ഇന്നത്തെ വിപണി വില (ഏീഹറ ുൃശരല ീേറമ്യ) 39320 രൂപയാണ്.
ഇന്ന് സംസ്ഥാനത്ത് സ്വര്‍ണവില ഗ്രാമിന് 70 രൂപയോളം കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപയാണ് കുറഞ്ഞത്. 560 രൂപ ഒറ്റയടിക്ക് കുറഞ്ഞതോടെ റീറ്റെയ്ല്‍ വിപണിയില്‍ ഇന്നുണര്‍വുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4915 രൂപയാണ് ഇന്നത്തെ വിപണി വില.
സംസ്ഥാനത്ത് 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 60 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4060 രൂപയായി. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്.
അഞ്ച് ദിവസങ്ങള്‍ക്കുശേഷം പച്ച തൊട്ട് വിപണി, സെന്‍സെക്സ് 574 പോയ്ന്റ് ഉയര്‍ന്നു
തുടര്‍ച്ചയായ അഞ്ച് ദിവസത്തെ ഇടിവിനുശേഷം പച്ച തൊട്ട് ഓഹരി വിപണി. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്സ് 574 പോയ്ന്റ് അഥവാ ഒരു ശതമാനം ഉയര്‍ച്ചയോടെ 57,037 പോയ്ന്റിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഐടി, ഓട്ടോ, എഫ്എംസിജി സ്റ്റോക്കുകളുടെ വാങ്ങലുകളാണ് വിപണിയെ ഉയര്‍ത്തിയത്. ഒരുഘട്ടത്തില്‍ പോലും വിപണി ചുവപ്പിലേക്ക് നീങ്ങിയില്ല. നിഫ്റ്റി 50 സൂചിക 178 പോയിന്റ് അഥവാ 1 ശതമാനം ഉയര്‍ന്ന് 17,136 ലാണ് ക്ലോസ് ചെയ്തത്. രണ്ട് സൂചികകളും യഥാക്രമം 57216, 17187 എന്നിങ്ങനെ ഇന്‍ട്രാ-ഡേയുടെ ഉയര്‍ന്ന നിലവാരത്തിലെത്തി.
അള്‍ട്രാടെക് സിമന്റ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, മാരുതി സുസുകി, ഏഷ്യന്‍ പെയ്ന്റ്‌സ്, ഭാരതി എയര്‍ടെല്‍, ടിസിഎസ് എന്നിവ 2.4 ശതമാനത്തിനും 3.4 ശതമാനത്തിനും ഇടയില്‍ മുന്നേറി. അതേസമയം, ബജാജ് ട്വിന്‍സ്, ഐസിഐസിഐ ബാങ്ക്, ഐടിസി, എല്‍ ആന്‍ഡ് ടി, ടാറ്റ സ്റ്റീല്‍ എന്നിവ 3 ശതമാനം വരെ താഴ്ന്നു.
വിശാല വിപണിയില്‍, ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 0.5 ശതമാനം വരെ ഉയര്‍ന്നു. മേഖലാതലത്തില്‍ നിഫ്റ്റി മെറ്റല്‍ സൂചികയാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. നിഫ്റ്റി ഓട്ടോ സൂചിക 2.4 ശതമാനം ഉയര്‍ന്ന് മികച്ച നേട്ടമുണ്ടാക്കി.
കേരള കമ്പനികളുടെ പ്രകടനം
ഓഹരി വിപണി പച്ചയില്‍ തുടര്‍ന്നപ്പോള്‍ 16 കേരള കമ്പനികള്‍ നേട്ടമുണ്ടാക്കി. അപ്പോളോ ടയേഴ്സ് (3.18 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്സ് (5.77 ശതമാനം), ഹാരിസണ്‍സ് മലയാളം (6.79 ശതമാനം), കിറ്റെക്സ് (5.29 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4.95 ശതമാനം) എന്നിവയാണ് ഇന്ന് മികച്ച നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍. അതേസമയം മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, റബ്ഫില ഇന്റര്‍നാഷണല്‍, വണ്ടര്‍ലാ ഹോളിഡേയ്സ് തുടങ്ങിയവയുടെ ഓഹരിവിലയില്‍ ഇടിവുണ്ടായി.