ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഏപ്രില്‍ 25, 2022
വാറന്‍ ബഫറ്റിനെ പിന്തള്ളി ഗൗതം അദാനി ലോകത്തെ അഞ്ചാമത്തെ സമ്പന്നന്‍. ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കാന്‍ ബിപിസിഎല്ലുമായി കൈകോര്‍ത്ത് എംജി മോട്ടോര്‍ ഇന്ത്യ. ജിഎസ്ടി നിരക്ക് കൂട്ടാനുള്ള കൗണ്‍സില്‍ നിര്‍ദ്ദേശത്തെ എതിര്‍ത്ത് കേരളം. സെന്‍സെക്സ് 617 പോയ്ന്റ് താഴ്ന്നു. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍
വാറന്‍ ബഫറ്റിനെ പിന്തള്ളി ഗൗതം അദാനി
വാറന്‍ ബഫറ്റിനെ പിന്തള്ളി ഗൗതം അദാനി ലോകത്തിലെ അഞ്ചാമത്തെ സമ്പന്നനായി. അദാനി ഗ്രൂപ്പ് ഓഹരികളിലെ കുത്തനെയുള്ള മുന്നേറ്റമാണ് അദ്ദേഹത്തെ ഈ നേട്ടത്തിലേക്ക് നയിച്ചത്. ഫോര്‍ബ്‌സിന്റെ തല്‍സമയ ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം, അദാനിയുടെ ആസ്തി 123.7 ബില്യണ്‍ ഡോളറാണ്. ബഫറ്റിന്റെ 121.7 ബില്യണ്‍ ഡോളറിനെയാണ് അദാനി മറികടന്നത്. തുറമുഖങ്ങള്‍, ഭക്ഷ്യ എണ്ണ, വിമാനത്താവളങ്ങള്‍, വൈദ്യുതി ഉല്‍പ്പാദനം, വിതരണം തുടങ്ങി ഒന്നിലധികം ബിസിനസുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമാണ് ഗൗതം അദാനി.
ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കാന്‍ ബിപിസിഎല്ലുമായി കൈകോര്‍ത്ത് എംജി മോട്ടോര്‍
രാജ്യത്തുടനീളം ഇലക്ട്രിക് വെഹിക്ക്ള്‍ ചാര്‍ജിംഗ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡുമായി (ബിപിസിഎല്‍) കൈകോര്‍ത്ത് വാഹന നിര്‍മാതാക്കളായ എംജി മോട്ടോര്‍ ഇന്ത്യ. ബിപിസിഎല്ലുമായുള്ള പങ്കാളിത്തം ഇലക്ട്രിക് വാഹന വിപണിയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുമെന്ന് വാഹന നിര്‍മാതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.
ജിഎസ്ടി നിരക്ക് കൂട്ടാനുള്ള കൗണ്‍സില്‍ നിര്‍ദ്ദേശത്തെ എതിര്‍ത്ത് കേരളം
രാജ്യത്ത് 143 ഇനങ്ങളുടെ ജിഎസ്ടി നിരക്ക് കൂട്ടാനുള്ള കൗണ്‍സില്‍ നിര്‍ദ്ദേശത്തെ എതിര്‍ത്ത് സംസ്ഥാന ധനകാര്യമന്ത്രി. നിരക്ക് സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്താതെ തീരുമാനം എടുക്കരുതെന്ന് ധനമന്ത്രി പറഞ്ഞു. ജിഎസ്ടി കൗണ്‍സില്‍ ഇങ്ങിനെയൊരു തീരുമാനമെടുത്തോയെന്ന് അറിയില്ല.
സംസ്ഥാനത്തിന് ഇത്തരമൊരു നിര്‍ദേശം കിട്ടിയില്ല. കേന്ദ്രം ഏകപക്ഷീയമായി നികുതി കൂട്ടാന്‍ ശ്രമിക്കുകയാണ്. സില്‍വര്‍ ലൈനിനായി ചെലവാക്കുന്നതില്‍ 40,000 കോടി ജനങ്ങളുടെ കയ്യില്‍ എത്തുമെന്നും മന്ത്രി ബാലഗോപാല്‍ ചാനല്‍ പരിപാടിയില്‍ പറഞ്ഞു.
സമ്പദ്വ്യവസ്ഥ 7.5-8 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് സിഐഐ
ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 7.5-8 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സിഐഐ. രാജ്യത്തിന്റെ വിജയഗാഥയില്‍ കയറ്റുമതി ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും സിഐഐ പ്രസിഡന്റ് ടിവി നരേന്ദ്രന്‍. വ്യക്തമാക്കി.
ഓഹരി ഉടമകള്‍ക്ക് 1550 ശതമാനം ലാഭവിഹിതവുമായി എച്ച്ഡിഎഫ്‌സി ബാങ്ക്
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വായ്പാ ദാതാവായ എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരി ഉടമകള്‍ക്ക് 1 രൂപ മുഖവിലയുള്ള ഓരോ ഇക്വിറ്റി ഷെയറിനും 15.50 രൂപ അഥവാ 1,550 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. 2022 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ ലാഭവിഹിതമാണ് ബാങ്ക് പ്രഖ്യാപിച്ചത്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ബോര്‍ഡ് യോഗത്തില്‍ 2021-22 സാമ്പത്തിക വര്‍ഷത്തേക്ക് ഒരു ഇക്വിറ്റി ഷെയറിന് 15.50 രൂപ ലാഭവിഹിതം ശുപാര്‍ശ ചെയ്തതായി കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. എന്നിരുന്നാലും, ശുപാര്‍ശ കമ്പനിയുടെ ആനുവല്‍ ജനറല്‍ മീറ്റ് അംഗീകാരത്തിന് വിധേയമാണ്.
ഇടിവിന് ശേഷം രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില (ഏീഹറ ുൃശരല ീേറമ്യ) 39200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4900 രൂപയാണ് വില. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ഇടിവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. ശനിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയുടെ കുറവാണ് സംഭവിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 30 രൂപയുടെ കുറവ് രേഖപ്പെടുത്തി.
സെന്‍സെക്സ് 617 പോയ്ന്റ് താഴ്ന്നു
തുടര്‍ച്ചയായി രണ്ടാം ദിവസവും ഓഹരി വിപണിയില്‍ ഇടിവ്. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്സ് 617 പോയ്ന്റ് അഥവാ 1.08 ശതമാനം താഴ്ന്ന് 56,580ലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 50 സൂചിക 187 പോയ്ന്റ് അഥവാ 1.09 ശതമാനം ഇടിഞ്ഞ് 16,985 ല്‍ വ്യാപാരം അവസാനിപ്പിച്ചു. ഒരുഘട്ടത്തില്‍ ഇരുസൂചികകളും യഥാക്രമം ഇന്‍ഡ്രാ ഡേയിലെ ഏറ്റവും താഴന്ന് നിലയായ 56539, 16888 എന്ന നിലയിലെത്തി. ചരക്ക് വില ഉയരുന്നതും കോവിഡ് ഭീതിയുമാണ് വിപണിയെ ഇന്നും താഴ്ചകളിലേക്ക് വലിച്ചിട്ടത്.
ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, നെസ്ലെ ഇന്ത്യ, ഭാരതി എയര്‍ടെല്‍, കൊട്ടക് ബാങ്ക് എന്നിവ മാത്രമാണ് നിഫ്റ്റി സൂചികയില്‍ 2 ശതമാനം വരെ ഉയര്‍ന്ന് നേട്ടമുണ്ടാക്കിയത്. കോള്‍ ഇന്ത്യ, ബിപിസിഎല്‍, ടാറ്റ സ്റ്റീല്‍, എസ്ബിഐ ലൈഫ്, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്‌സ്, സണ്‍ ഫാര്‍മ എന്നിവ 6.5 ശതമാനം വരെ ഇടിഞ്ഞു.
ടാറ്റ കമ്മ്യൂണിക്കേഷന്‍സ്, ജൂബിലന്റ് ഫുഡ്വര്‍ക്ക്‌സ്, കമ്മിന്‍സ് ഇന്ത്യ, ഒബ്‌റോയ് റിയല്‍റ്റി, ഫ്യൂച്ചര്‍ ഗ്രൂപ്പ് ഓഹരികള്‍, ബിര്‍ള ടയേഴ്‌സ് എന്നിവ 5 ശതമാനത്തിനും 20 ശതമാനത്തിനും ഇടയില്‍ ഇടിഞ്ഞതോടെ വിശാല വിപണി സൂചികകള്‍ 1.8 ശതമാനം വീതം ഇടിഞ്ഞു. മേഖലാതലത്തില്‍ നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചിക മാത്രമാണ് 0.44 ശതമാനം ഉയര്‍ന്ന് പോസിറ്റീവോടെ വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി റിയാലിറ്റി സൂചിക നാല് ശതമാനവും നിഫ്റ്റി മെറ്റല്‍ സൂചിക മൂന്ന് ശതമാനവും ഇടിഞ്ഞു.
നേട്ടമുണ്ടാക്കിയത് ഒന്‍പത് കേരള കമ്പനികള്‍ മാത്രം
ഓഹരി വിപണി തുടര്‍ച്ചയായി രണ്ടാം ദിവസവും ചുവപ്പില്‍ നീങ്ങിയപ്പോള്‍ ഒന്‍പത് കേരള കമ്പനികള്‍ മാത്രമാണ് നേട്ടമുണ്ടാക്കിയത്. എവിറ്റി (4.49 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (1.66 ശതമാനം), സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് (1.73 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (4.84 ശതമാനം), കിറ്റെക്‌സ് (1.57 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് (1.80 ശതമാനം) തുടങ്ങിയവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍. അപ്പോളോ ടയേഴ്‌സ്, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, എഫ്എസിടി, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, മുത്തൂറ്റ് ഫിനാന്‍സ്, വണ്ടര്‍ലാ ഹോളിഡേയ്‌സ് തുടങ്ങിയവയുടെ ഓഹരി വിലകളില്‍ ഇടിവുണ്ടായി.
തെറ്റായ വാര്‍ത്താപ്രചരണം: 16 യൂട്യൂബ് ചാനലുകള്‍ക്ക് പൂട്ടിട്ട് കേന്ദ്രം
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് പതിനാറോളം യൂട്യൂബ് ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്രം. ഇതില്‍ ആറെണ്ണം പാക്കിസ്താന്‍ ആസ്ഥാനമായതും പത്തെണ്ണം ഇന്ത്യയിലേതുമാണെന്നാണ് വിവരം. ഐടി റൂള്‍സ് 2021 പ്രകാരമാണ് ചാനലുകള്‍ക്ക് രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്.
ദേശീയ സുരക്ഷ, ഇന്ത്യയുടെ വിദേശ ബന്ധം, രാജ്യത്തെ സാമുദായിക സൗഹാര്‍ദം, പൊതുസമാധാനക്രമം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ഈ യൂട്യൂബ് വാര്‍ത്താ ചാനലുകള്‍ ഉപയോഗിച്ചതായി നിരീക്ഷിച്ചതായാണ് മിനിസ്ട്രി ഓഫ് ബ്രോഡ്കാസ്റ്റിംഗ് ഇന്ത്യയുടെ അറിയിപ്പ്.