ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; 19 മെയ്, 2022

അറ്റാദായത്തില്‍ മുന്നേറ്റവുമായി ധനലക്ഷ്മി ബാങ്ക്. സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. അശോക് ലെയ്‌ലാന്റിന്റെ മാര്‍ച്ച് പാദത്തിലെ അറ്റാദായത്തില്‍ 274 ശതമാനം വര്‍ധന. 18,000 കോടിയുടെ നിക്ഷേപവുമായി മാരുതി സുസുകി. ഈഥര്‍ ഐപിഒ 24ന് തുറക്കും. വിപണി വീണ്ടും ഇടിവില്‍, സെന്‍സെക്സ് 1,416 പോയ്ന്റ് ഇടിഞ്ഞു. ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍

Update:2022-05-19 19:30 IST
അറ്റാദായത്തില്‍ മുന്നേറ്റവുമായി ധനലക്ഷ്മി ബാങ്ക്
2022 സാമ്പത്തിക വര്‍ഷത്തെ അവസാന പാദത്തില്‍ മുന്നേറ്റവുമായി ധനലക്ഷ്മി ബാങ്ക്. മുന്‍വര്‍ഷത്തെ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ധനലക്ഷ്മി ബാങ്കിന്റെ കഴിഞ്ഞ പാദത്തിലെ അറ്റാദായം 343 ശതമാനം വര്‍ധിച്ച് 23.42 കോടിയായി. 2021 മാര്‍ച്ച് പാദത്തില്‍ 5.28 കോടിയായിരുന്നു ബാങ്കിന്റെ അറ്റാദായം. മൊത്തം പ്രവര്‍ത്തനങ്ങളില്‍നിന്നുള്ള വരുമാനം 10.41 ശതമാനം വര്‍ധിച്ച് 234.91 കോടിയായി.
സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു
ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വര്‍ണവിലയാണ് ഇന്നുയര്‍ന്നത്. 160 രൂപയുടെ വര്‍ധനവാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് മാത്രമുണ്ടായത്. മെയിലെ ഏറ്റവും വലിയ വിലക്കുറവില്‍ നിന്നാണ് സ്വര്‍ണം കയറിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 37040 രൂപയായി. ഇന്നലെ 560 രൂപയായിരുന്നു ഒറ്റയടിക്ക് കുറഞ്ഞത്.
കഴിഞ്ഞ ഒരാഴച്ചയ്ക്കിടയില്‍ രണ്ട് തവണ മാത്രമാണ് സ്വര്‍ണവില ഉയര്‍ന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ഇന്നലെ സ്വര്‍ണ വ്യാപാരം നടന്നത്. 20 രൂപയുടെ വര്‍ധനവാണ് ഒരുഗ്രാം സ്വര്‍ണത്തില്‍ ഉണ്ടായത്. ഇതോടെ കേരളത്തില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 4630 രൂപയായി.
അശോക് ലെയ്‌ലാന്റിന്റെ മാര്‍ച്ച് പാദത്തിലെ അറ്റാദായത്തില്‍ 274 ശതമാനം വര്‍ധന
2022 സാമ്പത്തിക വര്‍ഷത്തെ മാര്‍ച്ച് പാദത്തിലെ അറ്റാദായത്തില്‍ 274 ശതമാനം വര്‍ധനവുമായി അശോക് ലെയ്‌ലാന്റ്. 901.4 കോടി രൂപയാണ് 2022 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ അശോക് ലെയ്‌ലാന്റ് നേടിയത്. മുന്‍കാലയളവില്‍ ഇത് 273.74 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 7,000.49 കോടി രൂപയില്‍ നിന്ന് ഉയര്‍ന്ന് 8744.29 കോടി രൂപയായി.
18,000 കോടിയുടെ നിക്ഷേപവുമായി മാരുതി സുസുകി
ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ 18,000 കോടി രൂപയുടെ നിക്ഷേപവുമായി രാജ്യത്തെ ജനപ്രിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി. ഹരിയാനയിലെ സോനിപത് ജില്ലയിലെ ഐഎംടി ഖാര്‍ഖോദയില്‍ പുതിയ നിര്‍മാണ പ്ലാന്റ് ഒരുക്കുന്നതിനാണ് മാരുതി വമ്പന്‍ നിക്ഷേപം നടത്തുന്നത്. പ്രതിവര്‍ഷം 10 ലക്ഷം യൂണിറ്റ് നിര്‍മാണ ശേഷിയുള്ള പ്ലാന്റായിരിക്കും ഒരുക്കുക. ഹരിയാനയിലെ മാരുതി സുസുകിയുടെ മൂന്നാമത്തെ നിര്‍മാണ പ്ലാന്റായിരിക്കും ഇത്.
800 ഏക്കറില്‍ ഒരുക്കുന്ന നിര്‍മാണപ്ലാന്റിനായി രണ്ട് ഘട്ടങ്ങളിലാണ് നിക്ഷേപം നടത്തുക. ആദ്യഘട്ടത്തിലെ 11,000 കോടിയുടെ നിക്ഷേപത്തിലൂടെ പ്രതിവര്‍ഷം 2.5 യൂണിറ്റ് നിര്‍മാണ ശേഷിയുള്ള പ്ലാന്റ് സജ്ജമാക്കും. ഈ നിര്‍മാണ പ്ലാന്റുകളില്‍നിന്നുള്ള വാഹനങ്ങള്‍ 2025 ഓടെ വിപണിയിലെത്തിക്കാനാകുമെന്നാണ് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നത്.
ഈഥര്‍ ഐപിഒ 24ന് തുറക്കും
സ്പെഷ്യാലിറ്റി കെമിക്കല്‍സ് നിര്‍മാതാക്കളായ ഈഥറിന്റെ പ്രാഥമിക ഓഹരി വില്‍പ്പന മെയ് 24ന് തുറക്കും. ഒരു ഓഹരിക്ക് 610-642 രൂപയാണ് പ്രൈസ് ബാന്‍ഡായി നിശ്ചയിച്ചിരിക്കുന്നത്. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 627 കോടി രൂപയുടെ പുതിയ ഓഹരികളുടെ കൈമാറ്റവും നിലവിലുള്ള ഷെയര്‍ഹോള്‍ഡര്‍മാരുടെയും പ്രൊമോട്ടര്‍മാരുടെയും 181.04 കോടി രൂപയുടെ 28.2 ലക്ഷം വരെയുള്ള ഇക്വിറ്റി ഷെയറുകളുടെ ഓഫര്‍ ഫോര്‍ സെയ്ലുമാണ് ഉള്‍പ്പെടുന്നത്.
വിപണി വീണ്ടും ഇടിവില്‍, സെന്‍സെക്സ് 1,416 പോയ്ന്റ് ഇടിഞ്ഞു
ആഗോള വിപണികളിലെ പതനം ഇന്ത്യന്‍ ഓഹരി വിപണിയിലും പ്രതിഫലിച്ചു. രക്തച്ചൊരിച്ചിലോടെ വ്യാപാരം ആരംഭിച്ച ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് കുത്തിയൊലിച്ചത് 6.75 ട്രില്യണ്‍ രൂപയാണ്. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്സ് 1416 പോയ്ന്റ് അഥവാ 2.61 ശതമാനം ഇടിവോടെയാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഒരുഘട്ടത്തില്‍ സൂചിക 52,669.5 എന്ന ഇന്‍ട്രാ-ഡേയിലെ താഴ്ന്ന നിലയിലെത്തി. ബിഎസ്ഇയിലെ കമ്പനികളുടെ വിപണി മൂലധനം 255.77 ട്രില്യണില്‍ നിന്ന് 249.02 ട്രില്യണായി ഇടിഞ്ഞതിനാല്‍ നിക്ഷേപകര്‍ക്ക് ഒരു ദിവസം കൊണ്ട് നഷ്ടമായത് 6.75 ട്രില്യണ്‍ രൂപയാണ്.
നിഫ്റ്റി 50 സൂചിക 431 പോയിന്റ് അഥവാ 2.65 ശതമാനം ഇടിഞ്ഞ് 15,809 ലാണ് ക്ലോസ് ചെയ്തത്. വിശാല വിപണികളില്‍ ബിഎസ്ഇ മിഡ്ക്യാപ് സൂചിക 2.6 ശതമാനം ഇടിഞ്ഞപ്പോള്‍ ബിഎസ്ഇ സ്മോള്‍ക്യാപ് സൂചിക 2.3 ശതമാനം ഇടിഞ്ഞു. ഓഹരി വിപണി കുത്തിയൊലിച്ചപ്പോള്‍ നേട്ടമുണ്ടാക്കിയത് എട്ട് കേരള കമ്പനികളാണ്. കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (2.59 ശതമാനം), ധനലക്ഷ്മി ബാങ്ക് (5.25 ശതമാനം), കേരള ആയുര്‍വേദ (4.96 ശതമാനം), കിറ്റെക്‌സ് (4.24 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (1.85 ശതമാനം) എന്നിവയാണ് ഇന്ന് മികച്ച നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍.


Tags:    

Similar News