ഒമിക്രോണ്‍ ആശങ്കയില്‍ വിനോദ സഞ്ചാര മേഖല

ക്രിസ്മസ്, പുതുവത്സര സീസണില്‍ പ്രതീക്ഷ അര്‍പ്പിച്ച് കേരളം ഒരുങ്ങുമ്പോഴാണ് ഒമിക്രോണ്‍ വകഭേദം ആശങ്ക സൃഷ്ടിക്കുന്നത്.

Update:2021-11-29 14:15 IST

വാക്‌സിനേഷന്റെ തോത് ഉയര്‍ന്നതും ഇനിയൊരു കൊവിഡ് തരംഗം ഉണ്ടാകില്ലെന്ന പ്രതീക്ഷയുമാണ് ഓരോ രാജ്യങ്ങളിലെയും സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വ് നല്‍കിയത്. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ ലോകത്തെയാകെ വീണ്ടും പരിഭ്രാന്തിയിലാക്കുകയാണ്.

ലോകരാജ്യങ്ങള്‍ യാത്രാ നിയന്ത്രണങ്ങളിലേക്ക് തിരിച്ചുപോകുമ്പോള്‍ കേരളത്തിലെ വിനോദ സഞ്ചാര മേഖല ആശങ്കയിലാണ്. കൊവിഡ് ഏറ്റവും അധികം ആഘാതം സൃഷ്ടിച്ച മേഖല തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കിയിരുന്നു. ക്രിസ്മസ്, പുതുവത്സര സീസണില്‍ പ്രതീക്ഷ അര്‍പ്പിച്ച് ഒരുങ്ങുകയാണ് കേരളം. ഇതിനിടെ വന്ന ഒമിക്രോണ്‍ ആശങ്കയില്‍ സംസ്ഥാനത്തെ പല റിസോര്‍ട്ടുകളിലെയും ബുക്കിംഗുകള്‍ റദ്ദാക്കപ്പെടുന്ന സാഹചര്യം ഉണ്ട്.
യൂറോപ്പില്‍ നിന്നുള്‍പ്പടെ എത്തുന്നവര്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ ആണ് ഇന്ത്യ ഏര്‍പ്പെടുത്തുന്നത്. ഈ സാഹചര്യത്തില്‍ യാത്ര മാറ്റുകയല്ലാതെ സഞ്ചാരികള്‍ക്ക് വേറെ മാര്‍ഗമില്ല. നിലവില്‍ കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ച 12 രാജ്യങ്ങളെയാണ് കേന്ദ്രം ഹൈ റിസ്‌ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതുതായി ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന രാജ്യങ്ങള്‍ ഈ പട്ടികയിലേക്ക് എത്തുമെന്ന് ചുരുക്കം.
ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കൂടുതല്‍ രാജ്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ അത് വിദേശ സഞ്ചാരികളുടെ എണ്ണത്തെ ഗണ്യമായി ബാധിക്കും.
സംസ്ഥാന സര്‍ക്കാരുകളും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയാണ്. കേരളം, മഹാരാഷ്ട്ര എന്നിവടങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് കര്‍ണാടക ആര്‍ടിപിസിആര്‍ ടെസ്റ്റും ക്വാറന്റൈനും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത് മറ്റ് സംസ്ഥാനങ്ങളില്‍ കേരളത്തിലെ സാഹചര്യത്തെക്കുറിച്ച് ആശങ്ക സൃഷ്ടിച്ചേക്കും. ഇത് കേരളത്തിലേക്ക് എത്തുന്ന ആഭ്യന്തര സഞ്ചാരികളുടെ വരവിനെയും സ്വാധീനിക്കും. ഈ പ്രശ്‌നം മുന്നില്‍ കണ്ട് കേരളത്തിലെ സാഹചര്യങ്ങള്‍ സഞ്ചാരികള്‍ക്ക് അനുകൂലമാണെന്ന് വ്യക്തമാക്കുന്ന പ്രചാരണം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു.
പുതുക്കിയ മാര്‍ഗരേഖ ബുധനാഴ്ച മുതല്‍
രാജ്യാന്തര യാത്രക്കാര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യണം. യാത്രയ്ക്ക് മുമ്പ് 14 ദിവസത്തെ വിശദാംശങ്ങള്‍, സത്യവാങ്മൂലം എന്നിവയും നല്‍കണം.
ഹൈ റിസ്‌ക് പട്ടികയിലെ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ ഏഴുദിവസത്തെ ഹോം ക്വാറന്റൈനില്‍ കഴിയണം. ശേഷം വീണ്ടും കൊവിഡ് പരിശോധന നടത്തണം. തുടര്‍ന്ന് ഏഴുദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണം. അതേ സമയം പുതിയ വകഭേദത്തെക്കുറിച്ചുള്ള ആശങ്കയില്‍ ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തരുതെന്ന് ലോകാര്യോഗ സംഘടന അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ബംഗ്ലാദേശ്, ബോട്‌സ്വാന, ചൈന, മൗറീഷ്യസ്, സിംബാബ് വെ, സിംഗപ്പൂര്‍, ഹോങ്കോംഗ്, ഇസ്രായേല്‍, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളാണ് നിലവില്‍ ഹൈ റിസ്‌ക് പട്ടികയില്‍ ഉള്ളത്.





Tags:    

Similar News