സംസ്ഥാനത്തെ 13 ജില്ലകളിലും പ്രതീക്ഷിച്ച മഴയില്ല
മഴ കുറഞ്ഞതോടെ സംസ്ഥാനത്ത് വൈദ്യുതോല്‍പ്പാദനം ഇടിഞ്ഞു
സംസ്ഥാനത്ത് പത്തനംതിട്ട ഒഴികെ മറ്റ് 13 ജില്ലകളിലും പ്രതീക്ഷിച്ചത്ര മഴ കിട്ടിയില്ലെന്ന് കെ.എസ്.ഇ.ബിയുടെ റിപ്പോര്‍ട്ട്. ആലപ്പുഴ 21%, കണ്ണൂര്‍ 24%, എറണാകുളം 32%, ഇടുക്കി 56%, കാസര്‍കോട് 27%, കൊല്ലം 23%, കോട്ടയം 45%, കോഴിക്കോട് 45%, മലപ്പുറം 40%, പാലക്കാട് 47%, തിരുവനന്തപുരം 30%, തൃശൂര്‍ 46%, വയനാട് 56% എന്നിങ്ങനെയാണ് ജില്ലകളിലെ മഴക്കുറവ്. സംസ്ഥാനത്തെ മൊത്തം മഴക്കുറവ് 40% ആണ്.
അണക്കെട്ടുകളിലെ വെള്ളത്തിന്റെ അളവ്
സംസ്ഥാനത്തെ വൈദ്യുതി ബോര്‍ഡ് അണക്കെട്ടുകളില്‍ വെള്ളത്തിന്റെ അളവ് 43 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഗ്രൂപ്പ് ഒന്നില്‍പെട്ട ഇടുക്കി, പമ്പ, കക്കി, ഷോളയാര്‍, ഇടമലയാര്‍, കുണ്ടള, മാട്ടുപ്പെട്ടി എന്നീ വലിയ അണക്കെട്ടുകളിലെ മൊത്തം വെള്ളത്തിന്റെ അളവ് 41 ശതമാനമാണ്. ഗ്രൂപ്പ് രണ്ടില്‍പെട്ടകുറ്റ്യാടി, തര്യോട്, ആനയിറങ്കല്‍, പൊന്മുടി എന്നീ അണക്കെട്ടുകളില്‍ 60 ശതമാനവും ഗ്രൂപ്പ് മൂന്നില്‍പെട്ട കല്ലാര്‍കുട്ടി, പെരിങ്ങല്‍കുത്ത്, ചെങ്കുളം, ലോവര്‍ പെരിയാര്‍ എന്നീ അണക്കെട്ടുകളില്‍ 51 ശതമാനവുമാണ് വെള്ളത്തിന്റെ അളവ്.
നിലവില്‍ 1,781 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം സംഭരിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ രണ്ടിന് 1,467.496 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ആവശ്യമായ വെള്ളമാണ് എല്ലാ സംഭരണികളിലുമായി ഉണ്ടായിരുന്നത്. ഇത് സംഭരണശേഷിയുടെ 35% ആണ്.
മഴ ലഭിച്ചു
ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ എല്ലാ അണക്കെട്ടുകളുടേയും വൃഷ്ടിപ്രദേശങ്ങളില്‍ മഴ ലഭിച്ചിട്ടുണ്ട്. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ 5.8 മി.മീ മഴ ലഭിച്ചു. 7.093 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഒഴുകിയെത്തി. മറ്റ് അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ ഇന്നലെ പെയ്ത മഴയുടെ കണക്ക് ഇങ്ങനെയാണ്. പമ്പ 29 മി.മീ, കക്കി 34, ഷോളയാര്‍ 19, ഇടമലയാര്‍ 5.4, കുണ്ടള 2.8, മാട്ടുപ്പെട്ടി 2, കുറ്റ്യാടി 23, തര്യോട് 9.2, പൊന്മുടി 4, നേര്യമംഗലം 5, ലോവര്‍പെരിയാര്‍ 7 മി.മീ. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഇന്നലെ വരെ 425.675 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഒഴുകിയെത്തി.
544.594 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണ് വൈദ്യുതി ബോര്‍ഡ് ലോഡ് ഡെസ്പാച്ച് സെന്റര്‍ ഇക്കാലയളവില്‍ പ്രതീക്ഷിച്ചിരുന്നത്. ഇതിനിടെ കരുതല്‍ സംഭരണം ഉയര്‍ത്താന്‍ സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി വെട്ടിക്കുറച്ചിരിക്കുകയാണ്. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ 15.8352 ദശലക്ഷം യൂണിറ്റ് മാത്രമായിരുന്നു ഉല്‍പ്പാദനം. 80.2582 ദശലക്ഷം യൂണിറ്റായിരുന്നു ഇന്നലത്തെ ഉപഭോഗം. ഇതില്‍ 64.423 ദശലക്ഷം യൂണിറ്റ് പുറത്തു നിന്നും എത്തിച്ചതാണ്. ഇടമലയാറില്‍ ഇന്നലെ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചതേയില്ല.