പുതിയ നിയമനങ്ങള്‍ക്കൊരുങ്ങി ട്വിറ്റര്‍; പേയ്‌മെന്റ് ഫീച്ചര്‍ ഉള്‍പ്പടെ എവരിതിംഗ് ആപ്പ് എക്‌സ് വരുന്നു

അക്ഷരങ്ങളുടെ പരിധി 280ല്‍ നിന്നും 420 ആയി ട്വിറ്റര്‍ ഉയര്‍ത്തിയേക്കും. ട്വിറ്ററില്‍ നിന്ന് പിരിച്ചുവിട്ടു എന്ന വ്യാജ പ്രചാരണം നടത്തിയ ഡാനിയല്‍ ഫ്രാന്‍സിസിന് നിയമനം നല്‍കി മസ്‌ക്

Update:2022-11-28 10:59 IST

പുതിയ നിയമനങ്ങള്‍ക്കൊരുങ്ങി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ട്വിറ്റര്‍ (Twitter). കഴിഞ്ഞ ദിവസം പങ്കുവെച്ച സ്ലൈഡിലൂടെയാണ് വീണ്ടും നിയമനങ്ങള്‍ നടത്തുന്ന കാര്യം ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്‌ക് (Elon Musk) അറിച്ചത്. നേരത്തെ 50 ശതമാനത്തോളം ജീവനക്കാരെയും കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്തിരുന്ന 4,400ഓളം പേരെയും ട്വിറ്റര്‍ പിരിച്ചുവിട്ടിരുന്നു. എന്നാല്‍ പുതുതായി എത്ര നിയമങ്ങളാണ് നടത്തുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.


അതേ സമയം ട്വിറ്ററില്‍ നിന്ന് പിരിച്ചുവിട്ടു എന്ന വ്യാജ പ്രചാരണം നടത്തിയ ഡാനിയല്‍ ഫ്രാന്‍സിസിന് മസ്‌ക് നിയമനം നല്‍കി എന്ന റിപ്പോര്‍ട്ടുമുണ്ട്. തന്റെ സ്വപ്‌ന പദ്ധതിയായ എവരിതിംഗ് ആപ്പ് എക്‌സിന്റെ (Everything App X) ഭാഗമാവുകയാണ് ട്വിറ്റര്‍ എന്ന സൂചന നേരത്തെ മസ്‌ക് നല്‍കിയിരുന്നു. എവരിതിംഗ് ആപ്പ് അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ട്വിറ്ററില്‍ വലിയ മാറ്റങ്ങളാണ് നടപ്പിലാക്കുന്നത്. എന്‍ക്രിപ്റ്റഡ് ഡയറക്ട് മെസേജസ്, പണം അയക്കാനുള്ള സൗകര്യം തുടങ്ങിയവ ട്വിറ്ററില്‍ എത്തുമെന്നാണ് വിവരം. ഉപയോഗിക്കുന്ന അക്ഷരങ്ങളുടെ പരിധി 280ല്‍ നിന്നും 420 ആയി ട്വിറ്റര്‍ ഉയര്‍ത്തിയേക്കും. മസ്‌ക് പുറത്തിറക്കുന്ന സൂപ്പര്‍ ആപ്ലിക്കേഷന്‍ ആണ് എവരിതിംഗ് ആപ്പ് എക്‌സ്.

12-18 മാസത്തിനുള്ളില്‍ പ്രതിമാസ ഉപഭോക്താക്കളുടെ എണ്ണം ഒരു ബില്യണിലേക്ക് എത്തിക്കുമെന്നും മസ്‌ക് അറിയിച്ചിട്ടുണ്ട്. നിര്‍ത്തിവെച്ച ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രിപ്ഷനും കമ്പനി പുനരാരംഭിച്ചു. പ്രതിമാസം എട്ട് ഡോളറാണ് വെരിഫൈയ്ഡ് അക്കൗണ്ടുകള്‍ക്കായി ട്വിറ്റര്‍ ഈടാക്കുന്നത്. താനും എട്ട് ഡോളര്‍ നല്‍കുന്നുണ്ടെന്ന് ഏതാനും മണിക്കൂറുകള്‍ മുമ്പ് മസ്‌ക് ട്വീറ്റും ചെയ്തിരുന്നു. ബ്ലൂടിക്ക് കൂടാതെ ഗോള്‍ഡ്, ഗ്രേ നിറങ്ങളിലായി പുതിയ ബാഡ്ജുകളും ട്വിറ്റര്‍ അവതരിപ്പിക്കുന്നുണ്ട്. കമ്പനികള്‍ക്കാണ് ട്വിറ്റര്‍ ഗോള്‍ഡ് ടിക്ക് നല്‍കുന്നത്.ഗ്രേ ടിക്ക് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കാണ് ലഭിക്കുക. സെലിബ്രിറ്റികള്‍ അടക്കമുള്ളവരുടെ വ്യക്തിഗത അക്കൗണ്ടുകള്‍ക്ക് മാത്രമാണ് ബ്ലൂടിക്ക്. 


Tags:    

Similar News