റിയല്‍ എസ്റ്റേറ്റ് ഭീമന്‍ എവര്‍ഗ്രാന്‍ഡെ തകരുന്നു; ചൈനീസ് സമ്പദ്‌വ്യവസ്ഥയ്ക്ക് വന്‍ തിരിച്ചടി

ഓഹരി വ്യാപാരം സസ്‌പെന്‍ഡ് ചെയ്തു; ലോകത്ത് ഏറ്റവുമധികം കടബാദ്ധ്യതയുള്ള റിയല്‍ എസ്‌റ്റേറ്റ് കമ്പനി, ചെയര്‍മാന്‍ പൊലീസ് വലയില്‍

Update: 2023-09-28 09:01 GMT

Image : Evergrande, Evergrande Chair Hui Ka Yan

ചൈനയിലെ രണ്ടാമത്തെ വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ എവര്‍ഗ്രാന്‍ഡെ (Evergrande) കടക്കെണിയില്‍പ്പെട്ട് വീണ്ടും തകരുന്നു. ഹോങ്കോംഗ്‌ ഓഹരി വിപണിയില്‍ എവര്‍ഗ്രാന്‍ഡെ ഓഹരികളുടെ വ്യാപാരം സസ്‌പെന്‍ഡ് ചെയ്തു. കമ്പനിയുടെ മറ്റ് രണ്ട് യൂണിറ്റുകളായ പ്രോപ്പര്‍ട്ടി സര്‍വീസസ് (ഹെങ്ഡ റിയല്‍ എസ്റ്റേറ്റ്), ഇലക്ട്രിക് വെഹിക്കിള്‍ എന്നിവയുടെ ഓഹരി വ്യാപാരവും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

17 മാസത്തെ ഇടവേളയ്ക്ക് ശേഷം ഹോങ്കോംഗ് ഓഹരി വിപണിയില്‍ എവര്‍ഗ്രാന്‍ഡെ ഓഹരികളുടെ വ്യാപാരം പുനരാരംഭിച്ചത് ഒരുമാസം മുമ്പാണ്. ഇന്ന് പ്രാദേശിക സമയം രാവിലെ 9ഓടെയാണ് വീണ്ടും കമ്പനിയുടെ ഓഹരികളുടെ വ്യാപാരം റദ്ദാക്കിയത്. ഇന്നലെ (ബുധനാഴ്ച) എവര്‍ഗ്രാന്‍ഡെ ഓഹരികളുടെ വില 19 ശതമാനം ഇടിഞ്ഞിരുന്നു.
ചെയര്‍മാന്‍ പൊലീസ് വലയത്തില്‍
എവര്‍ഗ്രാന്‍ഡെയുടെ സ്ഥാപകനും ചെയര്‍മാനുമായ ഹ്യു ക യാന്‍ പൊലീസ് വലയിലായ പശ്ചാത്തലത്തിലാണ് ഓഹരി വിപണിയിലെ വ്യാപാരം റദ്ദാക്കിയത്. എന്തിനാണ് അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് വ്യക്തമല്ല. എവിടെയാണ് പൊലീസ് ഇദ്ദേഹത്തെ കൊണ്ടുപോയതെന്നോ ഏത് വകുപ്പ് പ്രകാരമാണ് കേസെന്നോ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. 1996ല്‍ ഹ്യൂ ക യാന്‍ സ്ഥാപിച്ച കമ്പനിയാണ് എവര്‍ഗ്രാന്‍ഡെ. ഈമാസം ആദ്യം എവര്‍ഗ്രാന്‍ഡെയുടെ നിരവധി ജീവനക്കാരെയും ഷെന്‍ജെന്‍ പ്രവിശ്യയില്‍ വച്ച് പൊലീസ് പിടികൂടിയിരുന്നു.
ഹ്യു ക യാനിന് പുറമേ കമ്പനിയിലെ രണ്ട് ഉന്നതരും പൊലീസ് കസ്റ്റഡിയിലാണെന്നാണ് സൂചന.
കടങ്ങള്‍ കെട്ടിപ്പൊക്കി, വീട്ടാന്‍ വീഴ്ച വരുത്തി
കടങ്ങള്‍ വാരിക്കൂട്ടി ഫ്‌ളാറ്റുകള്‍ കെട്ടിപ്പൊക്കുകയായിരുന്നു എവര്‍ഗ്രാന്‍ഡെ. ഉപസ്ഥാപനമായ ഹെങ്ഡ മുതലും പലിശയുമടക്കം കടംവീട്ടേണ്ട തീയതി ഈയാഴ്ച ആദ്യമായിരുന്നു. ഇത് പാലിക്കാന്‍ കമ്പനിക്ക് കഴിഞ്ഞില്ല. ബോണ്ടുകളിറക്കി വാങ്ങിയ 400 കോടി യുവാന്‍ (ഏകദേശം 4,500 കോടി രൂപ) തിരിച്ചടയ്ക്കുന്നതിലാണ് വീഴ്ച വരുത്തിയത്.
എവര്‍ഗ്രാന്‍ഡെയ്ക്ക് ആകെ 30,000 കോടി ഡോളറിന്റെ (25 ലക്ഷം കോടി രൂപ) കടബാദ്ധ്യതയുണ്ട്. ലോകത്ത് ഏറ്റവുമധികം കടബാദ്ധ്യതയുള്ള റിയല്‍ എസ്‌റ്റേറ്റ് കമ്പനിയാണ് എവര്‍ഗ്രാന്‍ഡെ.
യൂറോപ്യന്‍ രാജ്യമായ ഫിന്‍ലന്‍ഡിന്റെ ജി.ഡി.പിക്ക് തുല്യമാണ് എവര്‍ഗ്രാന്‍ഡെയുടെ കടം. ഒക്ടോബറിനകം കടം വീട്ടാനുള്ള പദ്ധതി എവര്‍ഗ്രാന്‍ഡെ സമര്‍പ്പിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് വായ്പാദാതാക്കളുടെ നീക്കം.
തകരുന്നത് ചൈനീസ് സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണ്‍
ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ചൈനയുടെ സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണുകളിലൊന്നാണ് റിയല്‍ എസ്‌റ്റേറ്റ് മേഖല. ചൈനീസ് ജി.ഡി.പിയില്‍ നാലിലൊന്നും റിയല്‍ എസ്റ്റേറ്റ് മേഖലയാണ് സംഭാവന ചെയ്യുന്നത്.
2021ലാണ് എവര്‍ഗ്രാന്‍ഡെയുടെ പ്രതിസന്ധി ഇതിന് മുമ്പ് രൂക്ഷമായത്. 280ലേറെ നഗരങ്ങളില്‍ സാന്നിദ്ധ്യമുള്ള കമ്പനിക്ക് 1,300ലേറെ റിയല്‍ എസ്റ്റേറ്റ് പദ്ധതികളുണ്ട്.
പണമടച്ച 15 ലക്ഷത്തിലധികം പേര്‍ക്ക് പാര്‍പ്പിട പദ്ധതികള്‍ കൈമാറാന്‍ കമ്പനിക്ക് കഴിഞ്ഞില്ല. സാമ്പത്തികഞെരുക്കം മൂലം പല പദ്ധതികളും പാതിവഴിയില്‍ ഉപേക്ഷിച്ചു. സിമന്റ്, കമ്പി, പെയിന്റ് തുടങ്ങിയവ നല്‍കിയ കമ്പനികള്‍ക്ക് എവര്‍ഗ്രാന്‍ഡെ വീട്ടാനുള്ളതും 7 ലക്ഷത്തിലധികം കോടി രൂപയിലേറെയാണ്.
കടംവാങ്ങിയ തുക വൈദ്യുതി വാഹന (ഇ.വി) നിര്‍മ്മാണ കമ്പനി സ്ഥാപിച്ച് വക മാറ്റിയതും അത്തരം ബിസിനസുകള്‍ പച്ചപിടിക്കാതിരുന്നതും കമ്പനിക്ക് തിരിച്ചടിയായി.
എവര്‍ഗ്രാന്‍ഡെയ്ക്ക് പുറമേ മറ്റ് നിരവധി ചൈനീസ് റിയല്‍ എസ്റ്റേറ്റ് കമ്പനികളും കടത്തില്‍പ്പെട്ട് നട്ടംതിരിയുകയാണ്. മറ്റൊരു ചൈനീസ് കമ്പനിയായ കൗണ്ട് ഗാര്‍ഡന്റെ കടബാദ്ധ്യത 15,000 കോടി ഡോളറാണ്; ഏകദേശം 12.45 ലക്ഷം കോടി രൂപ. ചൈനീസ് സമ്പദ്‌വ്യവസ്ഥയ്ക്കാകെ വന്‍ തിരിച്ചടിയാണ് റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ ഈ വീഴ്ച.
ഏകദേശം ഒരുലക്ഷത്തോളം ജീവനക്കാര്‍ എവര്‍ഗ്രാന്‍ഡെയ്ക്കുണ്ട്. ഇവര്‍ക്കുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തുടര്‍ച്ചയായി മുടങ്ങുകയാണ്. ചൈനക്കാരുടെ മൊത്തം നിക്ഷേപത്തില്‍ 70 ശതമാനത്തോളവും റിയല്‍ എസ്‌റ്റേറ്റ് മേഖലയിലാണ്. ഈ രംഗത്ത് കമ്പനികളുടെ തകര്‍ച്ച ജനങ്ങള്‍ക്കും തിരിച്ചടിയാകും. ഇത്, ഉപഭോക്തൃവിപണിയുടെ തകര്‍ച്ചയ്ക്കും വഴിവയ്ക്കും.
ആഗോളതലത്തിലും തിരിച്ചടി
നിരവധി ആഗോള കമ്പനികള്‍ ചൈനയില്‍ പ്രത്യേകിച്ച് റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപം നടത്തിയിട്ടുണ്ട്. ചൈനീസ് റിയല്‍ എസ്റ്റേറ്റിന്റെ തകര്‍ച്ച ഈ കമ്പനികള്‍ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും. ഇത് ആഗോള സമ്പദ്‌വ്യവസ്ഥയെയും സാരമായി ബാധിക്കും. ആഗോള ഓഹരി വിപണികള്‍ക്കും ഈ പ്രതിസന്ധി വന്‍ വെല്ലുവിളിയാകും.
Tags:    

Similar News