പെട്രോളിയം ക്രൂഡിന്റെ വിന്‍ഡ്ഫാള്‍ ടാക്സ് വര്‍ധിപ്പിച്ച് കേന്ദ്രം
ഡീസല്‍, വ്യോമയാന ഇന്ധനം എന്നിവയുടെ നികുതി കുറച്ചു
പെട്രോളിയം ക്രൂഡിന്റെ വിന്‍ഡ്ഫാള്‍ ടാക്സ് വര്‍ധിപ്പിച്ച് കേന്ദ്രം. അതേസമയം വ്യോമയാന ഇന്ധനത്തിനും ഡീസലിനും ഈ നികുതി കുറച്ചു. ഇതോടെ ആഭ്യന്തരമായി ഉല്‍പാദിപ്പിച്ച പെട്രോളിയം ക്രൂഡിന്റെ വിന്‍ഡ്ഫാള്‍ ടാക്സ് ടണ്ണിന് 10,000 രൂപയില്‍ നിന്ന് (120.37 ഡോളര്‍) 12,100 രൂപയായി (145.65 ഡോളര്‍) ഉയര്‍ന്നു. വ്യോമയാന ഇന്ധന കയറ്റുമതിയിലെ വിന്‍ഡ്ഫാള്‍ ടാക്സ് 3.50 രൂപയില്‍ നിന്ന് 2.50 രൂപയായും ഡീസലിന്റേത് 5.50 രൂപയില്‍ നിന്ന് 5 രൂപയായും കുറഞ്ഞു.
റഷ്യ-യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതോടെ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നപ്പോള്‍ കമ്പനികള്‍ക്കു ലഭിച്ച അധിക വരുമാനത്തിനാണ് കേന്ദ്രം വിന്‍ഡ് ഫാള്‍ ടാക്സ് ഏര്‍പ്പെടുത്തിയത്. അതായത് രാജ്യത്ത് വിപണിയെക്കാള്‍ കുറഞ്ഞ നിരക്കില്‍ വില്‍ക്കുന്നതിനുപകരം ലാഭം നേടുന്നതിനായി സ്വകാര്യ റിഫൈനര്‍മാര്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് 2022 ജൂലൈ 1 മുതല്‍ രാജ്യം ആഭ്യന്തരമായി ഉല്‍പാദിപ്പിച്ച ക്രൂഡ് ഓയില്‍, പെട്രോള്‍, ഡീസല്‍, വ്യോമയാന ഇന്ധനം എന്നിവയുടെ കയറ്റുമതിക്ക് മേല്‍ ഈ അധിക നികുതി ഏര്‍പ്പെടുത്തി.