ലോകരാജ്യങ്ങള്‍ വീണ്ടും കോവിഡിന്റെ പിടിയിലാവുകയാണോ? അറിയാം ഇക്കാര്യങ്ങള്‍

ഒരു വര്‍ഷത്തിന് ശേഷം ചൈനയില്‍ ആദ്യമായി കോവിഡ് മരണം സ്ഥിരീകരിച്ചു. പടിഞ്ഞാറന്‍ പസഫിക് മേഖല, ആഫ്രിക്ക എന്നിവിടങ്ങളില്‍ കേസുകള്‍ ഉയരുകയാണ്.

Update:2022-03-20 16:00 IST

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ചൈനീസ് നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആശങ്കയിലാണ് ലോകം. ഒരു വര്‍ഷത്തിന് ശേഷം ചൈനയില്‍ ആദ്യമായി കോവിഡ് മരണവും സ്ഥിരീകരിച്ചു. ചൈന ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ രോഗ വ്യാപനം കണക്കിലെടുത്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉന്നത തലയോഗം ചേര്‍ന്നിരുന്നു. ചൈനയെക്കൂടാതെ ദക്ഷിണ കൊറിയ, സിംഗപൂര്‍ തുടങ്ങിയ രാജ്യങ്ങളിലും കോവിഡ് പടരുകയാണ്.

നമ്മള്‍ മഹാമാരിയുടെ മധ്യത്തിലാണെന്നാണ് ലോകാരോഗ്യ സംഘടന പറഞ്ഞത്. കോവിഡ് മരണങ്ങളില്‍ 17 ശതമാനം ഇടിവ് ഉണ്ടായെങ്കിലും വ്യാപന നിരക്ക് പെട്ടെന്ന് ഉയരുകയായിരുന്നു എന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. പടിഞ്ഞാറന്‍ പസഫിക് മേഖല, ആഫ്രിക്ക എന്നിവിടങ്ങളില്‍ കൊവിഡ് കേസുകള്‍ 29 ശതമാനത്തോളം ആണ് ഉയര്‍ന്നത്. യുറോപ്പില്‍ കേസുകളുടെ എണ്ണം 2 ശതമാനവും വര്‍ധിച്ചു. അതിനിടെ ഇസ്രായേലില്‍ കൊവിഡിന്റെ ബിഎ.1, ബിഎ.2 വകഭേദങ്ങള്‍ കൂടുച്ചേര്‍ന്ന പുതിയ വൈറസിനെ കണ്ടെത്തിയരുന്നു.
ഇന്ത്യയിലുള്‍പ്പടെ കേസുകള്‍ കുത്തനെ ഇടിയുമ്പോളാണ് ഈ മേഖലകളില്‍ കൊവിഡ് ഉയരുന്നത്. ഭൂരിഭാഗം രാജ്യങ്ങളും കോവിഡ് പരിശോധന കുറച്ചതുകൊണ്ട് കൃത്യമായ രോഗവ്യാപനം അറിയാന്‍ സാധിക്കില്ല എന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ധിച്ചാല്‍ വീണ്ടും നിയന്ത്രണങ്ങല്‍ കൊണ്ടുവരുമെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്.
രോഗവ്യാപനം കുറഞ്ഞതോടെ മിക്ക രാജ്യങ്ങളും നിയന്ത്രണങ്ങള്‍ എടുത്ത് കളഞ്ഞിരുന്നു. കേരളത്തില്‍ ഘട്ടംഘട്ടമായി മാസ്‌ക് ഒഴിവാക്കുന്നതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ആലോചിച്ചിരുന്നു. അതിനിടെയാണ് നിരീക്ഷണം തുടരണമെന്ന് കേന്ദ്രം അറിയിച്ചത്. കോവിഡിന്റെ നാലാം തരംഗം 6-8 മാസത്തിനുള്ളില്‍ രാജ്യത്ത് എത്തിയേക്കുമെന്ന് നേരത്തെ ഐഎംഎ മുന്നറിപ്പ് നല്‍കിയിരുന്നു.
ആഗോള തലത്തില്‍ വാക്‌സിന്‍ അസമത്വം ഇല്ലാതാക്കുന്നത് കോവിഡിനെ തടയുന്നതില്‍ നിര്‍ണായകമാവും എന്നാണ് വിദഗ്ധര്‍ പറയുന്നത്.


Tags:    

Similar News