സേവ് ദി ഡേറ്റ് ഇനി കൊച്ചി മെട്രോയില്‍; കോച്ചുകള്‍ 5000 രൂപ മുതല്‍
നിര്‍ത്തിയിട്ട ട്രെയിനിലും ഓടുന്ന ട്രെയിനിലും ഫോട്ടോഷൂട്ട് നടത്താം
വിവാഹ ഫോട്ടോഷൂട്ടുകള്‍ക്ക് അനുമതി നല്‍കി കൊച്ചി മെട്രോ. നേരത്തെ പരസ്യ-സിനിമ ചിത്രീകരണങ്ങള്‍ മെട്രോയില്‍ അനുവദിച്ചിരുന്നു. അധിക വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് വിവാഹ ഫോട്ടോഷൂട്ടുകള്‍ക്ക് മെട്രോ നല്‍കാനുള്ള തീരുമാനം.
ഒരു കോച്ച് മാത്രമായോ മൂന്ന് കോച്ചുകളായോ മെട്രോ ട്രെയിന്‍ ഷൂട്ടിന് അനുവദിക്കും. നിശ്ചിത ഫീസിന് പുറമെ സെക്യൂരിറ്റി ഡിപോസിറ്റും നല്‍കണം. ഒരു കോച്ചിന് 10,000 രൂപയും 3 കോച്ചുകള്‍ക്ക് 25,000 രൂപയുമാണ് സെക്യൂരിറ്റി ഡിപോസിറ്റ്. ഷൂട്ടിന് ശേഷം ഡിപോസിറ്റ് തിരികെ നല്‍കും.
നിര്‍ത്തിയിട്ട ട്രെയിനിലും ഓടുന്ന ട്രെയിനിലും ഫോട്ടോഷൂട്ട് നടത്താം. ആലുവയില്‍ നിന്ന് പേട്ടയിലേക്കും തിരിച്ചും ആവും ട്രെയിന്‍ സഞ്ചരിക്കുക. നിര്‍ത്തിയിട്ട ട്രെയിനിന്റെ ഒരു കോച്ച് 2 മണിക്കൂര്‍ നേരത്തേക്ക് 5,000 രൂപ നിരക്കിലാണ് നല്‍കുന്നത്. മൂന്ന് കോച്ചിന് 1,2000 രൂപ നല്‍കണം. ഓടുന്ന ട്രെയിനില്‍ ഒരു കോച്ചിന് 8000 രൂപയും മൂന്ന് കോച്ചുകള്‍ക്ക് 17,500 രൂപയും ആണ് നിരക്ക്.