'ഇത് സംരംഭകലോകത്തിന് ലഭിക്കുന്ന അംഗീകാരം': കേരളശ്രീ പുരസ്‌കാരനിറവില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

'അസിം പ്രേംജിയും നാരായണമൂര്‍ത്തിയുമെല്ലാം മാതൃക'

Update: 2022-11-01 10:14 GMT

കേരള സര്‍ക്കാരിന്റെ പ്രഥമ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ വ്യവസായ കേരളത്തിന് അഭിമാനമായി വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് സ്ഥാപകനായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കും അംഗീകാരം. വ്യവസായ ലോകത്തെ സമഗ്ര സംഭാനകള്‍ക്കൊപ്പം സാമൂഹ്യ പ്രതിബന്ധതയോടുകൂടിയുള്ള പ്രവര്‍ത്തനങ്ങള്‍ കൂടി കണക്കിലെടുത്താണ് വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് സ്ഥാപകനായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് കേരളശ്രീ സര്‍ക്കാര്‍ സമ്മാനിച്ചത്.

കേരള വ്യവസായ സമൂഹത്തിന് തന്റെ പുരസ്‌കാരം സമര്‍പ്പിക്കുന്നതായി അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ:
''ദേശീയ സംസ്ഥാന സര്‍ക്കാരുകളുടെ പ്രധാന അംഗീകാരങ്ങളെല്ലാം തന്നെ പ്രധാനമായും കലാ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ വ്യക്തികളെ അംഗീകരിക്കുന്നതായിരുന്നു. എന്നാല്‍ പ്രഥമ കേരള പുരസ്‌കാരങ്ങളില്‍ വ്യവസായ സമൂഹത്തെ അംഗീകരിച്ചതില്‍ സന്തോഷം. അതിനാല്‍ തന്നെ ഈ അംഗീകാരം കേരളത്തിലെ എല്ലാ ബിസനസുകാര്‍ക്കും ലഭിക്കുന്ന അംഗീകാരമായി ഞാന്‍ കണക്കാക്കുന്നു.'' അദ്ദേഹം ധനം ഓണ്‍ലൈനോട് പ്രതികരിച്ചു.
രാജ്യത്തെ പ്രമുഖരായ അസിം പ്രേംജിയും നാരായണമൂര്‍ത്തിയും രത്തന്‍ ടാറ്റയുമൊക്കെയാണ് തനിക്ക് പ്രചോദനമെന്ന് അദ്ദേഹം പറയുന്നു. ലാഭ നഷ്ടക്കണക്കുകള്‍ക്കതീതമായി സമൂഹത്തിന് തങ്ങളാല്‍ കഴിയുന്ന നന്മ ചെയ്യാന്‍ ബിസിനസുകാര്‍ പ്രതിബദ്ധത പുലര്‍ത്തണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. തന്റെ എളിയ ജീവിതത്തിലൂടെ ബിസിനസ് സമൂഹത്തിന് അത്തരമൊരു സന്ദേശം നല്‍കാന്‍ കഴിയുന്നതിലാണ് അഭിമാനവും സംതൃപ്തിയുമെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വ്യക്തമാക്കി.

Also Read : സംരംഭകരാകാന്‍ സ്വപ്‌നം കാണുന്നവരാണോ? ഇതാ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പങ്കുവയ്ക്കുന്ന 10 ടിപ്‌സ്

വിവിധ മേഖലകളില്‍ സമൂഹത്തിന് സമഗ്ര സംഭാവനകള്‍ നല്‍കിയിട്ടുള്ള വിശിഷ്ട വ്യക്തികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമാണ് കേരള പുരസ്‌കാരങ്ങള്‍. വിവിധ മേഖലകളിലെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ജ്യോതി വര്‍ഷത്തില്‍ ഒരാള്‍ക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള പ്രഭ വര്‍ഷത്തില്‍ രണ്ട് പേര്‍ക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ശ്രീ വര്‍ഷത്തില്‍ അഞ്ച് പേര്‍ക്കുമാണു നല്‍കുന്നത്.

എം ടി വാസുദേവന്‍ നായര്‍ക്കാണ് കേരള ജ്യോതി പുരസ്‌കാരം. ഓംചേരി എന്‍.എന്‍. പിള്ള, ടി. മാധവ മേനോന്‍, പി ഐ മുഹമ്മദ് കുട്ടി (മമ്മൂട്ടി) എന്നിവര്‍ കേരള പ്രഭ പുരസ്‌കാരത്തിനും ഡോ.സത്യഭാമാദാസ് ബിജു (ഡോ. ബിജു), ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമന്‍, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, എം.പി. പരമേശ്വരന്‍, വിജയലക്ഷ്മി മുരളീധരന്‍ പിള്ള (വൈക്കം വിജയലക്ഷ്മി) എന്നിവര്‍ കേരള ശ്രീ പുരസ്‌കാരത്തിനും അര്‍ഹരായി.


Tags:    

Similar News