കെ.എസ്.ആര്‍.ടി.സി 'ജനത' എ.സി ലോ ഫ്‌ളോര്‍ സര്‍വീസ്; ടിക്കറ്റ് നിരക്ക് ₹20 മുതല്‍

ഓഫീസ് യാത്രികര്‍ക്ക് ഉപയോഗപ്രദമായ രീതിയിലാണ് യാത്രാ സമയം ക്രമപ്പെടുത്തിയിരിക്കുന്നത്

Update:2023-09-19 16:52 IST

Image Courtesy:fb/minister Antony Raju

എ.സി ലോഫ്‌ളോർ ബസുകൾ ചുരുങ്ങിയ ചെലവില്‍ ലഭ്യമാക്കി കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി ജനത സര്‍വീസുകള്‍ ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ കൊല്ലം,കൊട്ടാരക്കര എന്നിവിടങ്ങളില്‍ നിന്ന്  തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനിലേക്കായിരിക്കും യാത്ര. സെക്രട്ടറിയേറ്റിലും ഇന്‍ഫോപാര്‍ക്കിലും ജോലി ചെയ്യുന്ന നിരവധിയാളുകളുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു കൊല്ലം ജില്ലയില്‍ നിന്നുള്ളവര്‍ക്ക് സഞ്ചരിക്കാന്‍ തിരുവനന്തപുരത്തേക്കുള്ള എ.സി ലോ ഫ്‌ളോര്‍ ബസുകള്‍. ഇതാണ് ഇപ്പോള്‍ സാധ്യമായിരിക്കുന്നത്.

ജനതാ സര്‍വീസ് ബസുകള്‍ കൊല്ലം, കൊട്ടാരക്കര യൂണിറ്റുകളില്‍ നിന്ന് രാവിലെ 7.15ന് പുറപ്പെട്ട് 9.30ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്ത് നിന്ന് രാവിലെ 10ന് തിരിച്ച് പുറപ്പെടുന്ന ബസുകള്‍ ഉച്ചയ്ക്ക് 12ന് കൊല്ലത്തും കൊട്ടാരക്കരയിലും എത്തും. കൊല്ലത്ത് നിന്നും കൊട്ടാരക്കരയില്‍ നിന്നും ഉച്ചയ്ക്ക് 2.20 ന് ആരംഭിക്കുന്ന ബസുകള്‍ 4.30 ന് തിരുവനന്തപുരത്ത് എത്തും.

യാത്ര ജനകീയമായേക്കും

കുറഞ്ഞ ടിക്കറ്റ് നിരക്ക് 20 രൂപ മുതലാണ് ആരംഭിക്കുന്നത്. നിരക്ക് ഫാസ്റ്റിനേക്കാൾ അല്‍പ്പം കൂടുതലും സൂപ്പര്‍ഫാസ്റ്റിനേക്കാൾ കുറവുമാണ്. ഓരോ അധിക കിലോമീറ്ററിനും 1.08 രൂപ ഈടാക്കും, ഇത് നോണ്‍ എ.സി സൂപ്പര്‍ ഫാസ്റ്റിന്റെ ഏതാണ്ട് അതേ സ്ലാബാണ്.

ബസുകള്‍ തമ്പാനൂരില്‍ നിന്ന് വൈകിട്ട്  5ന് മടക്കയാത്ര ആരംഭിച്ച് രാത്രി 7.15 ന് അതത് ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേരും. മിനി ഫീഡര്‍ സര്‍വീസുകള്‍ യാത്രക്കാര്‍ക്ക് വിവിധ സ്ഥലങ്ങളില്‍ നിന്ന് ബസ് സ്റ്റേഷനുകളിലേക്കും റൂട്ടുകളിലേക്കും എത്തിച്ചേരാന്‍ കഴിയുമെന്ന് ഉറപ്പാക്കും. ഓര്‍ഡിനറി ബസുകള്‍ ഇതിനായി വിന്യസിക്കും.

വരുമാനമില്ലെങ്കിൽ 

പരീക്ഷണാടിസ്ഥാനത്തില്‍ എ.സി ലോ ഫ്‌ളോര്‍ ബസുകളും ഇലക്ട്രിക് ബസുകളും കെ.എസ്.ആര്‍.ടി.സി പദ്ധതിയിടുന്നതായി ഗതാഗത മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ ബസ് സര്‍വീസും അത്തരത്തില്‍ തന്നെയായിരിക്കും പ്രവര്‍ത്തിക്കുക. സര്‍വ്വീസ് വിജയിച്ചാല്‍ അയല്‍ ജില്ലകളെ ബന്ധിപ്പിച്ച് കൂടുതല്‍ ജനത ബസുകള്‍ അവതരിപ്പിക്കും. ലാഭകരമല്ലെങ്കില്‍ ഈ ബസുകള്‍ കെ.എസ്.ആര്‍.ടി.സി നോണ്‍ എ.സി സര്‍വീസാക്കി മാറ്റാനും പദ്ധതിയുണ്ട്.

 

Tags:    

Similar News