ട്വിറ്ററിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗത്തെ നയിക്കാന്‍ മലയാളി എന്‍ജിനീയറെ നിയമിച്ച് മസ്‌ക്

ട്വിറ്ററിലെ ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം തലവനായിരുന്ന നെല്‍സണ്‍ എബ്രാംസണിനെ പുറത്താക്കിയ മസ്‌ക്, ടെസ്‌ലയിലെ എന്‍ജിനീയറായ ഷീന്‍ ഓസ്റ്റിനെ ചുമതല ഏല്‍പ്പിക്കുകയായിരുന്നു

Update: 2022-12-21 06:04 GMT

courtesy-Sheen Austin/twitter

ട്വിറ്ററിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം തലവനായി കൊല്ലം സ്വദേശി ഷീന്‍ ഓസ്റ്റിന്‍. ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതിയിലുള്ള ടെസ്‌ലയില്‍ പ്രിന്‍സിപ്പല്‍ എന്‍ജിനീയറായി ജോലി ചെയ്യവയൊണ് പുതിയ ചുമതല ഷീനെ തേടിയെത്തിയത്. ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം തലവനായിരുന്ന നെല്‍സണ്‍ എബ്രാംസണിനെ പുറത്താക്കിയ മസ്‌ക്, ഷീനെ പകരം നിയമിക്കുകയായിരുന്നു.

ഡാറ്റ സെന്ററടക്കമുള്ള ട്വിറ്ററിന്റെ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളുടെ ചുമതലയാണ് ഷീന്‍  ഓസ്റ്റിന്റെ നേതൃത്വത്തിലുള്ള ടീം വഹിക്കുക. സീനിയര്‍ സ്റ്റാഫ് സൈറ്റ് റിലയബിലിറ്റി എന്‍ജിനീയറായി 2013ല്‍ ആണ് ഷീന്‍ ടെസ്‌ലയില്‍ എത്തുന്നത്. 2018ല്‍ ടെസ് ല വിട്ട ഷീന്‍ ഒരു വര്‍ഷത്തിന് ശേഷം പ്രിന്‍സിപ്പല്‍ എന്‍ജിനീയറായി മടങ്ങിയെത്തുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മസ്‌ക് ട്വിറ്ററിലെ ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗത്തിലെ ഒരുകൂട്ടം ജീവനക്കാരെ പിരിട്ടുവിട്ടത്. മസ്‌ക് നേതൃത്വം ഏറ്റെടുത്ത ശേഷം ട്വിറ്ററിലെ ജീവനക്കാരുടെ എണ്ണം 75 ശതമാനത്തോളം ആണ് കുറച്ചത്. ഇന്ത്യക്കാരനായ പരാഗ് അഗര്‍വാള്‍ സിഇഒ ആയിരുന്ന കാലത്ത് 7,500 ഓളം ജീവനക്കാര്‍ ട്വിറ്ററിനുണ്ടായിരുന്നു. ഇപ്പോള്‍ അത് ഏകദേശം 2,000 ആയി ചുരുങ്ങി.

ട്വിറ്ററിന്റെ സിഇഒ സ്ഥാനം ഒഴിയാനുള്ള തയ്യാറെടുപ്പിലാണ് മസ്‌ക്. അനിയോജ്യനായ ആളെ കണ്ടെത്തുമ്പോള്‍ സ്ഥാനം കൈമാറുമെന്നാണ് മസ്‌ക് അറിയിച്ചത്. ഡിസംബര്‍ 19ന് ട്വിറ്റര്‍ സിഇഒ സ്ഥാനം ഒഴിയണമോ എന്ന ചോദ്യവുമായി മസ്‌ക് ഒരു പോള്‍ നടത്തിയിരുന്നു. വോട്ടെടുപ്പില്‍ പങ്കെടുത്ത 57 ശതമാനവും സിഇഒ സ്ഥാനം ഒഴിയണമെന്നാണ് അഭിപ്രായപ്പെട്ടത്.

Tags:    

Similar News