ക്രെഡിറ്റ് മോദിക്കില്ല; എന്റെ വിജയം ഏതെങ്കിലും ഒരു നേതാവ് കാരണമല്ലെന്ന് അദാനി
രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണ് അദാനി കയറ്റുമതി ബിസിനസിലേക്ക് എത്തുന്നത്. അതേ സമയം മോദി ഗുജറാത്ത് മുഖ്യമന്ത്രിയായ ശേഷം നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ വഴിത്തിരിവായെന്നും അദാനി
ബിസിനസിലെ വിജയം ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവ് കാരണം ഉണ്ടായതല്ലെന്ന് ഗൗതം അദാനി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് ഇന്ത്യ ടുഡെ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദാനി മറുപടി നല്‍കിയത്. പ്രധാനമന്ത്രിയും ഞാനും ഒരേ സംസ്ഥാനത്ത് നിന്നുള്ളവരായത് കൊണ്ടാണ് ഇത്തരം ആരോപണങ്ങളെന്നും അദാനി.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകള്‍ക്കിടെ വിവിധ സര്‍ക്കാരുകളും നേതാക്കന്മാരും കൊണ്ടുവന്ന നയപരമായ മാറ്റങ്ങളാണ് അദാനി ഗ്രൂപ്പിന്റെ വിജയത്തിന് കാരണമെന്നും അദാനി ചൂണ്ടിക്കാട്ടി. തുറമുഖം മുതല്‍ വിമാനത്താവളങ്ങള്‍ വരെ നീണ്ടുകിടക്കുന്ന വൈവിധ്യമാര്‍ന്ന ബിസിനസ് മേഖലയാണ് അദാനിക്കുള്ളത്. രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണ് അദാനി കയറ്റുമതി ബിസിനസിലേക്ക് എത്തുന്നത്. ഒരു സംരംഭകന്‍ എന്ന നിലയിലുള്ള തന്റെ വളര്‍ച്ച രാജീവ് ഗാന്ധിയുടെ സമയത്ത് പ്രശ്‌നമായിരുന്നില്ല. പിവി നരസിംഹ റാവു സര്‍ക്കാരിന്റെ കാലത്തും നേട്ടങ്ങള്‍ ഉണ്ടായി.
അതേ സമയം 2001ല്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായ ശേഷം നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ അദാനി ഗ്രൂപ്പിന് വഴിത്തിരിവായെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഗ്രൂപ്പിന്റെ ലാഭം ഉയരുന്നത് കടബാധ്യതയുടെ തോതിന്റെ ഇരട്ടിയായി ആണ്. കടവും വരുമാനവും തമ്മിലുള്ള അനുപാതം 7.6ല്‍ നിന്ന് 3.2 ആയി കുറഞ്ഞു. അടുത്ത ദശകത്തിനുള്ളില്‍ ഓരോ 12-18 മാസവും ഇന്ത്യന്‍ ജിഡിപി ഒരു ട്രില്യണ്‍ ഡോളര്‍ വീതം വളരും. എന്‍ഡിവിയിലെ മാനേജ്‌മെന്റും എഡിറ്റോറിയലും തമ്മില്‍ ഒരു ലക്ഷ്മണ രേഖ ഉണ്ടാകുമെന്നും ചാനല്‍ സ്വതന്ത്ര ഗ്ലോബല്‍ നെറ്റ വര്‍ക്കായി പ്രവര്‍ത്തിക്കുമെന്നും അദാനി പറഞ്ഞു.