വായ്പാ കുടിശ്ശിക: കൊച്ചിയിലെ പ്രശസ്തമായ 'പാര്‍ത്ഥാസ്' ജപ്തിചെയ്തു

₹37.69 കോടിയുടെ കുടിശ്ശിക തിരിച്ചടയ്ക്കാത്തതിനാലാണ് നടപടി

Update:2023-09-18 18:13 IST

ആറ് പതിറ്റാണ്ടായി കൊച്ചിയുടെ പ്രൗഢിയായി മാറിയ വമ്പന്‍ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലൊന്നായ എം.ജി റോഡ് പാര്‍ത്ഥാസ് കെട്ടിടം ജപ്തി ചെയ്തു. 37.69 കോടി രൂപയുടെ കുടിശ്ശിക തിരിച്ചടയ്ക്കാത്തതിനാലാണ് നടപടിയുണ്ടായിരിക്കുന്നത്.

സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും എടുത്ത വായ്പാ കുടിശ്ശികയാണ് ജപ്തിയിലേക്ക് നയിച്ചത്. വായ്പാ കുടിശ്ശിക എന്‍.പി.എ (Non Performing Assets) വിഭാഗത്തിലേക്ക്  2021 ജനുവരിയില്‍ മാറ്റപ്പെട്ടതാണ്. പിന്നീട് 2021 സെപ്റ്റംബറിൽ ബാങ്ക് അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ അര്‍സിലിന് (ARCIL) ഈ വായ്പ വിറ്റതായുമാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് ധനം ഓണ്‍ലൈനോട് പറഞ്ഞത്. അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് ഇപ്പോള്‍ പാര്‍ത്ഥാസിനെ ജപ്തിയിലൂടെ ഏറ്റെടുത്തിരിക്കുന്നത്.

28,000 സ്‌ക്വയര്‍ഫീറ്റില്‍ മൂന്നു നിലകളിലായി എറണാകുളം സൗത്തിൽ സ്ഥിതിചെയ്യുന്ന പാര്‍ത്ഥാസ് എറണാകുളം ജില്ലയിലെ ഏറ്റവും വലിയ വസ്ത്രവ്യാപാര സ്ഥാപനങ്ങളിലൊന്നായിരുന്നു. റെഡിമെയ്ഡ് തുണിത്തരങ്ങള്‍ക്കായി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം വിഭാഗങ്ങളും സാരി, റണ്ണിംഗ് മെറ്റീരിയലുകള്‍ എന്നിവയ്ക്കായി പ്രത്യേകമായുള്ള വിഭാഗങ്ങളുമുണ്ടായിരുന്നു. നെയ്യുന്ന തോർത്തുകളുടെ കയറ്റുമതിയുമുണ്ടായിരുന്നു.


Tags:    

Similar News