83 കോടി രൂപയുടെ ആസ്തി, വൻകിട ഇക്വിറ്റി കമ്പനികളുടെ ഉപദേശകൻ ! ആരാണ് ഹിൻഡെൻബർഗ് റിപ്പോർട്ടിലുള്ള ധാവൽ ബുച്ച്?

ആരോപണങ്ങൾ നിഷേധിച്ച് മാധവി പുരി ബുച്ചും ധവാൽ ബുച്ചും

Update:2024-08-11 06:15 IST

Image credit: canva, linkedin, sebi

ഓഹരി വിപണി നിയന്ത്രകരായ സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് ബോർഡിനെതിരെ( സെബി) അമേരിക്കൻ ഷോർട്ട് സെല്ലർ ഹിൻഡെൻബർഗ് പുറത്തുവിട്ട ഗുരുതര ആരോപണത്തോടെ രാജ്യം തെരഞ്ഞത് ധാവൽ ബുച്ച് എന്ന വ്യക്തിയെക്കുറിച്ചാണ്. സെബി ചെയർപേഴ്സൺ മാധവി പുരി ബുച്ചിനും ഭർത്താവ് ധാവൽ ബുച്ചിനും അദാനി ഗ്രൂപ്പിന്റെ വിദേശ കടലാസ് കമ്പനികളിൽ നിക്ഷേപമുണ്ടെന്നായിരുന്നു റിപ്പോർട്ടിന്റെ സാരാംശം. ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(ഐ.ഐ.ടി.) ഡൽഹിയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടുകയും പ്രമുഖ കമ്പനികളുടെ ഉന്നതസ്ഥാനം വഹിക്കുകയും ചെയ്ത ധാവൽ ബുച്ച് ശരിക്കും ആരാണ് ?
സപ്ലൈ ചെയിൻ വിദഗ്ധൻ
യു.എസ്. ഇക്വിറ്റി സ്ഥാപനമായ ബ്ലാക്സ്റ്റോണിന്റെയും (Black stone) കൺസൾട്ടിംഗ് കമ്പനിയായ അൽവാരസ് ആൻഡ് മാർഷലിന്റെയും (Alvarez &Marsal) മുതിർന്ന ഉപദേശകനാണ് നിലവിൽ ധാവൽ ബുച്ച്. പ്രമുഖ തുണിത്തര നിർമാണ കമ്പനിയായ ഗിൽഡാന്റെ (Gildan) നോൺ എക്സിക്യൂട്ടീവ് ഡയറക്ടർമാരിലൊരാളുമാണ്. ഇതിന് മുമ്പ് ബഹുരാഷ്ട കമ്പനിയായ യൂണിലിവറിൽ 30 വർഷത്തെ സേവനം. 1984 ൽ ഡൽഹി ഐ.ഐ.ടി യിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ധാവൽ യൂണിലിവറിന്റെ എക്സിക്യൂട്ടിവ് ഡയറ്കടർ മുതൽ പ്രൊക്യൂയർമെന്റ് വിഭാഗത്തിന്റെ മേധാവി വരെയുള്ള പദവികളിലേക്ക് വളർന്നു. പ്രൊക്യൂയർമെന്റ്, സപ്ലൈ ചെയിൻ മേഖലകളിലെ വിദഗ്ധൻ എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്.
83 കോടി രൂപയുടെ അസ്തി
ഹിൻഡെൻബർഗ് റിപ്പോർട്ട് പ്രകാരം ധാവൽ ബുച്ചിന് 10 മില്യൻ ഡോളറിന്റെ (ഏകദേശം 83.9 കോടി രൂപ) ആസ്തിയുണ്ട്. യൂണിലിവറിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന കാലയളവിലാണ് , 2015 നും 2019 നും ഇടയിൽ, ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിയുടെ ഫണ്ട് കമ്പനികളിൽ നിക്ഷേപം നടത്തുന്നത്. കൃത്യമായി പറഞ്ഞാൽ 2015 ജൂൺ അഞ്ചിനാണ് സിങ്കപ്പൂരിൽ ഐ.പി.ഇ പ്ലസ് ഫണ്ട് ഒന്നിൽ ദമ്പതികൾ അക്കൗണ്ട് തുറക്കുന്നതെന്ന് ഹിൻഡെൻബർഗ് റിസർച്ച് രേഖകൾ ആരോപിക്കുന്നു. പണത്തിന്റെ ഉറവിടമായി കാണിച്ചത് ശമ്പളമെന്നാണ്. ഒരു കോടി ഡോളറിന്റെ വരുമാനമുണ്ടെന്നും ദമ്പതികൾ സമർപ്പിച്ച രേഖകൾ തെളിയിക്കുന്നതായും റിപ്പോർട്ട് തുടരുന്നു.
ഐ.പി.ഇ പ്ലസ് ഫണ്ട് ഒന്ന് - തട്ടിപ്പിന്റെ മുഖ്യ കേന്ദ്രം
മൗറീഷ്യസിൽ രൂപീകരിച്ച ഈ ഷെൽ കമ്പനി കേന്ദ്രീകരിച്ചാണ് അദാനി ഗ്രൂപ്പ് കമ്പനികളിൽ നിക്ഷേപം നടത്തി ഓഹരി വില കൃത്രിമമായി ഉയർത്തിയതെന്നാണ് ആരോപണം. ഈ കമ്പനികൾ അദാനി ഓഹരികൾ വാങ്ങിക്കൂട്ടി കൃത്രിമമായി വില പെരുപ്പിക്കുകയായിരുന്നു. നിക്ഷേപകരെയും വിപണിയെയും നോക്കുകുത്തികളാക്കി വർഷങ്ങളോളം ഇത് തുടർന്നതായും റിപ്പോർട്ടിൽ പറയുന്നു.
സെബിയിലെത്തും മുമ്പ് എല്ലാം മാറ്റി
മാധവി പുരി സെബിയുടെ മുഴുവൻ സമയ അംഗമാകുന്നതിന് തൊട്ടു മുമ്പ് , 2017 ൽ , ഇവരുടെ പേരിലുണ്ടായിരുന്ന നിക്ഷേപം മുഴുവൻ ഭർത്താവിന്റെ പേരിലേക്ക് മാറ്റി. ഇതിനായി ധവാൽ അയച്ച ഇ-മെയിലിന്റെ രേഖകളും ഹിൻഡെൻബർഗ് പുറത്തുവിട്ടു. അക്കൗണ്ടുകളുടെ മുഴുവൻ നിയന്ത്രണവും ഇനി തനിക്കായിരിക്കുമെന്നാണ് ഇതിൽ പറഞ്ഞിരിക്കുന്നത്.
സെബിയെ സ്വാധീനിച്ച് വഴിവിട്ട സഹായം
മാധവി പുരിയുടെ പദവി ഉപയോഗിച്ച് , താൻ ഉപദേശകനായ, ബ്ലാക്ക്സ്റ്റോണിന് വേണ്ടി വഴിവിട്ട പല സഹായങ്ങളും ചെയ്തതായും റിപ്പോർട്ടിൽ ആരോപിക്കുന്നു.ധവാൽ ബ്ലാക്ക് സ്റ്റോണിന്റെ ഉപദേശകനായിരിക്കെയാണ് റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് (ആർ.ഇ.ഐ.റ്റി) സംബന്ധിച്ച നിയന്ത്രണങ്ങളിൽ സെബി കാതലായ മാറ്റം കൊണ്ടുവരുന്നത്. ഇത് ബ്ലാക്ക്സ്റ്റോൺ പോലുള്ള സ്വകാര്യ ഇക്വിറ്റി കമ്പനികളെ സഹായിക്കാനാണെന്നാണ് ആരോപണം. ഈ കാലയളവിൽ ബ്ലാക്ക്സ്റ്റോൺ രണ്ട് എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റുകൾ രൂപീകരിക്കുകയും സെബിയുടെ അംഗീകാരത്തോടെ ഇവയിലൊരെണ്ണം സ്‌റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്‌റ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു.
അദാനി ഗ്രൂപ്പിനെതിരെ 18 മാസങ്ങൾക്ക് മുമ്പ് പുറത്തുവിട്ട റിപ്പോർട്ടനുസരിച് അന്വേഷണം നടത്താത്തത് ദമ്പതികളുടെ സ്വാധീനം കാരണമാണെന്നും റിപ്പോർട്ടിൽ പറയുന്നു. മാധവി പുരിയുടെയും ഭർത്താവിന്റെയും നിയന്ത്രണത്തിലുള്ള കൺസൾട്ടിംഗ് കമ്പനിയായ അഗോര അഡ്വൈസറിക്ക് കൺസൾട്ടിംഗ് പ്രതിഫലമായി 2,61,000 ഡോളർ (ഏകദേശം 21.91 ലക്ഷം രൂപ) വരുമാനമെത്തിയത് ദുരൂഹമാണെന്നും ആരോപണം തുടരുന്നു.
ആരോപണം നിഷേധിച്ച് ദമ്പതികൾ
അതേസമയം, ഹിൻഡെൻബർഗ് ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും ഇരുവരുടെയും സാമ്പത്തിക ഇടപാടുകൾ തുറന്ന പുസ്തകമാണെന്നും മാധവി പുരി ബുച്ചും ധവാൽ ബുച്ചും പ്രതികരിച്ചു. സാമ്പത്തിക ക്രമക്കേടുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന്റെ പേരിൽ വ്യക്തി അധിക്ഷേപം നടത്താനാണ് ഹിൻഡെൻബർഗ് ശ്രമിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.
Tags:    

Similar News