1500 രൂപ മുടക്കാനുണ്ടോ? മാസം 50,000 ത്തിന് മുകളില്‍ സമ്പാദിക്കാം

കെ എസ് ആര്‍ ടി സി ഡ്രൈവര്‍ ജോലി രാജിവച്ച് സംരംഭത്തിലേക്കിറങ്ങിയ ഉദയന്റെ വിജയമോഡല്‍.

Update: 2021-12-16 10:37 GMT

മുടക്കുന്നതിനനുസരിച്ചാണ് സമ്പാദ്യത്തില്‍ വരവിന്റെ തോതുണ്ടാവുക. എന്നാല്‍ കുറഞ്ഞ മുതല്‍മുടക്കിലേക്ക് അല്‍പ്പം മിടുക്ക് കൂടി ചേര്‍ക്കുന്നതോടെ, അസാധ്യമായ നേട്ടങ്ങള്‍ കൊയ്യാനാവും. വെറും 1500 രൂപ മുടക്കി ഇപ്പോള്‍ മാസത്തില്‍ അരലക്ഷം രൂപ മുതല്‍ രണ്ടു ലക്ഷം രൂപ വരെ സമ്പാദിക്കുന്ന ഉദയന്റെ വിജയകഥയാണിത്. കെ.എസ്.ആര്‍.ടി.സി ഡ്രൈവറായിരുന്ന ഉദയന്‍, തന്റെ ഇഷ്ടമേഖലയില്‍ കടന്നുകൂടി വിജയിച്ച കഥ.

തേനീച്ച വളര്‍ത്തലാണ് കാസര്‍കോട് മുളിയാര്‍ കാറഡുക്ക സ്വദേശി ഉദയന്റെ വരുമാന മാര്‍ഗം. കാലങ്ങളായി ചെയ്യുന്ന തൊഴിലൊന്നുമല്ല. തേനീച്ചകളെപ്പോലെ പൊടുന്നനെ കയറിക്കൂടി, പടുത്തുയര്‍ത്തിയ വരുമാന മാര്‍ഗം.
കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് രാജി
ഏഴു വര്‍ഷം മുമ്പാണ് ഉദയന്‍ കെ.എസ്.ആര്‍.ടി.സിയിലെ ഡ്രൈവര്‍ ജോലി രാജിവച്ച് തേനീച്ച വളര്‍ത്തലിലേക്ക് ശ്രദ്ധേ കേന്ദ്രീകരിച്ചത്. സി.പി.സി.ആര്‍.ഐ നടത്തിയ ക്ലാസിലൂടെയാണ് ഇതേപ്പറ്റി അറിഞ്ഞത്. പരീക്ഷണത്തിന് ഒരുങ്ങുക തന്നെയെന്ന് തീരുമാനിച്ചാണ് ഉദയന്‍ ക്ലാസ് കഴിഞ്ഞിറങ്ങിയത്. പിന്നാലെ ഒരു തേനീച്ചപ്പെട്ടി സംഘടിപ്പിച്ചു. ഒന്ന് രണ്ടായി, മൂന്നായി... ഒരു വര്‍ഷം കൊണ്ട് വീടിനു ചുറ്റുഭാഗത്തുമായി 500 പെട്ടികള്‍ സ്ഥാപിച്ചു. ക്ലാസ് എടുത്തുനല്‍കിയ സി.പി.സി.ആര്‍.ഐയിലെ ഉദ്യോഗസ്ഥര്‍ക്ക് പോലും അത്ഭുതമായിരുന്നു അത്. ഇത്ര ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രയും വലിയ നേട്ടം കൈവരിച്ചതെങ്ങനെയെന്ന ചോദ്യത്തിന് ഉദയന് ഒരുത്തരമേയുള്ളൂ: 'നമ്മള്‍ ഇഷ്ടപ്പെട്ട് ചെയ്യുകയാണെങ്കില്‍, അതിനു വേണ്ടി സ്വയം സമര്‍പ്പിക്കാന്‍ തയ്യാറാണെങ്കില്‍ ലക്ഷ്യം നമ്മള്‍ കണ്ടിരിക്കും'.
വരുമാനക്കണക്ക് ഇങ്ങനെ
ഇത്രയും തേനീച്ചപ്പെട്ടി വെക്കാന്‍ സ്വന്തമായി ഭൂമിയുണ്ടായിരുന്നില്ല ഉദയന്റെ അടുത്ത്. അതിനൊരു പോംവഴിയായി അയല്‍ക്കാരുടെ സ്ഥലത്തു കൂടി പെട്ടികള്‍ വെച്ചു. അവരുടെ വിളകള്‍ക്ക് കൂടി ഗുണമായതിനാല്‍ അയല്‍ക്കാര്‍ക്കും സന്തോഷം. അങ്ങനെ ആദ്യ വര്‍ഷത്തില്‍ തന്നെ കെ.എസ്.ആര്‍.ടി.സിയിലെ ശമ്പളത്തേക്കാള്‍ കൂടുതല്‍ വരുമാനം ലഭിച്ചു.
ഇന്നിപ്പോള്‍ മാസത്തില്‍ ഒരു ക്വിന്‍ല്‍ വരെ തേന്‍ വില്‍ക്കുന്നുണ്ട് ഉദയന്‍. ചെറുതേന് വന്‍ ഡിമാന്റാണ്. ഒരു സമയത്ത് പോലും സ്‌റ്റോക്കുണ്ടാവില്ല. എടുത്തയുടനെ വാങ്ങാനാളെത്തും. 2000 രൂപയ്ക്കാണ് ചെറുതേന്‍ വില്‍ക്കുന്നത്. ഒപ്പം, തേനീച്ചകളെ വളര്‍ത്താനുള്ള പെട്ടികളും ഉണ്ടാക്കി വില്‍ക്കും. തേനീച്ച പെട്ടി വില്‍പ്പന, അത് വെക്കാനുള്ള സ്റ്റാന്റ്, അത് സ്ഥാപിക്കാനുള്ള കൂലി, തേനീച്ച പരിചരണത്തിനുള്ള കൂലി, തേന്‍ എടുക്കാനുള്ള കൂലി... ഇങ്ങനെയാണ് ഉദയന്റെ സമ്പാദ്യം വരുന്നവഴി. മൊത്തം 50,000 മുതല്‍ രണ്ടു ലക്ഷം രൂപ വരെ മാസത്തില്‍ വരുമാനം ലഭിക്കും.
കോവിഡും തളര്‍ത്തിയില്ല
തേനീച്ച വളര്‍ത്തലിനെപ്പറ്റിയും വേര്‍തിരിക്കുന്നതിനെപ്പറ്റിയും ക്ലാസ് എടുക്കാനും ഉദയനെയാണ് കാസര്‍കോട് ജില്ലയില്‍ പഞ്ചായത്തുകള്‍ അടക്കം പല സ്ഥാപനങ്ങളും ആശ്രയിക്കുന്നത്. ഇതിലൂടെയും ഉദയന് നല്ലൊരു വരുമാനം വരുന്നുണ്ട്. ക്ലാസിന് എത്തുന്നവരെല്ലാം തേനീച്ച പെട്ടിക്കും മറ്റു സഹായങ്ങള്‍ക്കുമായി ഉദയനെ തന്നെയാണ് ആശ്രയിക്കുന്നത്.
കോവിഡിന്റെ വലിയ പ്രതിസന്ധിക്കാലത്തും ഒരു മുടക്കവുമില്ലാത്ത വരുമാനമാണ് ഉദയന് ലഭിച്ചത്. തേനീച്ചകളെ പരിചരിച്ച് വീട്ടില്‍ തന്നെയാണെന്നതിനാല്‍ ലോക്ക്ഡൗണും തന്നെ ബാധിച്ചതേയില്ലെന്ന് ഉദയന്‍ പറയുന്നു.

തേനീച്ച പരിചരണത്തിലേര്‍പ്പെട്ടിരിക്കുന്ന ഉദയന്‍


മുടക്കേണ്ടത് വെറും 1500 മാത്രം
ഒരു തേനീച്ച പെട്ടിക്ക് 1500 രൂപയാണ് ഉദയന്‍ ഈടാക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ സബ്‌സിഡിയോടെ ഇത് 750 രൂപയ്ക്ക് നല്‍കുന്നുണ്ട്. ആവശ്യമായ തേനീച്ചകളെ ഇട്ട് റാണി കൂടി എത്തിയ പെട്ടികളാണ് ഉദയന്‍ വില്‍ക്കുന്നത്. ഇത് നിശ്ചിത സമയമെത്തിയാല്‍ വിളവെടുക്കുകയും വേര്‍പ്പെടുത്തി രണ്ടായി ഭാഗിക്കുകയും ചെയ്യാം. ഭാഗിച്ച് ഭാഗിച്ച് തേനീച്ച പെട്ടികള്‍ കൂട്ടുകയാണ് ചെയ്യേണ്ടത്. ഫീഡിംഗിനായി വേണ്ട പഞ്ചസാരയുടെ ചെലവും മഴകൊള്ളാതെ നോക്കാന്‍ പ്ലാസ്റ്റിക് പൊതിയലും മാത്രമാണ് ചെലവായി വരുന്നത്.


Tags:    

Similar News