മെട്രോ റെയിൽ പദ്ധതികൾ നിർമാണ കമ്പനികൾക്ക് 80,000 കോടി രൂപയുടെ അവസരങ്ങൾ
രാജ്യത്ത് 1400 കിലോമീറ്റർ റെയിൽ പദ്ധതികൾ അനുമതി കാത്ത് നിൽക്കുന്നു
ഇന്ത്യയിൽ നടപ്പാക്കുന്ന മെട്രോ റെയിൽ പദ്ധതികളിലൂടെ നിർമാണ കമ്പനികൾക്ക് 800 ശത കോടി രൂപയുടെ പദ്ധതികൾ അടുത്ത 5 വർഷ കാലയളവിൽ ലഭിക്കും. നിലവിൽ 15 നഗരങ്ങളിൽ 746 കിലോമീറ്റർ മെട്രോ റെയിൽ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. ഇതിൽ പലതും തുടർ വികസനം ആവശ്യമുള്ള പദ്ധതികളാണ്. മറ്റ് 7 നഗരങ്ങളിൽ 640 കിലോമീറ്റർ ദൂരത്തിൽ മെട്രോ പദ്ധതികൾ നടപ്പാക്കി വരുന്നതായി, ഐ സി ആർ എ റേറ്റിംഗ്‌സ് പുറത്തിറക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
1400 കിലോമീറ്റർ ദൂരത്തിൽ പുതിയ മെട്രോ റെയിൽ പദ്ധതികൾ അനുമതി കാത്ത് കിടപ്പുണ്ട് . ഇതിന്റെ പദ്ധതി ചെലവ് 2000 ശതകോടി രൂപയാണ്. ഇവയിൽ 352 കിലോമീറ്റർ ദൈർഖ്യമുള്ള മെട്രോ പദ്ധതികൾക്ക് അനുമതി ലഭിച്ചു കഴിഞ്ഞു.
അടുത്ത അഞ്ചു വർഷത്തിൽ മെട്രോ റെയിൽ ശൃംഖല 2.7 മടങ്ങ് വികസിക്കുമെന്ന്, ഐ സി ആർ എ വൈസ് പ്രെസിഡൻറ്റ് അഭിഷേക് ഗുപ്ത അഭിപ്രായപ്പെട്ടു. ഒരു കിലോമീറ്റർ ഉയരത്തിൽ (elevated) സ്ഥാപിക്കുന്ന മെട്രോ പദ്ധതികൾക്ക് ഒരു കിലോമീറ്ററിന് ചെലവാകുന്നത് 280-320 കോടി രൂപ യാണ്.
മൊത്തം ചെലവിന്റെ 35 മുതൽ 45 % വരെ സിവിൽ ജോലികൾക്കാണ് ചെലവാകുന്നത്. മെട്രോ പദ്ധതികളിൽ മത്‌സരം കുറവായതു കൊണ്ടും റോഡുകൾ,റെയിൽവേ പദ്ധതികളെ അപേക്ഷിച്ച് കൂടുതൽ വരുമാനവും മൂല്യവും മെട്രോ പദ്ധതികളിൽ നിർമാണ കമ്പനികൾക്ക് ലഭിക്കും. അന്താരാഷ്ട്ര ധന സഹായത്തോടെ കേന്ദ്ര സർക്കാർ നേരിട്ട് നടത്തുന്ന പദ്ധതികൾക്ക് ക്യാഷ് ഫ്‌ളോ മെച്ചപ്പെട്ടതാകും. അതിനാൽ ചെയ്ത് പണികൾക്ക് പണം ലഭിക്കാൻ കാലതാമസം ഉണ്ടാകില്ല.