ജുവലറി വിദ്യാഭ്യാസം: സഫാ ഗ്രൂപ്പിന്റെ ഐ.ജി.ജെയുമായി കൈകോര്‍ത്ത് സിക്കിമിലെ സര്‍വകലാശാല

ഇന്ത്യയിലും വിദേശത്തും തൊഴിലവസരങ്ങള്‍ സൃഷിടിക്കുന്നതിന് ഈ പങ്കാളിത്തം സഹായിക്കും

Update:2023-09-14 16:29 IST

ജെംസ് ആന്‍ഡ് ജുവലറി രംഗത്തെ പഠനം രാജ്യാന്തര നിലവാരത്തിലെത്തിക്കാന്‍ കേരളത്തിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍ഡ് ജുവലറിയും (ഐ.ജി.ജെ) സിക്കിം ആസ്ഥാനമായ മേധാവി സ്‌കില്‍ സര്‍വകലാശാലയും സഹകരിക്കുന്നു. സിക്കിമിലെ ഗാംഗ്ടോകില്‍ മുഖ്യമന്ത്രി പ്രേംസിംഗ് തമംഗ് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍ഡ് ജുവലറി ചെയര്‍മാന്‍ കെ.ടി.എം.എ സലാമും പ്രോ ചാന്‍സലര്‍ കുല്‍ദീപ് ശര്‍മയും തമ്മില്‍ ധാരണാപത്രം കൈമാറി.

സഫാ ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍ഡ് ജുവലറി. ആഭരണ വ്യവസായ മേഖലയില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായാണ് സഫാ ഗ്രൂപ്പ് ഐ.ജി.ജെ ആരംഭിച്ചത്. ജുവലറി ഡിസൈനിംഗ്, നിര്‍മാണം, മര്‍ച്ചന്‍ഡൈസിംഗ് എന്നീ മേഖലകളിലേക്കുള്ള കോഴ്സുകള്‍ ഇവിടെയുണ്ട്. ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ജുവലറി നിര്‍മാതാക്കള്‍ക്കും റീറ്റെയ്‌ലര്‍മാര്‍ക്കും കണ്‍സള്‍ട്ടന്‍സി സേവനങ്ങളും ഐ.ജി.ജെ നല്‍കുന്നുണ്ട്.

ഇന്ത്യയിലും വിദേശത്തും ജോലി

പഠനത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിനൊപ്പം ഇന്ത്യയിലും വിദേശത്തും തൊഴിലവസരങ്ങള്‍ സൃഷിടിക്കുന്നതിനും ഈ പങ്കാളിത്തം സഹായിക്കും. ഇതോടെ ജുവലറി രംഗത്തെ ബിരുദാനന്തര ബിരുദ, ബിരുദ, ഡിപ്ലോമ കോഴ്സുകള്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് രാജ്യത്തും വിദേശത്തും ഉയര്‍ന്ന വരുമാനമുള്ള ജോലികള്‍ നേടാന്‍ അവസരമുണ്ടാകും.

ജര്‍മനി, ജപ്പാന്‍, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ പ്രതിനിധികള്‍ ചടങ്ങില്‍ അതിഥികളായെത്തി. സിക്കിം വിദ്യാഭ്യാസ മന്ത്രി കുംഗനിമലെപേഹ, തൊഴില്‍ മന്ത്രി എല്‍.എന്‍ ശര്‍മ, മേധാവി സ്‌കില്‍ സര്‍വകലാശാല ചാന്‍സലര്‍ പരമേഷ് ദുധാനി, വൈസ് പ്രസിഡന്റ് എസ്. സജീവ് കുമാര്‍, എം.എല്‍.എമാര്‍, വിവിധ വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കടുത്തു.

Tags:    

Similar News