Personal Finance

സാമ്പത്തിക ഞെരുക്കത്തിലാകാതിരിക്കാന്‍ ഉടന്‍ ചെയ്യാം ഈ 5 കാര്യങ്ങള്‍

ചെറിയ ചില കാര്യങ്ങള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയില്‍പ്പെടാതെ നിങ്ങളെ സംരക്ഷിക്കും. അറിയാം, പ്രാവര്‍ത്തികമാക്കാം അവ.

Dhanam News Desk

കൊറോണ കാലത്ത് അനുഭവിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് സംരംഭങ്ങള്‍ മാത്രമല്ല വ്യക്തികളും കരകയറുന്നതേ ഉള്ളു.ജോലി നഷ്ടമായവരും സ്ഥാപനം പൂട്ടിപ്പോയവരും ഇപ്പോഴും മറ്റൊരു വരുമാനമാര്‍ഗം കണ്ടെത്തി കരപറ്റുന്നതേ ഉണ്ടാകൂ. പ്രവാസികളാകട്ടെ, പലരും ഉണ്ടായിരുന്ന ജോലി പോയിട്ടാണ് നാട്ടിലേക്ക് മടങ്ങിയിട്ടുള്ളത്. അതുമല്ലെങ്കില്‍ മറ്റൊരു തൊഴില്‍ സ്ഥാപനം കണ്ടെത്തും വരെ സാമ്പത്തിക ഞെരുക്കത്തില്‍ തുടരുന്നതിന്റെ ആശങ്കയിലുമാണ്. എങ്ങനെയാണ് വലിയ സാമ്പത്തിക പ്രതിസന്ധി വരാതെ നോക്കേണ്ടത്. എന്തൊക്കെ കാര്യങ്ങളാണ് ഇതിന് നമ്മെ സഹായിക്കുക. അറിയാം.

1.ചെലവും വരവും അറിയുക

സാമ്പത്തിക പ്രതിസന്ധി വരും മുമ്പ് തന്നെ ലഭ്യമായ വരുമാന സ്രോതസ്സുകളെല്ലാം പരിശോധിക്കുക. വരുമാനം കൂട്ടാന്‍ മുന്നിലുള്ള വഴികള്‍ കണ്ടെത്തുക. അത് പോലെ ചെലവുകള്‍ ഏതെല്ലാമെന്ന് തിരിച്ചറിയുക, എഴുതി വയ്ക്കുക. ചെലവ് ചുരുക്കലും എഴുതി വയ്ക്കുക. നിലവിലെ സാഹചര്യത്തില്‍ എല്ലാവരും തന്നെ കര്‍ശനമായ ചെലവ് ചുരുക്കല്‍ പിന്തുടരുന്നത് നല്ലതാണ്. ഓരോ കാര്യത്തിനും പണം ചെലഴിക്കുന്നതിനു മുന്‍പ് ഒരു മുന്‍ഗണനാക്രമം നിശ്ചയിക്കണം.

2. ബജറ്റ് പരിശോധന

ഒരേ ബജറ്റ് തന്നെ എപ്പോളും തുടരരുത്. ഒരേ വരുമാനത്തില്‍ മുന്നോട്ടു പോകുന്നവര്‍ നേരത്തെ തീരുമാനിച്ച ബജറ്റ് പ്രായോഗികമാകില്ല പലപ്പോഴും. ശമ്പളം കുറയുകയും ജോലി നഷ്ടമാവുകയുമൊക്കെ ചെയ്തതോടെ മുന്‍ നിശ്ചയിച്ച പ്രകാരം മുന്നോട്ടു പോകുക അസാധ്യമായിരിക്കും. അപ്പോള്‍ ഒരു ഇടക്കാല ബജറ്റ് തയ്യാറാക്കണം. പഴയ ബജറ്റ് പൂര്‍ണമായും പൊളിച്ചു പുതിയതൊന്നു തയ്യാറാക്കുന്നതാണ് നല്ലത്. കാരണം യാത്രകള്‍, വലിയ പര്‍ച്ചേസുകള്‍, വിനോദോപാദികള്‍ക്കായുള്ള ചെലവഴിക്കല്‍ അവയൊക്കെ അടുത്ത കുറച്ചു മാസത്തേക്കെങ്കിലും മാറ്റി വയ്ക്കാം. ഒരു മാസം ഒട്ടും ഒഴിവാക്കാന്‍ പറ്റാത്ത ചെലവുകള്‍ക്കായിരിക്കണം ബജറ്റില്‍ മുന്‍ഗണന. അതയാത് വീട്ടിലെ അത്യാവശ്യ ചെലവുകള്‍, ബില്ലുകള്‍, കുട്ടികളുടെ പഠനത്തിനുള്ള പണം, വായ്പ തിരിച്ചടവ് എന്നിവയ്ക്ക് പണം നീക്കിവച്ചതിനുശേഷം മറ്റുള്ളവ എന്നതാവണം നയം.

3. വായ്പ തിരിച്ചടവ്

വരുമാനം കുറയുന്ന സാഹചര്യത്തില്‍ ഒന്നിലധികം വായ്പകളുള്ളവരെ സംബന്ധിച്ച് തിരിച്ചടവ് വലിയ ബാധ്യതയാണ്. പലിശ കൂടിയ ക്രെഡിറ്റ് കാര്‍ഡ് വായ്പ, പേഴ്‌സണല്‍ ലോണ്‍ എന്നിവ ആദ്യം തിരിച്ചടയ്ക്കുക. പറ്റുമെങ്കില്‍ എവിടുന്നെങ്കിലും പണം കണ്ടെത്തി തന്നെ അവ തിരിച്ചടയ്ക്കുന്നതാണ് നല്ലത്. മറ്റു വഴികളില്ലെങ്കില്‍ ഗോള്‍ഡ് ലോണ്‍ എടുത്ത് ക്രെഡിറ്റ് കാര്‍ഡ് തിരികെ അടയ്ക്കാനെങ്കിലും ശ്രമിക്കുക. ടോപ് അപ് ലോണുകളോ പ്രോപ്പര്‍ട്ടി ലോണുകളോ എടുക്കാം. അത്യാവശ്യ കടങ്ങള്‍ എപ്പോഴും ഇത്തരത്തില്‍ വിലയിരുത്തുന്നത് വലിയ പ്രതിസന്ധികളെ മറികടക്കാന്‍ സഹായിക്കും.

4. എമര്‍ജന്‍സി ഫണ്ട്

എമര്‍ജന്‍സി ഫണ്ട് ഇല്ലാത്തവര്‍ പോലും അതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ കാലമായിരുന്നു ഇത്. ജോലി നഷ്ടപ്പെട്ടാലും വരുമാനം നിലച്ചാലും അടുത്ത മൂന്നോ നാലോ മാസം മുന്നോട്ട് പോകാനുള്ള ഫണ്ട് കൈവശം ഉണ്ടെന്ന് എപ്പോഴും ഉറപ്പു വരുത്തണം. വാടക, ബില്ലുകള്‍ എന്നിവ ഉള്‍പ്പെടെ വേണം കണക്കാക്കാന്‍.

എമര്‍ജന്‍സി ഫണ്ടായി സമാഹരിക്കുന്ന തുക മികച്ച ഓഹരികളിലും മ്യൂച്വല്‍ഫണ്ടുകളിലുമൊക്കെ നിക്ഷേപിക്കാം. കുറഞ്ഞ വിലയില്‍ ലഭ്യമായ സ്‌മോള്‍, മിഡ് ക്യാപ് ഓഹരികള്‍ മികച്ച ഓപ്ഷനാണ്. ഇപ്പോള്‍ ചെറിയ രീതിയില്‍ നിക്ഷേപിച്ചാല്‍ ഭാവിയില്‍ അവ ഏറെ ഗുണം ചെയ്യും.

5. ആവശ്യമില്ലാത്തവ വില്‍ക്കാം പണമാക്കാം

ആവശ്യമില്ലാത്ത സാധനങ്ങള്‍ വിറ്റ് പണം കരുതി വയ്ക്കാം. നമ്മള്‍ വീട്ടിലെ ആവശ്യങ്ങള്‍ക്കെന്ന പേരിലും വ്യക്തിപരമായും വാങ്ങിക്കൂട്ടിയ നിരവധി വസ്തുക്കള്‍ വളരെ പരിമിതമായി മാത്രമായിരിക്കും ഉപയോഗിക്കുന്നുണ്ടാകുക. മാത്രമല്ല വീട്ടില്‍ സ്ഥല പരിമിതി സൃഷ്ടിക്കുന്നതിനും ഇവ കാരണമാകുന്നു. യഥാര്‍ത്ഥ വിലയേക്കാള്‍ വളരെ കുറച്ചു മാത്രമേ ലഭിക്കൂവെങ്കില്‍ കൂടി ഇവ വില്‍ക്കുന്നത് പ്രതിസന്ധി ഘട്ടത്തിലേക്കുള്ള ഫണ്ട് ആയി കരുതാം.

വീട്ടില്‍ ഏതെങ്കിലും പുരാതന വസ്തുക്കള്‍ ഉണ്ടെങ്കില്‍ വിദഗ്ധരുടെ അഭിപ്രായം തേടി യഥാര്‍ത്ഥ മൂല്യം മനസിലാക്കിയ ശേഷം മാത്രം വില്‍പ്പന നടത്തുക. കഴിഞ്ഞ ആറുമാസത്തില്‍ തീരെ ഉപയോഗിച്ചിട്ടില്ലാത്തവ ലിസ്റ്റ് ചെയ്ത് ഒഎല്‍എക്സിലോ മറ്റോ ഇടുക. ഫെയ്‌സ്ബുക്ക് മാര്‍ക്കറ്റ് പ്ലേസും ഇതിനായി ഉപയോഗിക്കാം. സുഹൃത്തുക്കളുമായി ചേര്‍ന്ന് അത്തരം വാട്‌സാപ്പ് , ഫെയ്‌സ്ബുക്ക് കൂട്ടായ്മകള്‍ ഉണ്ടാക്കുന്നതും നല്ലതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT