പിപിഎഫില്‍ നിക്ഷേപിച്ച് എങ്ങനെ ഒരു കോടി രൂപ സ്വന്തമാക്കാം?
വരുമാനം ലഭിച്ച് തുടങ്ങുമ്പോള്‍ തന്നെ പബ്ലിക് പ്രൊവിഡന്റ് ഫണ്ടില്‍ നിക്ഷേപിച്ചാല്‍ ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറാം. തുടര്‍ച്ചയായ നിക്ഷേപത്തിലൂടെ 26 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ നേടുന്നതെങ്ങനെയെന്ന് നോക്കാം.
കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള നിക്ഷേപ പദ്ധതികളില്‍ ഏറ്റവും പ്രചാരത്തിലുള്ള പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്). ഗവണ്‍മെന്റ് പദ്ധതിയായത് കൊണ്ടുതന്നെ മികച്ച സുരക്ഷിതത്വം, ബാങ്ക് നിക്ഷേപത്തെ അപേക്ഷിച്ച് കൂടിയ പലിശ നിരക്ക്, നിക്ഷേപിക്കുന്ന തുകയ്ക്ക് ആനുപാതികമായി ലഭ്യമാകുന്ന 80 ഇ കിഴിവിന് പുറമെ പലിശയിനത്തില്‍ ലഭിക്കുന്ന വരുമാനവും പൂര്‍ണമായും നികുതിരഹിതം എന്നിങ്ങനെയുള്ള ഒട്ടേറെ സവിശേഷതകള്‍ പിപിഎഫ് എന്ന നിക്ഷേപത്തിന് നിക്ഷേപകര്‍ക്കിടയിലുള്ള സ്വീകാര്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്.
ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി ഏറ്റവും മികച്ച രീതിയില്‍ കരുതിവയ്ക്കാന്‍ കഴിയുന്ന സമ്പാദ്യപദ്ധതിയായി പിപിഎഫിനെ കരുതാവുന്നതാണ്. എന്നാല്‍ ഒരാള്‍ സമ്പാദിച്ച് തുടങ്ങുമ്പോള്‍ തന്നെ ഇതിലേക്കായി ഒരു തുക നീക്കിവയ്ക്കണമെന്ന് മാത്രം.
15 വര്‍ഷമാണ് പിപിഎഫിന്റെ നിക്ഷേപകാലാവധി.
എങ്ങനെ നേട്ടമുണ്ടാക്കാം?
25 വയസ്സുമുതല്‍ പിപിഎഫ് നിക്ഷേപത്തില്‍ നിക്ഷേപം നടത്തുന്ന ഒരാള്‍ക്ക് 15 വര്‍ഷം കൊണ്ട് കുറഞ്ഞത് 26 ലക്ഷം രൂപ നേടാം. 40ാം വയസ്സില്‍ മക്കളുടെ ഉന്നതവിദ്യാഭ്യാസമോ വിവാഹമോ വീടോ വാഹനമോ പോലുള്ള ലക്ഷ്യങ്ങളിലേക്ക് വലിയൊരു തുക സമ്പാദിക്കാം.
ഉദാഹരണമായി പ്രതിവര്‍ഷം ഒരു ലക്ഷം രൂപ വീതം പിപിഎഫില്‍ നിക്ഷേപിക്കുന്ന ഒരു വ്യക്തിക്ക് 15 വര്‍ഷം കൊണ്ട് തന്റെ മൂലധനത്തില്‍ ഉണ്ടായേക്കാവുന്ന വളര്‍ച്ച എത്രയാണെന്ന് പരിശോധിക്കാം. നിലവില്‍ 7.1 ശതമാനം നിരക്കിലാണ് നിശ്ചയിക്കപ്പെട്ട പലിശയെങ്കിലും15 വര്‍ഷത്തേക്ക് നടത്തുന്ന നിക്ഷേപമായതിനാല്‍ ശരാശരി നിരക്ക് 6.8 ശതമാനം എന്ന തോതില്‍ അനുമാനിച്ചാല്‍ തന്നെ 15 വര്‍ഷങ്ങള്‍ക്കപ്പുറം പ്രസ്തുത വ്യക്തിയുടെ മൂലധനമായ 15 ലക്ഷം രൂപ 26.42 ലക്ഷം രൂപയായി വളര്‍ന്നിരിക്കും. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മൂലധനത്തിന്റെ 76 ശതമാനത്തോളം വരുന്ന തുക പിപിഎഫ് നിക്ഷേപം വഴി അദ്ദേഹം സ്വരൂപിച്ചിരിക്കുന്നു.
കോടിപതിയാകാം
നിലവിലെ പിപിഎഫ് പലിശ നിരക്ക് 7.10 ആയി കണക്കാക്കുകയാണെങ്കില്‍ ഈ തുകയിലേക്കെത്താന്‍ 30 വര്‍ഷത്തേക്കുള്ള പിപിഎഫ് അക്കൗണ്ടില്‍ 1,08,000 വാര്‍ഷിക നിക്ഷേപം ആവശ്യമാണ്. ഒരു നിക്ഷേപകന് ഒരു വര്‍ഷത്തില്‍ 12 നിക്ഷേപങ്ങള്‍ അനുവദിക്കുന്നതിനാല്‍, ഒരു പിപിഎഫ് അക്കൗണ്ട് ഉടമയ്ക്ക് ഈ 1,08,000 എന്നത് 12 തവണകളായി, 12 x 9,000 എന്ന രീതിയില്‍ നിക്ഷേപിക്കാന്‍ കഴിയും.
മ്യൂച്വല്‍ ഫണ്ട് SIP പോലെ, ലഭ്യമായ 15, 20, 25 വര്‍ഷങ്ങളില്‍ എക്സ്റ്റന്‍ഷന്‍ സൗകര്യം ഉപയോഗിച്ച് ഒരാളുടെ പിപിഎഫ് അക്കൗണ്ടില്‍ 30 വര്‍ഷത്തേക്ക് പ്രതിമാസം 9,000 രൂപ നിക്ഷേപിക്കുന്നതിലൂടെ അക്കൗണ്ട് ഉടമയ്ക്ക് 1 കോടി രൂപ സമാഹരിക്കാനാകും.