എല്‍.ഐ.സി ഓഹരി വില്‍പ്പന: 90,000 കോടി ലക്ഷ്യമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

Update:2020-02-17 14:23 IST

പൊതുമേഖലാ ആസ്തികള്‍ വില്‍ക്കുന്നതിലൂടെ 1.20 ലക്ഷം കോടി രൂപയും ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും ഓഹരികള്‍ വിറ്റഴിക്കുന്നതിലൂടെ 90,000 കോടി രൂപയുമാണ് ഈ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മെത്ത ലക്ഷ്യമായ 2.10 ലക്ഷം കോടിയുടെ പകുതി എയര്‍ ഇന്ത്യ, ബിപിസിഎല്‍, കോണ്‍കോര്‍ എന്നിവ വഴി കൈവരിക്കാനാകുമെന്നും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ വി സുബ്രഹ്മണ്യന്‍.

എല്‍ഐസിയുടെ 6-7 ശതമാനം ഓഹരികളിലൂടെ 90,000 കോടി രൂപ നേടിയെടുക്കാനാകുമെന്നും സുബ്രഹ്മണ്യന്‍ വ്യക്തമാക്കി.പൊതുമേഖലാ സ്ഥാപനങ്ങള്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നത് അവയ്ക്ക് സാമ്പത്തിക അച്ചടക്കം കൊണ്ടുവരാനുപകരിക്കും. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ ഓഹരി വില്‍പ്പന സാധ്യമാക്കാന്‍ നിലവില്‍ എല്‍ഐസി നിയമത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്. ഇതിന് 10 -12 മാസങ്ങള്‍ വരെ വേണ്ടി വന്നേക്കാം. 

2020 ലെ ബജറ്റ് പ്രകാരം 2.1 ലക്ഷം കോടി രൂപയുടെ ലക്ഷ്യത്തില്‍ 1.20 ലക്ഷം കോടി തന്ത്രപരമായ ഓഹരി വില്‍പ്പന, തിരിച്ചുവാങ്ങല്‍, ഓഫറുകള്‍ എന്നിവയില്‍ നിന്ന് നേടിയെടുക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അതിനോടൊപ്പം എല്‍ഐസി, ഐഡിബിഐ എന്നിവയുടെ ഓഹരികള്‍ വില്‍ക്കുന്നതിലൂടെ 90,000 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും 2.1 ലക്ഷം കോടി രൂപ ലക്ഷ്യം അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഓഹരി വിറ്റഴിക്കലിലൂടെ കൈവരിക്കാനാകില്ലെന്ന സംശയം വിവിധ ഭാഗങ്ങളില്‍ നിന്നും ഉന്നയിച്ചിട്ടുണ്ട്.

47.11 ശതമാനം ഓഹരികളാണ് ഇനി ഐ.ഡി.ബി.ഐ. ബാങ്കില്‍ സര്‍ക്കാരിനുള്ളത്. വിപണിവിലയനുസരിച്ച് ഇതിന്റെ വില്‍പ്പനയിലൂടെ സര്‍ക്കാരിന് 18,000 കോടി രൂപയെങ്കിലും ലഭിക്കുമെന്ന് കണക്കാക്കുന്നു. ഐ.ഡി.ബി.ഐ.യുടെ 51 ശതമാനം ഓഹരികള്‍ എല്‍.ഐ.സി.യുടെ കൈവശമാണ്. എല്‍.ഐ.സി. ഓഹരികള്‍ വില്‍ക്കുന്നത് തന്ത്രപരമായ നീക്കമാണെന്ന് വിലയിരുത്തപ്പെടുന്നു.

പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ വില്‍പ്പന ഈ വര്‍ഷം ലക്ഷ്യമിട്ടിരുന്നതാണെങ്കിലും പൂര്‍ത്തിയാക്കാനായിട്ടില്ല. ഇത് അടുത്ത സാമ്പത്തികവര്‍ഷം നടന്നേക്കും. കൂടാതെ പൊതുമേഖലാ എണ്ണക്കമ്പനിയായ ബി.പി.സി.എല്ലും പട്ടികയിലുണ്ട്. ഇതിന്റെ രണ്ടിന്റെയും വില്‍പ്പനയിലൂടെ ഒരു ലക്ഷം കോടിയോളം വരുമാനം ലഭിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

2020 സാമ്പത്തിക വര്‍ഷത്തെ പൊതു ആസ്തി വില്‍പ്പനാ ലക്ഷ്യം 65,000 കോടി രൂപയായി ബജറ്റില്‍ സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. രണ്ടുമാസം മാത്രം ബാക്കിനില്‍ക്കെ 18,094.59 കോടി രൂപ മാത്രമാണ് സര്‍ക്കാരിന് സമാഹരിക്കാനായത്. ഈ സാഹചര്യത്തിലാണ് ലക്ഷ്യം 1.05 ലക്ഷം കോടിയില്‍നിന്ന് പകുതിയായി കുറച്ചത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News