ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് വിപണിയിലേക്കും കടക്കാനൊരുങ്ങി ആമസോണും ഫ്‌ളിപ്കാര്‍ട്ടും
ഫാഷന്‍, ഇലക്ട്രോണിക്‌സ്, ഗ്രോസറി തുടങ്ങിയ മേഖലകളില്‍ ആധിപത്യം പുലര്‍ത്തിയശേഷം ഓണ്‍ലൈന്‍ വമ്പന്മാരായ ആമസോണ്‍ ഇന്ത്യയും ഫ്‌ളിപ്കാര്‍ട്ടും ഇനി അടുത്ത തലത്തിലേക്കുള്ള വളര്‍ച്ചയുടെ ഭാഗമായി ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് വിപണിയിലേക്ക് കടക്കാന്‍ ഒരുങ്ങുന്നു. ഈ രംഗത്തുള്ള സാധ്യതകള്‍ തിരിച്ചറിഞ്ഞ് ഇരുകൂട്ടരും നിക്ഷേപം നടത്തിക്കഴിഞ്ഞു.
ജനറല്‍, ലൈഫ്, ഓട്ടോ, ട്രാവല്‍ മുതല്‍ മൊബീല്‍ ഫോണ്‍ സേഫ്റ്റി ഇന്‍ഷുറന്‍സ് വരെ ഇതില്‍ ഉള്‍പ്പെടും. ഈ രംഗത്തുള്ള കമ്പനികളുമായുള്ള കരാറുകള്‍ വഴിയായിരിക്കും ആമസോണും ഫ്‌ളിപ്കാര്‍ട്ടും ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് മേഖലയിലേക്ക് പ്രവേശിക്കുക. വിവിധ കമ്പനികളുമായി ചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് മികച്ച പായ്‌ക്കേജുകള്‍ നല്‍കിയായിരിക്കും ഉപഭോക്താക്കളെ ആകര്‍ഷിക്കുക.
ആമസോണിന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ കോര്‍പ്പറേറ്റ് ഏജന്‍സി ലൈസന്‍സ് ലഭിച്ചുകഴിഞ്ഞെന്ന് ആമസോണ്‍ ഇന്ത്യ വക്താവ് പറയുന്നു. ലഭ്യമായ വിവരം അനുസരിച്ച് അമസോണും ഫ്‌ളിപ്കാര്‍ട്ടും കഴിഞ്ഞ നാലു മാസത്തിലേറെയായി തങ്ങളുടെ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ക്ക് രൂപം കൊടുക്കുകയാണ്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇരു കമ്പനികളുടെയും പ്രഖ്യാപനം പ്രതീക്ഷിക്കാം.