ആയുഷ്മാൻ ഭാരത്: ലോകത്തെ ഏറ്റവും വലിയ സർക്കാർ-ആരോഗ്യ സുരക്ഷാ പദ്ധതിയെക്കുറിച്ച് അറിയാം 

Update:2018-09-24 16:17 IST

രാജ്യത്തെ അൻപത് കോടിയിലധികം ജനങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ 'ആയുഷ്മാൻ ഭാരത്' പദ്ധതിക്ക് തുടക്കം കുറിച്ചു. ലോകത്തിലെത്തന്നെ ഏറ്റവും വലിയ സർക്കാർ ആരോഗ്യ പരിരക്ഷാ പദ്ധതിയായാണ് പ്രധാന നരേന്ദ്രമോദി ഇതിനെ വിശേഷിപ്പിച്ചത്.

നഗര-ഗ്രാമ പ്രദേശങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗത്തെ വരുന്ന പൊതു തെരഞ്ഞെടുപ്പിൽ കൂടെനിർത്താൻ ലക്ഷ്യമിട്ടുള്ളതാണ് മോദിയുടെ ഈ ബൃഹത്-പദ്ധതിയെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

ആയുഷ്മാൻ ഭാരത്-പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (AB-PMJAY) യെക്കുറിച്ച് കൂടുതൽ അറിയാം:

  • ഏകദേശം 10 കോടി കുടംബങ്ങൾക്ക് (അതായത് 50 കോടിയോളം വ്യക്തികൾക്ക്) ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതിയാണിത്.
  • വർഷത്തിൽ അഞ്ച് ലക്ഷം രൂപയാണ് ഇൻഷുറൻസ് കവർ.
  • സെപ്റ്റംബർ 25 മുതൽ പ്രാബല്യത്തിൽ
  • ഏറ്റവും പുതിയ സോഷ്യോ-ഇക്കണോമിക് കാസ്റ്റ് സെൻസസ് (SECC) ഡേറ്റ അനുസരിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനങ്ങൾക്കാണ് ഇത് ലഭ്യമാവുക.
  • കുടുംബാഗങ്ങളുടെ എണ്ണമോ പ്രായമോ സംബന്ധിച്ച ഒരു പരിധിയും ബാധകമല്ല.
  • സ്കീമിൽ 1,354 പാക്കേജുകൾ ആരോഗ്യ മന്ത്രാലയം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് കൊറോണറി ബൈപാസ്, മുട്ടുമാറ്റിവക്കൽ, സ്റ്റെന്റ് ഉപയോഗം എന്നിവയ്ക്ക് സെൻട്രൽ ഗവണ്മെന്റ് ഹെൽത്ത് സ്കീമിലേതിനേക്കാളും (CGHS) 15-20 ശതമാനത്തോളം ചെലവ് കുറയും.
  • പദ്ധതിയിൽ ചേരാൻ ആധാർ കാർഡിന്റെ ആവശ്യമില്ല. വോട്ടർ ഐഡിയോ റേഷൻ കാർഡോ മതിയാവും.
  • എല്ലാ സർക്കാർ ആശുപത്രികളിലും എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിലും ആയുഷ്മാൻ ഭാരതിന് 'ക്യാഷ്‌ലെസ്സ്' സൗകര്യം ലഭ്യമാണ്.
  • വെബ്‌സൈറ്റ്: mera.pmjay.gov.in ഹെൽപ് ലൈൻ നമ്പർ: 14555
  • പദ്ധതിക്ക് സർക്കാരിന് ഏകദേശം 5000 കോടി രൂപ ഈ വര്ഷം ചെലവ് വരും.
  • അടുത്തവർഷത്തോടെ ഇന്ത്യയൊട്ടാകെ നടപ്പാക്കുമ്പോൾ 10,000 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ 60 ശതമാനം ഫണ്ടിംഗ് കേന്ദ്ര സർക്കാരും ബാക്കിയുള്ളത് സംസ്ഥാന സർക്കാരും വഹിക്കും.
  • എല്ലാ സംസ്ഥാനങ്ങളോടും PM-JAY കിയോസ്ക്കുകൾ സ്ഥാപിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

പദ്ധതി നടപ്പാക്കാൻ 30 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ധാരണാപത്രം ഒപ്പിട്ടുകഴിഞ്ഞു. തെലങ്കാന, ഒഡിഷ, കേരളം, ഡൽഹി, പഞ്ചാബ് എന്നിവയാണ് ഇതുവരെ പദ്ധതിയിൽ ചേരാത്ത സംസ്ഥാനങ്ങൾ. ഇൻഷുറൻസ് കമ്പനികൾക്ക് വളരെ ഗുണകരമാണ് പുതിയ പദ്ധതിയെന്ന് റേറ്റിംഗ് ഏജൻസിയായ മൂഡിസ് അഭിപ്രായപ്പെട്ടു.

Similar News