രാജ്യത്തെ ലൈഫ് ഇന്‍ഷുറന്‍സ് വിപണിയില്‍ റെക്കോര്‍ഡ് പ്രകടനം ആവര്‍ത്തിച്ച് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ നാല് മാസങ്ങളില്‍, ഏപ്രില്‍ മുതല്‍ ജൂലൈ വരെ, പോളിസി വില്‍പ്പനയില്‍ രാജ്യത്തെ 66.15 ശതമാനം വിപണി വിഹിതമാണ് എല്‍ ഐ സി സ്വന്തമാക്കിയത്. ആദ്യ വര്‍ഷത്തെ പ്രീമിയം കളക്ഷനില്‍, ഇക്കാലയളവില്‍ എല്‍ ഐ സിയുടെ വിപണി വിഹിതം 71.87 ശതമാനമായിരുന്നു.
ആഗസ്ത് മാസത്തില്‍ പോളിസികളുടെ എണ്ണത്തില്‍ എല്‍ ഐ സിയുടെ വിപണി വിഹിതം 71.27 ശതമാനമായാണ് കുതിച്ചുയര്‍ന്നിരിക്കുന്നത്. ആദ്യ വര്‍ഷ പ്രീമിയം കളക്ഷനില്‍ 72.91 ശതമാനം വിപണി വിഹിതവും ആഗസ്തില്‍ എല്‍ ഐ സി കൈപിടിയിലാക്കി.
കോവിഡ് 19 എന്ന ലോകത്തെ അടിമുടി കീഴ്‌മേല്‍ മറിച്ച മഹാമാരിക്കിടയിലും മിന്നുന്ന പ്രകടനമാണ് എല്‍ ഐ സിയുടേത്. ടെക്‌നോളജി, ജനങ്ങളുടെ താല്‍പ്പര്യങ്ങളും ആവശ്യങ്ങളും അറിഞ്ഞുള്ള പുതിയ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍, അനുദിനം വലുതായി കൊണ്ടിരിക്കുന്ന ഏജന്റുമാരുടെ ശൃംഖല, ഇന്‍ഷുറന്‍സ് പരിരക്ഷ വേണ്ട രാജ്യത്തെ ഓരോ വ്യക്തിയിലേക്കും ഇന്‍ഷുറന്‍സ് എത്തിക്കണമെന്ന നിശ്ചദാര്‍ഢ്യം ഇവയെല്ലാമാണ് എല്‍ ഐ സിക്ക് കരുത്ത് പകരുന്ന ഘടകങ്ങള്‍.
ഇന്‍ഷുറന്‍സ് ഏജന്റുമാരെ കൂട്ടിച്ചേര്‍ക്കുന്ന കാര്യത്തിലും എല്‍ ഐ സി രാജ്യത്ത് മിന്നുന്ന പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. മൊത്തം ഇന്‍ഷുറന്‍സ് ഇന്‍ഡ്‌സ്ട്രിയുടെ വ്യക്തിഗത പുതിയ പ്രീമിയം ബിസിനസിന്റെ 62.26 ശതമാനവും സംഭാവന ചെയ്യുന്നത് ഏജന്റുമാരാണ്. എല്‍ ഐ സിയുടെ കാര്യത്തില്‍ ഇത് 95.81 ശതമാനവുമാണ്. പുതിയ ഏജന്റുമാരെ നിയമിക്കുന്നത് ഇന്ത്യയിലെ ഇന്‍ഷുറന്‍സ് വ്യവസായത്തെ സംബന്ധിച്ചിടത്തോളം അതുകൊണ്ട് തന്നെ നിര്‍ണായകവുമാണ്. ജൂലൈ 31ലെ കണക്ക് പ്രകാരം എല്‍ ഐ സി പുതുതായി 58,216 ഏജന്റുമാരെയാണ് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ ഇതേ കാലത്ത് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് 1178 ഏജന്റുമാരാണ് കൊഴിഞ്ഞുപോയത്. രാജ്യത്തെ മൊത്തം ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റുമാരില്‍ 54.25 ശതമാനം എല്‍ ഐ സി ഏജന്റുമാരാണ്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine