എല്‍.ഐ.സി ഓഹരി വില്‍പ്പന വേണ്ടെന്ന് ജീവനക്കാര്‍ ; നാളെ മുതല്‍ പ്രതിഷേധം

Update:2020-02-03 12:07 IST

എല്‍ഐസി ഓഹരികള്‍ വില്‍ക്കാനുള്ള നീക്കത്തിനെതിരെ രാജ്യവ്യാപകമായുള്ള പ്രതിഷേധ നീക്കവുമായി ജീവനക്കാര്‍. നാളെ ഉച്ചഭക്ഷണ സമയത്തിന് മുമ്പായി ഒരു മണിക്കൂര്‍ പണിമുടക്കിന് ലൈഫ് ഇന്‍ഷുറന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ ആഹ്വാനം ചെയ്തു. ഓഫീസുകള്‍ക്കു മുന്നില്‍ പ്രകടനം നടത്താനും മൂന്ന് പ്രധാന ട്രേഡ് യൂണിയനുകള്‍ തീരുമാനമെടുത്തിട്ടുണ്ട്.

ഞങ്ങള്‍ ഈ നീക്കത്തെ പൂര്‍ണമായും എതിര്‍ക്കുന്നു. വലിയ ലാഭമുണ്ടാക്കുമ്പോള്‍ എല്‍ഐസി എന്തിനാണ് ഐപിഒയ്ക്ക് പോകുന്നത്? 5 കോടി രൂപ മാത്രമാണ് സര്‍ക്കാരിന് എല്‍ഐസിയിലുള്ള നിക്ഷേപം. അത് കഴിഞ്ഞ വര്‍ഷം 2,600 കോടി രൂപയുടെ ലാഭവിഹിതമാണു നല്‍കിയത് - ഫെഡറേഷന്‍ ഓഫ് എല്‍ഐസി ക്ലാസ് -1 ഓഫീസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ് രാജ്കുമാര്‍ പറഞ്ഞു.

വന്‍ ആസ്തിയുള്ള, ലാഭമുള്ള ഒരു കമ്പനിയുടെ ഓഹരി വില്‍പ്പന എന്തിന് നടത്തുന്നുവെന്ന ചോദ്യം വ്യാപകമാകുന്നുണ്ട്. ഓഹരി വിപണിയില്‍ നിന്ന് എല്‍ഐസിക്ക് 14,000 കോടി രൂപയുടെ ലാഭം നേടാന്‍ കഴിഞ്ഞു. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ വിപണി മൂലധനം നടപ്പുവര്‍ഷത്തില്‍ 28.7 ലക്ഷം കോടിയായി. കമ്പനിയുടെ ആകെ ആസ്തി മൂല്യം ഏകദേശം 31 കോടി രൂപയോളമാണ്്.

മൂന്ന് പ്രധാന ട്രേഡ് യൂണിയനുകളുടെ സംയുക്ത ഫോറം - ഫെഡറേഷന്‍ ഓഫ് എല്‍ഐസി ക്ലാസ് -1 ഓഫീസേഴ്‌സ് അസോസിയേഷന്‍സ്, നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്‍ഷുറന്‍സ് ഫീല്‍ഡ് വര്‍ക്കേഴ്‌സ് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇന്‍ഷുറന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ എന്നിവ എല്‍ഐസിയുടെ മൊത്തം തൊഴില്‍ ശക്തിയുടെ 90% പ്രതിനിധീകരിക്കുന്നു.

എല്‍ഐസിയുടെ ഓഹരികള്‍ വിറ്റഴിക്കുന്നത് രാജ്യ താത്പര്യത്തിന് വിരുദ്ധമാണെന്ന് ലൈഫ് ഇന്‍ഷുറന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പോലും എല്‍ഐസി ക്ക് പിന്നിലാണിപ്പോള്‍. രാജ്യത്തെ ഇന്‍ഷുറന്‍സ് വിപണിയില്‍ 80 ശതമാനം നേട്ടം കൈവരിച്ച കമ്പനിയാണ് എല്‍ഐസി. സ്വകാര്യവ്തക്കരിച്ചാല്‍ കമ്പനി വലിയ തകര്‍ച്ചയിലേക്ക് നീങ്ങുമെന്നാണ് വ്യാപകമായി ഉയര്‍ന്നുവരുന്ന അഭിപ്രായം.

എല്‍ഐസി ഓഹരി വില്‍പ്പനയിലൂടെ മികച്ച നേട്ടം കൊയ്യാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്.1956 മുതല്‍ സര്‍ക്കാരിന്റെ പൂര്‍ണ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് എല്‍ഐസി. ലിസ്റ്റ് ചെയ്യുന്നതിലൂടെ എല്‍ഐസിക്ക് വിപണി മൂലധനത്തില്‍ വന്‍ നേട്ടം കൊയ്യാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ലിസ്റ്റ് ചെയ്താല്‍ വിപണി മൂലധനത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ പോലും എല്‍ഐസി പിന്തള്ളുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.അതേസമയം ഓഹരികള്‍ വില്‍പ്പനയ്ക്ക് വെക്കുന്നതിന് മുന്‍പ് എല്‍ഐസി ആക്ടില്‍ സര്‍ക്കാരിന് ഭേദഗതി വരുത്തേണ്ടതുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News