ലോക്ക് ഡൗണിന് ശേഷം വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ തുറക്കുമ്പോള്‍ അതിലെ തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ തൊഴിലുടമ ഉറപ്പു വരുത്തണമെന്ന ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശം ചെറുകിട സംരംഭകര്‍ക്ക് വരുത്തിവെക്കുക വലിയ സാമ്പത്തിക ബാധ്യത.
ഇഎസ്‌ഐ, പിഎഫ് എന്നിവ ഏര്‍പ്പെടുത്തിയിരിക്കുന്ന സംരംഭങ്ങള്‍ക്ക് ഇത് ബാധകമല്ലെന്നാണ് സംരംഭകര്‍ക്ക് അധികൃതരില്‍ നിന്ന് വാക്കാല്‍ ലഭിച്ചിരിക്കുന്ന ഉറപ്പ്. പത്തില്‍ കൂടുതല്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സംരംഭങ്ങളില്‍ ഇഎസ്‌ഐയും 20 ല്‍ കൂടുതല്‍ പേര്‍ ജോലിചെയ്യുന്ന സംരംഭങ്ങളില്‍ പിഎഫും നിലവിലുണ്ട്. ഇവര്‍ പ്രത്യേകം ഗ്രൂപ്പ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കേണ്ടതില്ലെന്നാണ് പറയുന്നതെങ്കിലും അതില്‍ വ്യക്തത വന്നിട്ടില്ല.
എന്നാല്‍ പത്തു പേര്‍ വരെ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ എല്ലാ തൊഴിലാളികള്‍ക്കും നിര്‍ബന്ധ പൂര്‍വം ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുത്തിരിക്കണമെന്നാണ് ഐആര്‍ഡിഎഐ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റീംസ് പ്രൊസീജ്യറിന്റെ (SOP) ഭാഗമായാണ് ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തൊഴിലിടങ്ങളില്‍ സാമൂഹ്യ അകലം പാലിക്കുക എന്നതാണ് എസ്ഒപിയിലെ രണ്ടാമത്തെ നിര്‍ദ്ദേശം. കേരളത്തിലെ 80 ശതമാനം ചെറുകിട വ്യവസായ വ്യാപാര യൂണിറ്റുകളും പത്തില്‍ താഴെ ആളുകളെ വെച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്നതു കൊണ്ടു തന്നെ അവര്‍ക്ക് വലിയ ബാധ്യതയാകും ഇത്. ഏറ്റവും ചുരുങ്ങിയത് ഒരു തൊഴിലാളിക്ക് ആയിരം രൂപയെങ്കിലും ഈയിനത്തില്‍ സംരംഭകന്‍ ചെലവഴിക്കേണ്ടി വരും. മാത്രമല്ല, ഇപ്പോള്‍ കുറഞ്ഞ നിരക്കില്‍ പോളിസി നല്‍കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ പിന്നീട് പ്രീമിയം വര്‍ധിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. കൂടിയ പ്രീമിയത്തിന്മേലുള്ള ഫാമിലി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികളില്‍ പോലും ക്ലെയിം നിരസിക്കല്‍ സാധാരണമായിരിക്കേ കുറഞ്ഞ പ്രീമിയമുള്ള ഗ്രൂപ്പ് പോളിസികളില്‍ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
എല്ലാ ബാധ്യതകളും സംരംഭകന്റെ തലയില്‍ വെച്ചു കെട്ടാതെ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള സഹായമാണ് സംരംഭകര്‍ പ്രതീക്ഷിക്കുന്നത്. മാത്രമവുമല്ല, പത്തില്‍ കൂടുതല്‍ പേര്‍ ജോലി ചെയ്യുന്ന സംരംഭങ്ങള്‍ക്കും നിയമം ബാധകമാക്കുമോ എന്ന ആധിയും ഒഴിഞ്ഞിട്ടില്ലെന്ന് കേരള സ്‌റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് സിജോ പി ജോയ് പറയുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline