മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഈ രോഗങ്ങളെ പടിക്കു പുറത്തു നിര്‍ത്താന്‍ കമ്പനികള്‍ക്ക് ഇനി കഴിയില്ല

Update:2019-10-03 16:27 IST

മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുത്താലും പലപ്പോഴും പല രോഗങ്ങളും അതിന്റെ സംരക്ഷണം കിട്ടണമെന്നില്ല. ഇന്‍ഷുറന്‍സ് എടുത്തവര്‍ സ്വന്തം കൈയില്‍ നിന്ന് പണം ചെലവഴിച്ചു വേണം ചികിത്സ നടത്താന്‍. കടുത്ത ജോലികള്‍ മൂലം ഉണ്ടാകുന്ന രോഗങ്ങളെയും കൃത്രിമ മാര്‍ഗങ്ങളിലൂടെ ജീവന്‍ നിലനിര്‍ത്തല്‍,

മാനസികാരോഗ്യത്തിനുള്ള ചികിത്സ, പ്രായാധിക്യം മൂലമുള്ള രോഗങ്ങള്‍ എന്നിവയ്‌ക്കൊക്കെ ഇന്‍ഷുറന്‍സ് കവറേജ് നല്‍കിയിരിക്കണമെന്നാണ് ദി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അഥോറിറ്റി (ഐആര്‍ഡിഎഐ)യുടെ നിര്‍ദ്ദേശം. പ്രായാധിക്യം മൂലമുള്ള തിമിര ശസ്ത്രക്രിയ, മുട്ടു ചിരട്ട മാറ്റിവെക്കല്‍, അള്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് എന്നിവയ്‌ക്കെല്ലാം ഇനി സംരക്ഷണം ലഭിക്കും. മാരകമായ രാസവസ്തുക്കള്‍ ഉപയോഗപ്പെടുത്തുന്ന കമ്പനികളിലെ തൊഴിലാളികള്‍ക്ക് ഉണ്ടാകുന്ന തൊലിപ്പുറത്തെ അസുഖങ്ങള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇനി കവറേജ് നല്‍കേണ്ടി വരും.

അപസ്മാരം, പഴക്കമേറിയ കിഡ്‌നി സംബന്ധമായ അസുഖങ്ങള്‍, എയ്ഡ്‌സ് തുടങ്ങിയവയ്ക്ക് കവറേജ് നല്‍കാന്‍ തയാറല്ലെങ്കില്‍ അത് പ്രത്യേകം സൂചിപ്പിച്ചിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഐആര്‍ഡിഎഐയുടെ നിര്‍ദ്ദേശം ലക്ഷക്കണക്കിന് പോളിസിയുമടകള്‍ക്ക് നേട്ടമാകും. പോളിസിയുടമ വെളിപ്പെടുത്തിയ എല്ലാ നിലവിലെ രോഗങ്ങള്‍ക്കും പരമാവധി 48 മാസത്തെ വെയ്റ്റിംഗ് കാലാവധിക്ക് ശേഷം കവറേജ് നല്‍കിയിരിക്കണമെന്നാണ് അഥോറിറ്റി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Similar News