കൊവിഡ് 19 ന്റെ സാഹചര്യത്തില്‍ ക്ലെയിമുകള്‍ വര്‍ധിച്ചു വരുന്നതില്‍ നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ആശങ്ക. ആഗസ്ത് 14 വരെയുള്ള കണക്കനുസരിച്ച് ഏകദേശം 1800 കോടി രൂപയുടെ 1.15 ലക്ഷം ക്ലെയിമുകളാണ് വിവിധ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ലഭിച്ചത്. മാത്രമല്ല, ഇന്‍ഷുറന്‍സ് കവറേജുള്ള വ്യക്തിക്കും ഇല്ലാത്ത വ്യക്തിക്കും നല്‍കുന്ന ചികിത്സാ നിരക്കില്‍ ആശുപത്രികള്‍ രണ്ടു നിരക്കാണ് ഈടാക്കുന്നതെന്നതും കമ്പനികളെ അസ്വസ്ഥരാക്കുന്നു.
ഈ സാഹചര്യത്തില്‍ കൊവിഡ് 19 ചികിത്സയ്ക്ക് ഏകീകൃത നിരക്ക് നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ദി ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ സൂപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് കവറേജുള്ള വ്യക്തിയുടെ ചികിത്സയ്ക്ക് 4.6 ലക്ഷം രൂപയോളം ആശുപത്രികള്‍ ബില്ല് ഈടാക്കുമ്പോള്‍ ഇന്‍ഷുറന്‍സ് എടുത്തിട്ടില്ലാത്ത വ്യക്തികളില്‍ നിന്ന് വളരെ കുറഞ്ഞ തുക മാത്രമാണ് ആശുപത്രികള്‍ ഈടാക്കുന്നതെന്നാണ് കമ്പനികളുടെ ആരോപണം.
ക്ലെയിമുകളുടെ എണ്ണം തുടര്‍ച്ചയായി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ജൂലൈ അവസാനത്തോടെ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ലഭിച്ചത് 1300 കോടി രൂപയുടെ 80000 ക്ലെയിമുകളാണ്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ പേര്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്തത്.
ആഗസ്ത് 14 വരെയുള്ള കണക്കുകള്‍ പ്രകാരം 48000 ക്ലെയിമുകളുമായി മഹാരാഷ്ട്രയാണ് ഇതില്‍ മുന്നില്‍. തമിഴ്‌നാട്ടില്‍ നിന്ന് 13600 ഉം ഡല്‍ഹിയില്‍ നിന്ന് 11000 ക്ലെയിമുകളുമാണ് കമ്പനികള്‍ക്ക് ലഭിച്ചത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ കണക്കു പ്രകാരം ആഗസ്ത് 17ന് 6.76 ലക്ഷം കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. 19.19 ലക്ഷം പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടപ്പോള്‍ 50,921 പേര്‍ മരണപ്പെട്ടു.
ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 51,636.34 കോടി രൂപയാണ് വിവിധ നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രീമിയമായി സമാഹരിച്ചത്. തൊട്ടുമുമ്പത്തെ വര്‍ഷം 45,532.22 കോടി രൂപയായിരുന്നു.
പല ഇന്‍ഷുറന്‍സ് കമ്പനികളും നല്‍കിക്കൊണ്ടിരുന്ന പോളിസികള്‍ പിന്‍വലിക്കുന്ന സ്ഥിതിയുണ്ട്. ക്വാറന്റൈനില്‍ കഴിയുന്ന വ്യക്തിക്ക് 25,000 രൂപ മുതല്‍ നഷ്ടപരിഹാരം നല്‍കുന്ന തരത്തില്‍ ആവിഷ്‌കരി്ക്കപ്പെട്ട പല പോളിസികളും കമ്പനികള്‍ പിന്‍വലിച്ചു. കൊവിഡ് വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണിത്. എന്നാല്‍ കൊവിഡ് ചികിത്സയ്ക്കായുള്ള പോളിസികള്‍ പ്രമുഖ കമ്പനികള്‍ ഇപ്പോഴും നല്‍കി വരുന്നുണ്ട്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline