കൊറോണയില്‍ ഇന്‍ഷുറന്‍സ് മേഖലയ്ക്ക് സംഭവിച്ചതിതാണ്; ഐആര്‍ഡിഎഐ ചെയര്‍മാന്‍ പറയുന്നു
കൊറോണയില്‍ പകച്ചിരിക്കാതെ അതുണ്ടാക്കുന്ന സാമ്പത്തിക ബാധ്യതകള്‍ ചെറുക്കാന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ വിവിധ തരത്തിലുള്ള പദ്ധതികളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന് ചെയര്‍മാന്‍ സുഭാഷ് ചന്ദ്ര ഖുണ്ഡിയ. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ദിനപത്രത്തിന് നല്‍കിയ ഇ മെയ്ല്‍ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ അഭിപ്രായം. സര്‍ക്കാരിന്റെ നിയന്ത്രണങ്ങളും ഉപഭോക്താക്കള്‍ക്കുള്ള ബുദ്ധിമുട്ടുകളും കാരണം ഇപ്പോള്‍ ഇന്‍ഷുറന്‍സ് മേഖല പ്രതിസന്ധിയില്‍ തന്നെയെന്ന് അദ്ദേഹം പറയുന്നു.
സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം ആളുകള്‍ പോളിസിയെടുക്കുന്നതില്‍ കുറവുണ്ടായിട്ടുണ്ട്. വിപണിയിലെ ചാഞ്ചാട്ടം കമ്പനികളുടെ ആസ്തി മൂല്യത്തിലും സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്. എന്നാല്‍ നിയന്ത്രണങ്ങള്‍ എടുത്തു നീക്കുകയും സാമ്പത്തിക മേഖല തിരികെ കയറുകയും ചെയ്താല്‍ പതിവില്‍ കവിഞ്ഞ മുന്നേറ്റം മേഖലയിലുണ്ടാകുമെന്നും സുഭാഷ് ചന്ദ്ര പ്രത്യാശ പ്രകടിപ്പിക്കുന്നു. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഫലം അപ്പോള്‍ കണ്ടു തുടങ്ങും.
നിലവിലുള്ള പോളിസികളിന്മേല്‍ തന്നെ കൊറോണയ്ക്കും കവറേജ് നല്‍കാന്‍ ഐആര്‍ഡിഎഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൊവിഡ് 19 രോഗികളുടെ കാര്യത്തില്‍ സാധാരണയിലും വേഗത്തില്‍ നടപടിയുണ്ടാകണമെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു.
എല്ലാവരെയും ഉള്‍ക്കൊള്ളുന്നു
താഴ്ന്ന വരുമാനക്കാരായ ആളുകള്‍ക്കും പ്രയോജനം കിട്ടുന്ന തരത്തില്‍ വിവിധ ഇന്‍ഷുറന്‍സ് പദ്ധതികള്‍ നിലവിലുണ്ടെന്നും സുഭാഷ് ചന്ദ്ര പറയുന്നു. പ്രധാനമന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന, പ്രധാന്‍ മന്ത്രി സുരക്ഷാ ഭീമ യോജന, പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന തുടങ്ങി ലൈഫ്, അപകട, ഹെല്‍ത്ത് ഇന്‍ഷുറന്‍സുകള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതില്‍ ഗുണഭോക്താക്കളല്ലാത്തവര്‍ക്ക് വേണ്ടി ലളിതമായും ചെലവു കുറഞ്ഞതുമായ പോളിസി ലഭ്യമാക്കാനാണ് ഐആര്‍ഡിഎഐ ആരോഗ്യ സഞ്ജീവനി അവതരിപ്പിച്ചത്. ഇത് സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പോളിസികളായും പ്രയോജനപ്പെടുത്താനാവും.
കൊറോണയ്ക്കുള്ള പോളിസി പ്രയോജനപ്പെടുത്തുക
നിലവിലുള്ള എല്ലാ ആരോഗ്യ പോളിസികളിലും കൊറോണയും ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ നിലവില്‍ പോളിസിയില്ലാത്തവരെയും ലക്ഷ്യമിട്ട് കൊവിഡ് 19ന് മാത്രമായി പോളിസികള്‍ നല്‍കാന്‍ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. നിലവിലുള്ള ഹെല്‍ത്ത് പോളിസികള്‍ ഉപയോഗപ്പെടുത്താതെ തന്നെ കൊവിഡിന് വേണ്ടിയുള്ള സമഗ്രമായ പോളിസികള്‍ ക്ലെയിം ചെയ്യാം. ഇതിന്റെ പ്രീമിയവും താരതമ്യേന കുറവാണ്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline