എഫ്.ഡിയോ എൽ.ഐ.സി പോളിസിയോ? തിരഞ്ഞെടുക്കാം അനുയോജ്യമായ പദ്ധതി
സമ്പാദ്യം ഏത് രീതിയില്‍ നിക്ഷേപിച്ചാലും അതിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്
നിലവിലെ സാമ്പത്തിക സാഹചര്യങ്ങളിൽ ഏറെ നിര്‍ണായകമായ ഒന്നാണ് നിങ്ങള്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം വിവേകത്തോടെ നിക്ഷേപിക്കുക എന്നത്. വിപണിയില്‍ ഇപ്പോൾ നിരവധി നിക്ഷേപ മാര്‍ഗങ്ങള്‍ ലഭ്യമായതിനാല്‍ ഉചിതമായത് തിരഞ്ഞെടുക്കുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം സുരക്ഷിതത്വം മാത്രമല്ല, മികച്ച വരുമാനവും ഇത് നല്‍കുന്നുണ്ടെന്നുള്ള ഉറപ്പ് നമുക്ക് വേണം.
വിപണിയിലുള്ള വിവിധ നിക്ഷേപ മാര്‍ഗങ്ങള്‍ക്കിടയിലേക്ക് ഈയടുത്ത് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍.ഐ.സി) ഒരു സരള്‍ പെന്‍ഷന്‍ പദ്ധതി മുന്നോട്ട് വച്ചു. ഒറ്റത്തവണ പ്രീമിയമായി ഏറ്റവും കുറഞ്ഞത് 2.50 ലക്ഷം രൂപ വരുന്ന, 40-ാം വയസ് മുതല്‍ പെന്‍ഷന്‍ ലഭിക്കുന്നതാണ് ഈ പദ്ധതി.
ഈ പദ്ധതിയെ കുറിച്ച് അറിഞ്ഞ ഒരു വ്യക്തി ന്യായമായൊരു സംശയം ചോദിച്ചു. 'എന്റെ സമ്പാദ്യം ഈ പദ്ധതിയില്‍ നിക്ഷേപിക്കുന്നതാണോ അതോ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്ന ഏതെങ്കിലും ബാങ്കില്‍ സ്ഥിരനിക്ഷേപമായി (എഫ്.ഡി) ഇടുന്നതാണോ മെച്ചം?'
ഇതിനുത്തരം തേടണമെങ്കില്‍ ആദ്യം ഈ രണ്ട് നിക്ഷേപ മാര്‍ഗങ്ങളെ പറ്റി അറിയണം. രണ്ടും സുരക്ഷിതമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ആനുകൂല്യങ്ങള്‍, വരുമാനം, അപകടസാധ്യതകള്‍ എന്നിവയുടെ കാര്യത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇവ കൃത്യമായി മനസിലാക്കുന്നതിലൂടെ നിങ്ങള്‍ക്ക് തീരുമാനിക്കാം നിങ്ങളുടെ സമ്പാദ്യം എപ്പോള്‍, എവിടെ, എങ്ങനെ നിക്ഷേപിക്കണമെന്ന്.
എല്‍.ഐ.സിയുടെ സരള്‍ പെന്‍ഷന്‍ യോജന
എല്‍.ഐ.സി ഈയടുത്ത് പുറത്തിറക്കിയ 'സരള്‍ പെന്‍ഷന്‍ യോജന' പദ്ധതി പ്രകാരം പെന്‍ഷന്‍ ലഭിക്കുന്നതിന് നമ്മുക്ക് 60 വയസ്സ് വരെ കാത്തിരിക്കേണ്ടതില്ല. 40-ാം വയസ് മുതല്‍ പെന്‍ഷന്‍ ലഭ്യമായി തുടങ്ങുമെന്നതാണ് ഇതിന്റെ പ്രത്യേകത. പോളിസി എടുക്കുന്ന സമയത്ത് മാത്രം പ്രീമിയം അടയ്ക്കേണ്ട ഒറ്റതവണ പ്രീമിയം പെന്‍ഷന്‍ പദ്ധതിയാണ് 50,000 രൂപ വരെ പെന്‍ഷന്‍ ലഭിക്കുന്ന ഈ പദ്ധതി. ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ ലഭിക്കും. സരള്‍ പെന്‍ഷന്‍ പോളിസിയില്‍ ചേരാനുള്ള കുറഞ്ഞ പ്രായപരിധി 40 വയസും കൂടിയത് 80 വയസുമാണ്.
സിംഗിള്‍ ലൈഫ്, ജോയിന്റ് ലൈഫ് എന്നിങ്ങനെ രണ്ട് വഴികളിലൂടെ ഈ പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകാന്‍ സാധിക്കും. സിംഗിള്‍ ലൈഫില്‍ നിങ്ങള്‍ക്ക് പോളിസി ആരുടെ പേരില്‍ വേണമെങ്കിലും എടുക്കാം. പെന്‍ഷന്‍കാരന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം അയാള്‍ക്ക് പെന്‍ഷന്‍ തുക ലഭിക്കും. പോളിസിയുടമയുടെ മരണശേഷം അടിസ്ഥാന പ്രീമിയം തുക നോമിനിക്ക് തിരികെ നല്‍കും. ജോയിന്റ് ലൈഫില്‍ ജീവിതപങ്കാളിക്കും കവറേജ് ഉണ്ടെന്നുള്ളതാണ് പ്രത്യേകത. ഇവിടെയും ജീവിച്ചിരിക്കുന്നിടത്തോളം പോളിസിയുടമയ്ക്ക് പെന്‍ഷന്‍ ലഭിക്കും. പോളിസിയുടമയുടെ മരണശേഷം അയാളുടെ ജീവിതപങ്കാളിക്ക് ആജീവനാന്ത പെന്‍ഷന്‍ ലഭിക്കും. അവരുടേയും മരണശേഷം അടിസ്ഥാന പ്രീമിയം തുക നോമിനിക്ക് കൈമാറും.
പെന്‍ഷന്‍ എപ്പോള്‍ ലഭിക്കണം
നാല് ഓപ്ഷനുകളിലാണ് ഈ പോളിസി ലഭിക്കുന്നത്. ഇത് പ്രകാരം പെന്‍ഷന്‍ എപ്പോള്‍ ലഭിക്കണമെന്ന് പോളിസിയുടമയ്ക്ക് തീരുമാനിക്കാം. പെന്‍ഷന്‍ എല്ലാ മാസവും ലഭിക്കുന്ന രീതി, ഓരോ മുന്ന് മാസം കൂടുമ്പോള്‍ ലഭിക്കുന്നത്, ഓരോ 6 മാസവും കൂടുമ്പോള്‍ ലഭിക്കുന്നത് അല്ലെങ്കില്‍ 12 മാസം കൊണ്ട് ലഭിക്കുന്നത്. ഇതില്‍ ഏത് തിരഞ്ഞെടുത്താലും ആ കാലയളവില്‍ പെന്‍ഷന്‍ ലഭ്യമാകും. ഇവിടെ ഒരാള്‍ ഒറ്റത്തവണ പ്രീമിയമായി ഏറ്റവും കുറഞ്ഞത് 2.50 ലക്ഷം രൂപ അടയ്ക്കേണ്ടതുണ്ട്.
പദ്ധതി പകുതിയെത്തുമ്പോള്‍ നിങ്ങള്‍ നിക്ഷേപിച്ച തുക തിരികെ വേണമെങ്കില്‍ 5 ശതമാനം കുറച്ച്, നിക്ഷേപം തിരികെ ലഭിക്കും. അതായത് പോളിസി സറണ്ടര്‍ ചെയ്യുമ്പോള്‍ അടിസ്ഥാന വിലയുടെ 95 ശതമാനം റീഫണ്ട് ചെയ്യപ്പെടും. പോളിസി ആരംഭിച്ച തീയതി മുതല്‍ ആറ് മാസത്തിന് ശേഷം എപ്പോള്‍ വേണമെങ്കിലും പോളിസി സറണ്ടര്‍ ചെയ്യാം. ഈ പദ്ധതിക്ക് കീഴില്‍ വായ്പ എടുക്കാനും സാധിക്കും. പദ്ധതി ആരംഭിച്ച് 6 മാസത്തിന് ശേഷം നിങ്ങള്‍ക്ക് വായ്പയ്ക്ക് അപേക്ഷിക്കാം.
സ്ഥിര നിക്ഷേപവും ബാങ്കുകളും
സ്ഥിര നിക്ഷേപം എന്നത് ഒരു നിശ്ചിത കാലയളവിലേക്ക്, സാധാരണയായി 1 മാസം മുതല്‍ 10 വര്‍ഷം വരെ ഒരു നിശ്ചിത തുക നിക്ഷേപിക്കുന്ന രീതിയാണ്. ഇതിന്റെ പലിശ നിരക്ക് മുന്‍കൂട്ടി തീരുമാനിച്ചിരിക്കും. എന്നിരുന്നാലും ഈ നിരക്കുകളില്‍ ചില ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. പൊതുവെ സേവിംഗ്‌സ് അക്കൗണ്ടിനേക്കാള്‍ ഇവിടെ പലിശ കൂടുതലാണ്. പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും സ്ഥിര നിക്ഷേപങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഉറപ്പുള്ള റിട്ടേണുകള്‍ വാഗ്ദാനം ചെയ്യുന്ന ഒന്നാണിത്.
സ്ഥിര നിക്ഷേപങ്ങള്‍ വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് വിധേയമല്ലാത്തതിനാല്‍ റിസ്‌ക് കുറഞ്ഞ നിക്ഷേപങ്ങളാണ്. അതിനാല്‍ വിപണി മോശം അവസ്ഥയിലൂടെ കടന്നുപോയാലും നിങ്ങളുടെ നിക്ഷേപം സുരക്ഷിതമാണ്. ഇവയ്ക്ക് ഒരുമാസം മുതല്‍ 10 വര്‍ഷം വരെയുള്ള വിവിധ കാലാവധിയുള്ളനാല്‍ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് അനുയോജ്യമായ കാലാവധി തിരഞ്ഞെടുക്കാം. ഇവ ഓണ്‍ലൈനായോ ബാങ്ക് ബ്രാഞ്ച് വഴിയോ ആരംഭിക്കാനും പ്രവര്‍ത്തിപ്പിക്കാനും കഴിയുന്നതിനാല്‍ അവ പരിപാലിക്കാന്‍ എളുപ്പമാണ്. മാത്രമല്ല, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിങ്ങളുടെ സ്ഥിര നിക്ഷേപം പുതുക്കാനും കഴിയും.
തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
എല്‍.ഐ.സിയുടെ ഈ പെന്‍ഷന്‍ പദ്ധതിയുടെ പലിശ നിരക്കിനെ അപേക്ഷിച്ച് ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാല്‍ ബാങ്കിലെ ഒരു സ്ഥിര നിക്ഷേപത്തില്‍ നിങ്ങള്‍ക്ക് ഉയര്‍ന്ന വരുമാനം ലഭിക്കും. ഉദാഹരണത്തിന് 60 വയസില്‍ 10 ലക്ഷം രൂപ (ബാധകമായ നികുതികള്‍ ഒഴികെ) ഒരു വ്യക്തി എല്‍.ഐ.സിയുടെ ഈ പെന്‍ഷന്‍ പദ്ധതിയില്‍ നിക്ഷേപിച്ച് വര്‍ഷം തോറും പെന്‍ഷന്‍ ലഭിക്കുന്ന രീതി തെരഞ്ഞെടുത്താല്‍, സിംഗിള്‍ ലൈഫ് വഴി 64,350 രൂപയും, ജോയിന്റ് ലൈഫ് വഴി 63,650 രൂപയും ലഭിക്കും. മറ്റൊരു വ്യക്തി ഇതേ പ്രായത്തില്‍ 10 ലക്ഷം രൂപ എസ്.ബി.ഐയില്‍ സ്ഥിരനിക്ഷേപമിട്ടാല്‍ ഇതേ കാലയളവില്‍ 77,135 രൂപ റിട്ടേണ്‍ ലഭിക്കും.
അതേസമയം എല്‍.ഐ.സിയുടെ സരള്‍ പെന്‍ഷന്‍ യോജന സ്ഥിര നിക്ഷേപവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ പെന്‍ഷന്‍ പദ്ധതിയിലുള്ള ഏറ്റവും വലിയ ഗുണം ഇതിന്റെ കാലാവധിയാണെന്ന് അലയന്‍സ് ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ഷിനിന്‍ സണ്ണി പറഞ്ഞു. സ്ഥിര നിക്ഷേപങ്ങള്‍ പത്ത് വര്‍ഷം എന്ന കാലവധിയിലോടുമ്പോള്‍ സരള്‍ പെന്‍ഷന്‍ യോജന പ്രകാരം നമുക്ക് പെന്‍ഷന്‍ ലഭിക്കുന്നത് ആജീവനാന്തമാണ്.
സമ്പാദ്യത്തില്‍ നിന്ന് ഉയര്‍ന്ന വരുമാനം മാത്രം ലക്ഷ്യം കാണുന്നവര്‍ക്ക് ഒരുപക്ഷേ ബാങ്കുകള്‍ വഴിയുള്ള സ്ഥിര നിക്ഷേപങ്ങളാകും മെച്ചപ്പെട്ടതെന്ന് തോന്നാം. അതേസമയം ലഭിക്കുന്ന തുക ബാങ്ക് നിക്ഷേപത്തില്‍ നിന്നുള്ള വരുമാനത്തേക്കാളും കുറവായാലും ഇത് പെന്‍ഷനായി ആജീവനാന്ത വരുമാനം ഉറപ്പാക്കുന്നു എന്നതാണ് മെച്ചപ്പെട്ട കാര്യമെന്ന് ചിലയാളുകള്‍ക്ക് തോന്നാം. ഇവയിലേതുതന്നെ മെച്ചപ്പെട്ടതെന്ന് തോന്നിയാലും നമ്മുടെ സമ്പാദ്യം നമുക്ക് അനുയോജ്യമായ രീതിയില്‍ നിക്ഷേപിക്കണം.
ആനുകൂല്യങ്ങള്‍, വരുമാനം, അപകടസാധ്യതകള്‍ എന്നിവയുടെ കാര്യത്തില്‍ എല്ലാ നിക്ഷേപ മാര്‍ഗങ്ങളും വ്യത്യാസപ്പെട്ടിരിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ സമ്പാദ്യം ഏത് രീതിയില്‍ നിക്ഷേപിച്ചാലും അതിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. അതുകൊണ്ട് തന്നെ വിവിധ നിക്ഷേപ മാര്‍ഗങ്ങളെ പറ്റി വിശദമായി നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. ഏതാണ് നിങ്ങള്‍ക്ക് അനുയോജ്യമായ നിക്ഷേപ മാര്‍ഗമെന്ന് തിരിച്ചറിഞ്ഞ് തീരുമാനമെടുക്കാന്‍ ഇത് നിങ്ങളെ സഹായിക്കും. അതുവഴി നിങ്ങളുടെ സമ്പാദ്യത്തിന് സുരക്ഷയേറും.