Real Estate

റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വമ്പന്‍ പദ്ധതികളുമായി ബംഗളൂരു കമ്പനി, നിക്ഷേപിക്കുന്നത് 7500 കോടി

16 ദശലക്ഷം ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന പ്രോപ്പര്‍ട്ടികളാണ് ഒരുക്കുന്നത്

Dhanam News Desk

അടുത്ത 4-5 വര്‍ഷത്തിനുള്ളില്‍ വിവിധ പദ്ധതികള്‍ക്കായി 7,500 ലധികം കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങി രാജ്യത്തെ പ്രമുഖ റിയല്‍റ്റി ഡെവലപ്പര്‍മാരായ പ്രസ്റ്റീജ് ഗ്രൂപ്പ് (Prestige Group). 16 ദശലക്ഷം ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന പ്രോപ്പര്‍ട്ടികള്‍ ഒരുക്കുന്നതിനാണ് ബംഗളൂരു (Bengaluru) ആസ്ഥാനമായുള്ള കമ്പനി വമ്പന്‍ നിക്ഷേപം നടത്തുന്നത്. ദക്ഷിണ മുംബൈയിലെ മറൈന്‍ ലൈന്‍സ്, മഹാലക്ഷ്മി പ്രദേശം, വോര്‍ളി, ബാന്ദ്ര, സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റ് ഓഫ് ബാന്ദ്ര-കുര്‍ള കോംപ്ലക്സ് (ബികെസി) തുടങ്ങിയ പ്രധാന സ്ഥലങ്ങളിലെ റെസിഡന്‍ഷ്യല്‍, ഓഫീസ്, ഹോസ്പിറ്റാലിറ്റി എന്നിവ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്.

'ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ജിഎസ്ടി ശേഖരണം സംസ്ഥാനം രേഖപ്പെടുത്തുകയും മൊത്തത്തിലുള്ള ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ജിഎസ്ടിയുടെ (GST) 15 ശതമാനം സംഭാവന ചെയ്യുകയും ചെയ്തതോടെ, മുംബൈ (Mumbai) ഇന്ത്യയിലെ പ്രമുഖ വാണിജ്യ കേന്ദ്രമായി മാറി. മുംബൈ വഴി പടിഞ്ഞാറന്‍ മേഖലയില്‍ ഞങ്ങളുടെ സാന്നിധ്യം സ്ഥാപിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു'' പ്രസ്റ്റീജ് ഗ്രൂപ്പിന്റെ സിഎംഡി ഇര്‍ഫാന്‍ റസാക്ക് (Irfan Razack) പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയിലുടനീളമുള്ള 12 സ്ഥലങ്ങളിലെ പ്രോജക്ടുകളിലൂടെ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 10,000 കോടി രൂപയുടെ പ്രീ-സെയില്‍സ് കളക്ഷനാണ് പ്രസ്റ്റീജ് റിപ്പോര്‍ട്ട് ചെയ്തത്. പ്രസ്റ്റീജ് ഗ്രൂപ്പ് 2021-22 അവസാനത്തോടെ 151 ദശലക്ഷം ചതുരശ്രയടി പ്രോപ്പര്‍ട്ടികള്‍ ഉള്‍പ്പെടുന്ന 268 പ്രോജക്ടുകളാണ് പൂര്‍ത്തിയാക്കിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT